2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

കേരളത്തെ എമര്‍ജ് ചെയ്യേണ്ടത് നിശാക്ലബ്ബിലൂടെയല്ല: മാര്‍ ക്രിസോസ്റ്റം



കൊല്ലം: കേരളത്തെ "എമര്‍ജ്" ചെയ്യേണ്ടത് നിശാക്ലബ്ബുകളിലൂടെയല്ലെന്ന് മലങ്കര മാര്‍ത്തോമ്മ സഭ വലിയ മെത്രാപോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന "എമര്‍ജിങ് കേരള" ആഗോള നിക്ഷേപക സംഗമത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി മാര്‍ ക്രിസോസ്റ്റം രംഗത്ത് . കുടിക്കാന്‍ സൗകര്യം നല്‍കിയില്ലെങ്കില്‍ സായിപ്പ് നമ്മുടെ നാട്ടിലേക്കു വരില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഗാന്ധിജി സായിപ്പിനെ നാടുകടത്താനാണ് ശ്രമിച്ചത്. നമ്മള്‍ ജോലിചെയ്തുണ്ടാക്കുന്ന പണം വിദേശികള്‍ കൊണ്ടുപോകരുതെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. അദ്ദേഹം വിദേശാധിപത്യത്തിനെതിരെ പ്രതികരിച്ചു. വലിയൊരു ആദര്‍ശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഇപ്പോള്‍ ഗാന്ധിശിഷ്യര്‍ ഗാന്ധിജിയുടെ യഥാര്‍ഥ ആദര്‍ശത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. നിശാക്ലബ് സമൂഹത്തില്‍ അധര്‍മം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണ്. എങ്ങനെയും പണമുണ്ടാക്കി ഇത്തരം ക്ലബ്ബിലേക്ക് ആള്‍ക്കാര്‍വരും. കാലക്രമേണ നമ്മുടെ യുവതലമുറ ഈ അധമ സംസ്കാരത്തിന്റെ അടിമകളാകും. വികസനം കൊണ്ടുവരേണ്ടത് ഈ വിധത്തിലല്ല. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് വേണ്ടത്. പ്രകൃതിയെ നശിപ്പിക്കുന്ന ഏതു പ്രവര്‍ത്തനവും അപരാധമാണ്. മനുഷ്യത്വത്തെ നശിപ്പിക്കുന്ന വികസനം സമൂഹത്തിനു ഭൂഷണമല്ല. പാട്ടത്തിനു ഭൂമി നല്‍കുമ്പോള്‍ ഏറ്റെടുക്കുന്നവര്‍ അവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അന്വേഷിക്കണം. നൂറു വര്‍ഷത്തിനുശേഷം നാമാവശേഷമായ ഭൂമിയാണ് തിരികെ തരുന്നതെങ്കില്‍ എന്തുഗുണം. കര്‍ഷകരുടെയും പ്രദേശവാസികളുടെയും അഭിപ്രായംകൂടി കേട്ടിട്ടേ ഭൂമി വികസന ആവശ്യത്തിന് വിട്ടുകൊടുക്കാവൂ. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അവര്‍ ചെയ്യുന്നതിന്റെ ദോഷം നന്നായി അറിയാം. ആ സ്ഥാനത്ത് ഇരിക്കാന്‍ ഇങ്ങനെയൊക്കെ ചിലത് ചെയ്യണം. മുഖ്യമന്ത്രിയുടെ പോക്കറ്റിലിരിക്കുന്നത് കുഴപ്പക്കാരാണ്. കേരളീയ സംസ്കാരത്തെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരുടേത് നല്ല ഭരണമല്ല. ആശയ രൂപീകരണത്തിന് മാധ്യമങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്നു മാധ്യമങ്ങള്‍ തെറ്റായ ആശയങ്ങളാണു നല്‍കുന്നത്. കൊലപാതകത്തെക്കുറിച്ച് പേജുകള്‍ എഴുതിത്തള്ളുന്ന പത്രങ്ങള്‍ സാധുഭവനത്തിലാക്കപ്പെട്ട വൃദ്ധയെ തിരിഞ്ഞുനോക്കില്ല- മാര്‍ ക്രിസോസ്റ്റം 

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

മതനിന്ദ കേസ്:പാകിസ്ഥാനില്‍ ഇമാം അറസ്റ്റില്‍




ഇസ്ലാമാബാദ്: മതനിന്ദ നടത്തിയെന്ന ആക്ഷേപത്തെതുടര്‍ന്ന് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഇമാം അറസ്റ്റില്‍. കടലാസുകള്‍ കത്തിച്ചതിനൊപ്പം ഖുര്‍ ആന്‍ ഭാഗങ്ങളുമുണ്ടായിരുന്നെന്ന് ആരോപിച്ച് അയല്‍വാസികളാണ് ആഗസ്ത് 16ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇസ്ലാമാബാദ് നഗരപ്രാന്തത്തില്‍നിന്ന് പിടികൂടി പൊലീസിന് കൈമാറിയത്. എന്നാല്‍, ഇതില്‍ കണ്ട ഖുര്‍ ആന്‍ ഭാഗങ്ങള്‍ ഇമാം വച്ചതായി സാക്ഷി മൊഴി നല്‍കിയതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇസ്ലാമാബാദിലെ മെഹ്രിയ ജാഫര്‍ മേഖലയിലെ ഇമാം ഖാലിദ് ചിസ്തിയാണ് പിടിയിലായത്. മേഖലയിലെ ക്രിസ്ത്യാനികളെയാകെ ഓടിക്കാനാണ് താന്‍ ഇത് ചെയ്യുന്നതെന്ന് ഇയാള്‍ പറഞ്ഞതായും സാക്ഷി വെളിപ്പെടുത്തി. ഇതേസമയം, കുട്ടിയെ വിട്ടയക്കണമെന്നും മറ്റു മതക്കാര്‍ക്കുനേരെയുണ്ടാകുന്ന പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആറ് അമേരിക്കന്‍ സെനറ്റര്‍മാര്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് കത്തയച്ചു.

ബുഷിനെയും ബ്ലെയറിനെയും വിചാരണ ചെയ്യണം: ആര്‍ച്ച് ബിഷപ് ടുടു




ലണ്ടന്‍: ഇറാഖില്‍ വിനാശകാരിയായ ആയുധങ്ങളുണ്ടെന്ന് നുണ പ്രചരിപ്പിച്ച് യുദ്ധം നടത്തിയതിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും വിചാരണ ചെയ്യണമെന്ന് നൊബേല്‍ സമാധാന ജേതാവ്ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടു ആവശ്യപ്പെട്ടു. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ വിചാരണയ്ക്ക് ഇവരെയും വിധേയമാക്കണം-"ദ ഒബ്സര്‍വര്‍" പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ലോകത്തെ അരക്ഷിതമാക്കിയ ഇറാഖ് യുദ്ധത്തിനെതിരെ ആര്‍ച്ച് ബിഷപ് ആഞ്ഞടിച്ചത്. ഇറാഖിലെ പാശ്ചാത്യ അധിനിവേശം ലോകത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും വിഭജനത്തിലേക്കുമാണ് തള്ളിവിട്ടത്. ബുഷും ബ്ലെയറും ഇതിന് ഉത്തരം പറയേണ്ടവരാണ്. സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ നടത്തിയ ഈ ഗൂഢപദ്ധതികളാണ് ലോകത്ത് ഇന്നുണ്ടായിരിക്കുന്ന ഒട്ടു മിക്ക സംഘര്‍ഷങ്ങള്‍ക്കും പിന്നിലും. സിറിയന്‍ ആഭ്യന്തരപ്രശ്നങ്ങളും മധ്യേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും കാരണം അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടികളാണ്. ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന സമരത്തിന്റെ നായകനായ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടുവിന് 1984ലാണ് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചത്. ആഫ്രിക്കന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായും നിരന്തരം പോരാടുന്ന ആര്‍ച്ച് ബിഷപ് പാശ്ചാത്യരുടെ ഇരട്ടത്താപ്പിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തങ്ങളുടെ താല്‍പ്പര്യത്തിനുസരിച്ച് തയ്യാറാക്കിയ തെളിവുകളാണ് ഇറാഖ് ജനതയെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഉപയോഗിച്ചത്. അന്താരാഷ്ട്ര കോടതിയുടെ വിചാരണകളിലും പാശ്ചാത്യ-ആഫ്രിക്കന്‍ വിവേചനം നിലനില്‍ക്കുന്നു. ഇതിലും ചെറിയ കുറ്റങ്ങള്‍ക്ക് ആഫ്രിക്കന്‍ നേതാക്കളെ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര കോടതിക്ക് ഇറാഖില്‍ യുദ്ധത്തിനുമുമ്പും ശേഷവും കൊല്ലപ്പെട്ടവരുടെ കണക്കുനോക്കിയാല്‍ ബുഷിനെയും ബ്ലെയറിനെയും വിചാരണയ്ക്ക് വിധേയരാക്കാം- അദ്ദേഹം വ്യക്തമാക്കി.