2022, ജൂലൈ 11, തിങ്കളാഴ്‌ച

ആദിമ ക്രൈസ്തവ ചരിത്രംഡോ പൗലോസ് മാർ ഗ്രീഗോറിയോസ്

ആദിമ ക്രൈസ്തവ ചരിത്രം
ഡോ പൗലോസ് മാർ ഗ്രീഗോറിയോസ്
Early History of Christianity 
Dr. Paulos Mar Gregorios
പഠന-പ്രഭാഷണം: 6 മണിക്കൂർ ദൈർഘ്യമുള്ള 4  ഭാഗങ്ങൾ.
(ഫേസ്ബുക്കിലേക്ക് സംക്ഷിപ്ത രൂപം)

പശ്ചാത്തലം
++++++++++
യവന ചിന്തകർ, പ്ലേറ്റോ-അരിസ്റ്റോട്ടിൽ-സ്റ്റോയിക്സ്, മൂന്നും ആദിമ ക്രൈസ്തവതയെ സ്വാധീനിച്ചു. ജൂത യുദ്ധത്തിന് ശേഷം വ്യാപാരത്തിലൂടെ പണം ഉണ്ടാക്കിയ സമ്പന്ന റോമാക്കാർ, സംസ്കാരസമ്പന്നരായ നല്ല വിവരമുള്ള യവനരെ (ഗ്രീക്സ്) അടിമകളാക്കി ജോലിക്ക് വച്ചിരുന്നു. അവരിൽ നിന്ന് അറിവ് നേടി റോമൻ സംസ്കാരവും വളർന്നു. റോമാ സ്വന്തം നിലക്ക് വലിയ കണ്ടെത്തലുകൾ സാധ്യമാക്കി എന്ന അഭിപ്രായമില്ല.  

AD -30 മുതൽ 70 വരെ ജൂത മതത്തിലെ പുതിയ ഒരു വിഭാഗം മാത്രമായിരുന്നു ക്രിസ്തു അനുയായികൾ.  പരീശൻ, സദൂക്യൻ എന്നപോലെ മറ്റൊരു വിഭാഗമായി ക്രൈസ്തവർ ജൂത മതത്തിൽ തന്നെ നിലകൊണ്ടു. 

വളർച്ചയുടെ കാലം
+++++++++++++++
70 -135 AD  കാലത്തു  ജൂത മതത്തിൽ നിന്ന് വ്യത്യസ്തമായി ക്രിസ്തു മതം അതിൻറെ സ്വത്വം പ്രാപിച്ചു. 

ക്രിസ്തുവിന്റെ കുടുംബത്തിൽ നിന്നുതന്നെയുള്ളവർ,  AD  165 - വരെയും ജെസ്‌റുസലെം ഭരിച്ചു. ദാവീദിൻറെ സിംഹാസനത്തിൽ, ക്രിസ്തുവിൻറെ പിൻഗാമികളായി അതേ പാരമ്പര്യത്തിൽ നിന്നുള്ളവരായിരിക്കണം എന്ന ചിന്ത  ഇതിനടിസ്ഥാനമായി..

പത്രോസ്-പൗലോസ് വിശേഷ സ്ഥാനങ്ങൾ ഒന്നും തന്നെ ജറുസലേമിൽ വഹിച്ചിരുന്നില്ല.. ഒന്നാം ജൂത-റോമൻ യുദ്ധം AD  69 -73 , രണ്ടാം യുദ്ധം AD  132 -135:  ജോസീഫസ്  ആണ് വ്യക്തമായ ഒന്നാം യുദ്ധ ചരിത്രം എഴുതുന്ന, റോമൻ അംഗീകാരവും ബഹുമാനവും കിട്ടിയ, പ്രബലനായ ജൂത-ക്രിസ്ത്യൻ ചരിത്രകാരൻ. 

ക്രിസ്ത്യാനികളെ ആദ്യ കാലത്തു റോമാക്കാർ ഒപ്പം സഖ്യകക്ഷിയാക്കി നിർത്തിയിരുന്നു. എന്നാൽ, ഗ്രീക്കുകാർ വെറുത്തിരുന്നു. പിന്നീട്, നേരെ വിപരീതമായി,  സാഹചര്യങ്ങൾ മാറി. 

AD 37 -ൽ ആദ്യ ക്രൈസ്തവ രക്തസാക്ഷി. വി സ്തെപ്പാനോസ്‌. 

AD 49  ജെറുസലേം  സുന്നഹദോസ്. ഇതിൽ ഉണ്ടായ തീരുമാനപ്രകാരം, അഗ്രചർമ്മ ഛേദനം / സുന്നത്തു കൂടാതെ തന്നെ ക്രിസ്തുമതത്തിൽ വിജാതീയരെ ആദ്യമായി ചേർത്ത് തുടങ്ങി. 

പലസ്തീൻ  കഴിഞ്ഞു പിന്നെ ഇഗുപ്തമായ സഭ: ആഫ്രിക്ക-ഈജിപ്ത്.  പിന്നീട് ഗ്രീക്ക് പ്രദേശങ്ങളായ സിറിയ,  എഡേസ്സ, അന്തിയോക്യ, ആഫ്രിക്കൻ പ്രദേശങ്ങൾ, ഈജിപ്തിൽ അലെക്ക്‌സാൻഡ്രിയ, തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യമായി സഭ വളർന്നു. 

പിന്നീട് ഗ്രീസിൻറെ ഭാഗങ്ങളായ തുർക്കി,  ഏതെൻസ്, ഡാമസ്ക്കസ്സ്, തർസുസ്,  തുടങ്ങിയ ഏഷ്യ-ആഫ്രിക്ക പ്രദേശങ്ങളിൽ അത് പടർന്നു.

വി പൗലോസ്
+++++++++++
AD  49 -62 വരെയുള്ള കാലം അതി പ്രധാനം. വി പൗലോസിൻറെ ലേഖനങ്ങൾ സഭക്ക് കനത്ത മുതൽക്കൂട്ടായി. അന്ന് സുവിശേഷം എഴുതപ്പെട്ടിരുന്നില്ല  / പ്രചാരത്തിൽ ഇല്ല. ബൈബിൾ എന്നൊന്ന് ചിന്തയിൽ തന്നെ ഇല്ല.

രണ്ടു വർഷത്തെ കപ്പൽ യാത്രക്ക് ശേഷം AD  60 -ൽ വി പൗലോസ് റോമിൽ എത്തി. പത്രോസ് അന്ന് എത്തിയിട്ടില്ല. 63 AD -  യിൽ ആകണം, പത്രോസ് റോമിലേക്ക് വന്നു. 

അന്ന് അവിടെ സഭ നല്ല തോതിൽ വളരുന്നുണ്ട്.  "സീസേർസ് ഹൌസ്ഹോൾഡ്" എന്ന് പറയുന്ന റോമൻ സിവിൽ സെർവന്റ്സ് പോലും അക്കാലത്തു സഭയിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

പൗലോസ് എത്തിയ ശേഷം വലിയ വളർച്ച ഉണ്ടായി; എന്നാൽ സഭാസ്ഥാപിച്ചതു പൗലോസും പത്രോസും അല്ല.  

റോമും, അന്ത്യോക്യയും അവകാശപ്പെടുന്നതുപോലെ ഭരണാധികാരമുള്ള സിംഹാസനം ഇല്ല. ഇതേ കാലഘട്ടത്തിൽ വളർന്ന അന്ത്രയോസിന്റെ അലെക്‌സാൻഡ്രിയൻ സഭ അങ്ങനെ അവകാശപ്പെടുന്നുമില്ല.  കോൺസ്റ്റാന്റിനോപ്പിളിൽ അന്ത്രയോസിന്റെ കബർ ഉണ്ട് എന്ന് പറയുണ്ട്; ഇതും വെറുതെയാണ്.

റോമാ-അലെക്‌സാൻഡ്രിയ-അന്ത്യോഖ്യ
+++++++++++++++++++++++++++++++
മൂന്നിലും  പത്രോസ്-പൗലോസ് അപ്പോസ്തോലിക സാന്നിധ്യമില്ല എന്നതാണ് വാസ്തവം. റോമൻ സർക്കാർ ജീവനക്കാർ ഉൾപ്പടെ, ആദിമ ക്രൈസ്തവ വിശ്വാസികൾ പടുത്തുയർത്തിയ സഭകളാണ്  മൂന്നും. ഇവിടെ എങ്ങും അപോസ്തോല കബറുകളും ഇല്ല. 

AD  135-210 ഡീസിയൻ പീഡന കാലം. ഒരു പാട് ക്രിസ്ത്യാനികളെ റോമാ സർക്കാർ കൊന്നുതള്ളി.

AD  210-325 നിഖ്യ ആദ്യ സാർവര്ത്രിക സുന്നഹദോസ് വരെ തുടർന്നുള്ള സുപ്രധാന കാലഘട്ടം. 

യാക്കോബിനെ വെട്ടിക്കൊന്നതിനുശേഷം സഭ വികസിച്ചു എന്ന് പറയാം. അടിച്ചമർത്തലുകൾ,  പക്ഷെ കൂടുതൽ വളർച്ചക്കാണ് വഴി വച്ചത്. റോമാ നഗരം കത്തിയപ്പോൾ നീറോ അത് ക്രൈസ്തവരിൽ  ആരോപിച്ചു,   

ചില അപോസ്തോലന്മാരെ  എങ്കിലും പിടികൂടി അഗ്നിയിൽ എറിഞ്ഞു.  ചിലരുടെ അസ്ഥികൾ ഒക്കെ വീണ്ടെടുത്തു എന്ന് അവകാശപ്പെടുന്നുണ്ട്. 

കബർ സംബന്ധിക്കുന്ന അവകാശവാദങ്ങൾക്കു തെളിവുകളില്ല. കോപ്റ്റിക്-ഗ്രീക്ക് സഭകൾ അപ്രകാരം അവകാശപ്പെടുന്നില്ല. 

വത്തിക്കാൻ
++++++++++
ഒരു മെട്രോപോളിസ് ആയിരുന്നു.  ‘മെട്രോസ്’  എന്നാൽ മരിച്ചവർ. മെട്രോപോലിസ് - മരിച്ചവരുടെ  നഗരം. പത്രോസ്-പൗലോസിൻറെ അസ്ഥികൾ കൊണ്ടുവന്നു സ്ഥാപിച്ചു എന്ന്കരുതപ്പെടുന്നു. എന്നാൽ പിന്നീട് പര്യവേഷണത്തിൽ പ്രതീക്ഷിച്ച പ്രകാരം, കല്ലറയിൽ നിന്ന് ഒന്നും കിട്ടിയില്ല  എന്നതാണ് യാഥാർഥ്യം . 

തുടക്കത്തിൽ ഏഷ്യൻ-ആഫ്രിക്കൻ ആയിരുന്നു സഭ. 30 -ൽ താഴെ സ്ഥലങ്ങളിൽ മാത്രം, ഒരു ലക്ഷം കവിയാത്ത സമൂഹം. ഇറ്റലി അടക്കം പാശ്ചാത്യലോകത്തേക്ക്‌ ക്രൈസ്തവ മതം എത്തുന്നത് പിൽക്കാലത്തു മാത്രം.

സഭയുടെ ശക്തി
+++++++++++++
ക്രിസ്തുവിൻറെ പുനരുദ്ധാന ശക്തിയാണ് സഭയുടെ ശക്തി. വൻ ഭീഷണിയിലും അവർ മതം പ്രഘോഷിച്ചു.  'ഉയിർത്ത ക്രിസ്തുവിനെ ഞങ്ങൾ കണ്ടു' എന്നവർ അതിശക്തിയായി സാക്ഷിച്ചു. ലവലേശം ഭീതി കൂടാതെയുള്ള ഈ പ്രഘോഷണം എതിരാളികളെപ്പോലും വളരെ അധികം സ്വാധീനിക്കുന്നതിനു ഇടയായി. 

എബ്രായ-ലാറ്റിൻ-ഗ്രീക്ക്: ക്രിസ്തുവിൻറെ ക്രൂശിനു മുകളിൽ ഈ .മൂന്ന് ഭാഷകളിൽ   ലിഖിതം വച്ചു . മൂന്നും റോമൻ സർക്കാർ സ്വീകരിച്ച  ഭാഷകൾ; മൂന്നു വ്യത്യസ്ത സംസ്കാരങ്ങളെ ഇവ പ്രതിനിധീകരിക്കുന്നു. 

“ഈ ലോകത്തിൽ യാതൊന്നുമില്ല,  ജീവൻ അത്യന്തം അപകടത്തിൽ” എന്നതായിരുന്നു ഓരോ ആദിമ ക്രൈസ്തവൻറെയും ഭൗതിക, സാമൂഹ്യ  അവസ്ഥ. മുദ്രാവാക്യം പോലെ അതവർ ഏറ്റു പറഞ്ഞിരുന്നു. ഏഷ്യയിലും വ്യാപക കൂട്ടക്കൊല നടന്നു.

വെളിപാട്
++++++++
AD  81-96 ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്തു കൂടുതലായും ക്രൈസ്തവ നേതാക്കളെ ഉപദ്രവിച്ചു. സാധാരണ വിശ്വാസികളെ കഴിവതും ഒഴിവാക്കി. 

കോഡ് ഭാഷയിലും, ആംഗ്യഭാഷകളിലും  ക്രിസ്ത്യാനികൾ പരസ്പ്പരം രഹസ്യമായി ആശയ വിനിമയം നടത്തി. ഇത്തരത്തിൽ ഒന്നാണ് യോഹന്നാൻറെ വെളിപാട് പുസ്തകം. അത് അന്ന്ക്രൈസ്തവർക്ക് മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു..‘ബാബിലോൺ’ എന്നാൽ റോമാ സാമ്രാജ്യം. ‘വ്യാളി’ റോമൻ രാജാവ്. ഇപ്രകാരം പ്രതീകം ഉപയോഗിച്ച് യോഹന്നാൻ ലേഖനം എഴുതിയതു 95  AD - യിൽ. 

ഓട്ടോസെഫലസ്
+++++++++++++
പാർഥ്യ-ഇന്ത്യ-അർമേനിയ- ജോർജിയ നാല് ഏഷ്യൻ രാജ്യങ്ങളിൽ അപ്പോസ്തോലിക സഭ ഉണ്ടായി. ആഫ്രിക്കയിൽ നൂബിയ എന്ന ആദിമ സഭയും ഉണ്ടായി. എത്തിയോപ്യയിൽ പിന്നീടുമാത്രമാണ് സഭ സ്ഥാപിതമാകുന്നത്. അപോസ്തോലന്മാർ സ്ഥാപിച്ച സഭകൽ എല്ലാം  അതിൽ തന്നെ പൂർണ തോതിൽ സജ്ജമായിരുന്നു. "ഓട്ടോസെഫലസ്" സ്വയം ഭരണ സ്വതന്ത്ര സ്വഭാവം നിലനിർത്തി. 

ഓരോ ഇടങ്ങളിലും ഏഴ് മേൽപ്പട്ടക്കാരെ വീതം വാഴിച്ചു. ഇത്, കുറഞ്ഞത്  അഞ്ച് മേൽപ്പട്ട സ്ഥാനീയർ പ്രധാന തീരുമാനങ്ങൾക്കും, വിശ്വാസ-ആരാധനാ സ്ഥാപനത്തിനും, കൈ വയ്പ്പ് / പട്ടത്വ കൂദാശകൾക്കും മറ്റും ഉണ്ടായിരിക്കണം എന്ന അപ്പോസ്തോലിക നിയമം ഉള്ളതിനാലത്രേ. അഞ്ചുപേർക്ക്‌ പുറമെ,  രണ്ടു പേരെ കരുതൽ സഹായികളായി വച്ചു. 

ഓരോ പ്രാദേശിക സഭകളും പൂർണ്ണമായും സ്വയം ഭരണ അധികാരം ഉള്ളവയും,  തുടർ സഹായം ആവശ്യമില്ലാത്ത നിലയിൽ  പൂർണവുമായിരുന്നു.

ക്രിസ്തുവിൻറെ കൈപ്പടയിൽ കത്ത്
++++++++++++++++++++++++++++
പാർഥിയായിൽ തോമ ശ്ലീഹ സഭ സ്ഥാപിച്ചു. കിഴക്കൻ സഭകൾ എല്ലാം തന്നെ കാതോലിക്കമാർ നയിച്ചു. പാർഥ്യ സഭയുടെ  ഭാഗം/ശാഖ എന്നോണം മലങ്കരയിൽ തോമ ശ്ലീഹായുടെ സഭ വന്നു. 

യേശുക്രിസ്തു ക്രൂശുമരണത്തിനു മുൻപ് തന്നെ സ്വന്തം കൈയ്യാൽ എഴുതിയ മറുപടി-കത്തുമായി ഉയിർപ്പിനു  ശേഷം എഡേസയിലെ പാർഥിയൻ രാജാവ് അബ്ഗാർ അഞ്ചാമൻ-നെ കണ്ട 70  അറിയിപ്പുകാരിൽ പെട്ട തദ്ദേവൂസ്,  പിന്നാലെ തോമ ശ്ലീഹ, അവിടെ സഭ സ്ഥാപിക്കുകയായിരുന്നു.  

തലസ്ഥാന നഗരിയായ പാർഥിയാൻ ദേവാലയത്തിനു മുകളിൽ നൂറ്റാണ്ടുകളോളം ക്രിസ്‌തുവിൻറെ കൈപ്പടയിലുള്ള ഈ ഏക കത്ത് പ്രദർശനത്തിന് വച്ചിരുന്നു. 

(AD 1000  അടുത്ത് ഈ കത്തും, ക്രിസ്തുവിൻറെ മുഖം പതിഞ്ഞ കൈലേസും കോൺസ്റ്റാന്റിനോപ്പിളിലെ പള്ളിയിലേക്ക് മാറ്റി.

അബ്ഗാർ  രാജാവ്, മുൻപ് ക്രിസ്തുവിനു ഒരു ക്ഷണക്കത്ത് അയച്ചിരുന്നു. 

“മരുന്നും ചികിത്സയും കൂടാത്ത രോഗികൾക്ക് സൗഖ്യം കൊടുക്കുന്നതായി ഞാൻ അറിയുന്നു. കുരുടൻ കാണുന്നു,   കുഷ്ട രോഗികൾ ശുദ്ധി പ്രാപിക്കുന്നു, മരിച്ചവർ ഉയിർക്കുന്നു…......ഒന്ന് ഞാൻ അനുമാനിക്കുന്നു, താങ്കൾ ഒന്നുകിൽ ദൈവമാണ്, അല്ലെങ്കിൽ  ദൈവ പുത്രനാണ്.

യഹൂദർ അങ്ങയെ അപായപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നും ഞാൻ മനസിലാക്കുന്നു.  കുലീനമായ എൻറെ കൊച്ചു രാജ്യത്തേക്ക് സ്വാഗതം, എൻറെ നിരവധി രോഗങ്ങൾ സൗഖ്യമാക്കൂ . ഇവിടെ നമുക്ക് ഇരുവർക്കും പാർക്കാൻ മാത്രം ഇടമുണ്ട്” 

ഹൃദയ സ്പർശിയായ ഈ കത്തിന് സ്വന്തം കൈപ്പടയിൽ ക്രിസ്തു മറുപടി എഴുതിയത്,  ‘എന്നേ കാണാതെതന്നെയുള്ള താങ്കളുടെ വിശ്വാസം അനുഗ്രഹിക്കപ്പെട്ടത്. അതപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.... എൻറെ വിയോഗത്തിന് ശേഷം, എൻറെ ശിഷ്യൻ അവിടെ അങ്ങയെ കാണും' എന്നത്രെ.

ചരിത്രത്തിലെ ആദ്യ ക്രൈസ്തവ രാജാവായി അബ്‌ഗെർ അഞ്ചാമൻ അറിയപ്പെടുന്നു. മുഖ്യഭാര്യ ഹെലേന,  ആദ്യ ക്രൈസ്തവ രാജ്ഞിയും.)

മൺസൂൺ റൂട്ട്
++++++++++++
7  BC  “ സ്ട്രാബോ ജോഗ്രഫിക്കാ” എന്ന ഗ്രന്ഥത്തിൽ,  വർഷത്തിൽ 120 കപ്പലുകൾ ഇന്ത്യയിലേക്ക് വന്നിരുന്നതായി ഗ്രീക്കുകാരൻ  സ്ട്രാബോ പറയുന്നു. കൊടുങ്ങല്ലൂർ-മുസിരിസ് ആയിരുന്നു പ്രധാന ഭാരതീയ തുറമുഖം. റോമാക്കാർ കണ്ടെത്തിയ "മൺസൂൺ റൂട്ട്" എന്ന പ്രത്യേക സമയത്തു കാലവർഷ കാറ്റിൽ ഈ റൂട്ടിൽ സഞ്ചാരം സുസാധ്യമായിരുന്നു. അതി പുരാതന റോമൻ നാണയങ്ങൾ കേരളത്തിൽ പല ഇടത്തും കണ്ടെത്തിയിട്ടുണ്ട്.

മത പ്രചാരത്തിന്, ഇവിടെ നിന്ന്  ഹൈന്ദവ മതക്കാർ,  ബുദ്ധ മതക്കാർ ഒക്കെ അങ്ങോട്ടും പോയിരുന്നു. 

സ്ഥിരമായ യാത്രാ സൗകര്യവും , ചരക്കു ഗതാഗതവും ഉണ്ടായിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ  തന്നെ, പേർഷ്യയിലെ ക്നായി തോമയും, സ്ത്രീകളും കുട്ടികളും അടക്കം സംഘവും, മലങ്കരയിൽ വരുന്നത് ഇതേ സാധ്യത ഉണ്ടായിരുന്നതിനാലാണ്.

പാക്സ്-റോമാന
++++++++++++++
ഇതേ കാലത്ത് റോമാ സാമ്രാജ്യത്തിൽ, പത്രോസ്-പൗലോസ് രക്തസാക്ഷിത്വo നടന്ന ഇടം എന്ന നിലയിൽ റോമാ ശ്രദ്ധാകേന്ദ്രമായി. ധാരാളം വിശ്വാസികളെ ആകർഷിച്ചു.

പാക്സ്-റോമാന: 200  വർഷങ്ങൾ നീണ്ട   അതി ദുരിത യുദ്ധക്കെടുതികളിൽ നിന്ന് റോമാ സാമ്രാജ്യം സമാധാനത്തിൽ വന്നു. മാർക്ക് ആന്റണിയെ തോൽപ്പിച്ച ഒക്ടാവിയൻ കാലത്തു വന്ന സമാധാനം, അപോസ്തോലന്മാർക്കു സുവിശേഷ യാത്രകൾക്ക് വളരെ ഗുണകരമായി ഭവിച്ചു.

ഒറ്റനോട്ടത്തിൽ
+++++++++++++++

1. പലസ്തീനിയ ക്രൈസ്തവത. നൂറു ശതമാനവും യഹൂദ മത പശ്ചാത്തലം. കറ തീർന്ന ജൂത പാരമ്പര്യം. വരുവാനിരിക്കുന്ന യഹൂദ മിശിഹാ  ആണ് ക്രിസ്തു എന്ന് വിശ്വസിച്ചു.

2. കിഴക്കൻ-പടിഞ്ഞാറൻ ഗ്രീക്ക് ക്രൈസ്തവത. തലസ്ഥാനം, ആറ്റിക 

3. അലെക്‌സാൻഡ്രിയൻ ക്രൈസ്തവത. ഈജിപ്ത്-ഗ്രീക്ക് സങ്കര സംസ്കാരം. കൂടുതലും യഹൂദർ. ലോക സാംസ്‌കാരിക തലസ്ഥാനം. ഈജിപ്ത് സാംസ്‌കാരിക അടിസ്ഥാനം. ഏറെ സമ്പന്നം. 

4. സിറിയൻ ക്രൈസ്തവത. ആദ്യ കാലങ്ങളായിൽ ഏറെ സമ്പന്നം. ഏറെ രക്തസാക്ഷികൾ. എഡേസ്സ-ഉറഹാ തലസ്ഥാനം. ഏറെയും ഗ്രീക്കുകാർ. 95 % വരെ  ക്രൈസ്തവരുടെ കേന്ദ്രം ആയി വളർന്നു. യൂഫ്രറ്റസ്-ടൈഗ്രിസ് നദി വരെ നീണ്ടു. എന്നാൽ പിൽക്കാലത്തു നാശോന്മുഖമായി. 

5. ലാറ്റിൻ ക്രൈസ്തവത. ജനീവ-ലിയോണായിൽ തലസ്ഥാനം. കിഴക്കിൻറെ പിതാവ് ഐറേനിയസ് റോമിൽ-ലിയോണിൽ പോയി   നേതൃത്വം കൊടുത്തു. പാശ്ചാത്യ സഭ എങ്കിലും തികച്ചും കിഴക്കൻ പാരമ്പര്യം. സാമ്പ്രാജ്യത്തിനു പുറത്തു, AD  135 -250 -ൽ വളർന്നു.
PMG

(പിൽക്കാലത്ത് ഉണ്ടായ പാശ്ചാത്യ ക്രൈസ്തവതയുടെ വളർച്ചയും അഞ്ചു വ്യത്യസ്ത ഘട്ടങ്ങളായി തിരിക്കാം.  സ്ഥല പരിമിതി മൂലം ഒഴിവാക്കുന്നു).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ