അഭയാർഥിത്വം ആരും തെരഞ്ഞെടുക്കുന്നതല്ല. പക്ഷേ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം
അന്റോണിയോ ഗുട്ടെറസ് യുഎൻ സെക്രട്ടറി ജനറൽ,
യുദ്ധം, രാഷ്ട്രീയ അസമത്വങ്ങൾ, മതപീഡനങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വന്തം വീടോ ജന്മദേശ മോ നിർബന്ധപൂർവ്വം ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരാണ് അഭയാർഥികൾ. സ്വദേശത്തേക്ക് സൂരക്ഷിതമായ തിരിച്ചു വരവിന് സാഹചര്യം ഒരുക്കുന്ന രാഷ്ട്ര സംഘടനയുടെയോ, ഏജൻസികളുടെയോ സഹായത്താൽ ശരാശരി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ജീവിതം നയിക്കേണ്ടി വരുന്നു. ഓടിപ്പോകേണ്ടി വരുന്നവരെ കൂടാതെ സ്വന്തം രാജ്യത്ത് അടിമകകളായി കഴിയേണ്ടി വരുന്നവരും അനവധിയാണ്.
ഭൂമിയിലെ ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ് വീട്, ഭക്ഷണം. തൊഴിലിടങ്ങൾ, വിദ്യാഭ്യാസം എന്നീ അടിസ്ഥാന സൗകര്യങ്ങൾ. എന്നാൽ ശാസ്ത്രവും സാങ്കേതികതയും ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഇക്കാലത്തും പല ദേശങ്ങളിൽ, പല ഇടങ്ങളിൽ തകർന്നടിഞ്ഞ വീടുകൾക്കും രക്തമുറഞ്ഞ മണ്ണിനും മദ്ധ്യേ കുട്ടികൾ മൂന്നോ നാലോ ദിവസത്തിൽ ഒരിക്കൽ എത്തുന്ന ഭക്ഷണപ്പൊതികളെ കാത്തു നിൽക്കുന്നു. മനുഷ്യത്വരഹിതമായ രാഷ്ട്രീയ താൽപര്യങ്ങളും, യുദ്ധവെറിയും അഭയാർത്ഥി ദിനം എന്ന ദുരിത പൂർണമായ ഓർമപ്പെടുത്തലിനെ, ആധുനികരെന്ന് വീമ്പിളക്കുന്ന ലോകജനതയ്ക്ക് മുന്നിൽ പ്രാകൃത ചിന്തയുടെ ചിഹ്നമെന്നതു പോലെ പ്രതിഫലിപ്പിക്കുന്നു. വരാനിരിക്കുന്നത് യന്ത്രങ്ങളുടെ ലോകമെന്ന് വാഴ്ത്തിപ്പാടുന്ന വികസിത രാജ്യങ്ങളുടെയും സാമ്രാജ്യത്വ ശക്തികളുടെയും മുന്നിലേക്ക് അഭയാർഥികൾ എന്ന ലേബലുമായി 10 ലക്ഷത്തിനു മുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മനുഷ്യരുണ്ട്. രജിസ്റ്റർ ചെയ്യപ്പെടാത്തവർ അതിനും ഇരട്ടിയോളം വരും. ഐക്യരാഷ്ട്ര സംഘടനയിൽ രജിസ്റ്റർ ചെയ്യപ്പെട്ടവരിൽ പകുതിയിൽ താഴെ പേർക്കു മാത്രമേ ഗ്രാന്റ്
നൽകപ്പെട്ടിട്ടുമുള്ളൂ. എറിത്രിയ, സുഡാൻ, കോംഗോ, അഫ്ഗാനിസ്ഥാൻ, സിറിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 12 കോടിക്കു മുകളിൽ മനുഷ്യർ സ്വന്തം വീടും മണ്ണും വിട്ട് അഭയാർഥികളായി മാറിയിട്ടുണ്ട്. ജലക്ഷാമവും അക്രമാസക്തമായ രാഷ്‌ടീയ സാമൂഹ്യവ്യവസ്ഥയും ഈ പലായനത്തിന് കാരണമാകുന്നു.
ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിൽ അഭയാർഥികളായി കണക്കാക്കപ്പെടാതിരിക്കുകയും ജന്മദേശത്തു തന്നെ ഛിന്നഭിന്നമാക്കപ്പെട്ട ജനതയായി ദുരിതമനുഭവിക്കുകയും ദാരുണമായി കൊല്ലപ്പെടുകയും ചെയ്യുന്ന പലസ്തീൻ പൗരർ (internally displaced persons (IDPS) വിവിധ രാഷ്ട്രങ്ങളുടെ രാഷ്ടീയ കുടിലതയുടെ ഉത്തമ ഉദാഹരണമാണ്. 1951ലെ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി കൺവൻഷൻ സ്ഥാപിക്കുന്നതിന് മുമ്പാണ് അറബ് - ഇസ്രയേൽ യുദ്ധം (1948) ഉണ്ടായത് എന്നതിനാൽ പലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്നത് യുഎന്നിന്റെ ഔദ്യോഗിക എജൻസിയല്ല, മറിച്ച് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ റെഫ്യൂജീസ് (UNRWA) എന്ന ഏജൻസിയാണ്. എന്നാൽ പലസ്തീൻ ജനതയെ പുനരധിവസിപ്പിക്കാൻ അവർക്ക് കഴിയുകയുമില്ല. ഏകദേശം 6 ലക്ഷം പലസ്തീൻ അഭയാർത്ഥികളാണ് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലുമായി വീടും ഉപജീവനവും നഷ്ടപ്പെട്ട് ചിതറിക്കിടക്കുന്നത്. UNRWA ഏജൻസിയുടെ അധികാര പരിധിക്കു പൂറത്ത് വന്നാൽ മാത്രമേ പലസ്തീൻ അഭയാർഥികളെ ഐക്യരാഷ്ട്ര സംഘടന അംഗീകരിക്കുകയുള്ള എന്നിരിക്കെ മത രാഷ്‌ടീയ ഹീനതയുടെ ബലിയാടുകൾ ആകുന്നത് അവിടെയുള്ള സാധാരണ ജനതയാണ്.
ലോകത്തിൽ ഏറ്റവും കൂടുതലുള്ള അഭയാർഥികളായി കണക്കാക്കപ്പെടുന്ന രോഹിൻഗ്യകളിൽ അറുപത് ശതമാനത്തിനു മുകളിൽ കുട്ടികളാണുള്ളത്. വംശീയ കൂട്ടക്കുരുതിയുടെ ഇരകൾ നാടില്ലാത്തവരായി മാറുമ്പോൾ അവരെ സ്വീകരിക്കാൻ മറ്റൊരു രാജ്യം തയ്യാറാകേണ്ടതുണ്ട് എന്നത് എളുപ്പത്തിൽ സാധ്യമാകുന്ന കാര്യവുമല്ല. കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, സംഘർഷം എന്നിവയിൽ നിന്നുള്ള അസ്ഥിരത കൂട്ട കുടിയിറക്കത്തിലേക്ക് നയിക്കുന്നതിനാൽ നിർബന്ധിത കുടിയേറ്റം വളർന്നു വരുന്ന ഒരു പ്രതിസന്ധിയാണ്. നിർബന്ധിത കുടിയേറ്റം പുനരധിവാസം ആകുന്നില്ലെന്ന് മാത്രമല്ല അത്രയും മനുഷ്യർ അഭയാർഥികളായി മാറുകയും ചെയ്യുന്നു. ശുദ്ധജലം, ഭക്ഷണം, പാർപ്പിടം, വ്യക്തിഗത സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കാതെ അതിജീവനം ദുഷ്‌കരമാകുമ്പോൾ അക്രമവും അസുഖങ്ങളും മനുഷ്യക്കടത്തും വർധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ വർഷങ്ങളിലെ ഉക്രയ്‌ൻ - റഷ്യ സംഘർഷം സൃഷ്ടിച്ച അഭയാർഥികൾ, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇറാൻ - ഇസ്രയേൽ യുദ്ധം മൂലമുണ്ടാകുന്ന വിവിധ രാജ്യങ്ങളിലെ അഭയാർഥികൾ, കഴിഞ്ഞകാല യുദ്ധങ്ങളും രാഷ്ട്രീയ അസമത്വങ്ങളും ഇനിയും തീർപ്പാക്കാത്ത മനുഷ്യാവസ്ഥകൾ എല്ലാം തന്നെ ആത്യന്തികമായി മനുഷ്യത്വരഹിതവും ജനാധിപത്യപരമല്ലാത്ത സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും താൽപ്പര്യങ്ങളുടെ ഫലങ്ങൾ മാത്രമാണ്, അഭയാർഥികളോട് സ്നേഹവും പരിഗണനയും പിന്തുണയും പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടന അടക്കമുള്ളവർ പറയുന്നുണ്ടെങ്കിലും അഭയാർഥി ദിനമെന്നത് ഈ ലോകത്തെ ഓരോ ഭരണാധികാരിയും തലകുനിക്കേണ്ട ദിവസം കൂടിയാണ്.
ഏറ്റവും വേഗതയിലാണ് ലോകത്തിപ്പോൾ മനുഷ്യർക്ക് സ്ഥാനചലനം (displacement) നടക്കുന്നത് തന്മൂലമുണ്ടാകുന്ന സാംസ്കാരികമായ ജീർണത വരും തലമുറയെ ശത്രുതാ മനോഭാവത്തിലേക്ക് എത്തിച്ചേക്കാം. നിലനിൽപ്പിന്റെ അവസ്ഥ കഴിഞ്ഞു കിട്ടിയാൽ വേരുകളിലേക്ക് മടങ്ങാൻ സ്വാഭാവികുമായും ആഗ്രഹിക്കും എന്നിരിക്കേ ആരോഗ്യപരമായ രാഷ്ട്രീയ -സാമൂഹ്യചിന്തകളുടെ അപര്യാപ്‌തത ധ്രുവികരണം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.
അഭയാർഥികൾക്കുള്ള സഹായങ്ങൾ
സമ്പന്ന രാജ്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചില്ല പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കുകയും ചെയ്തതോടെ പലസ്തീനടക്കമുള്ള അഭയാർഥിസമൂഹം കുടുതൽ ദുരിതത്തിലാവുകയാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാം സുലഭമായ സാഹചര്യങ്ങളിൽ വ്യത്യസ്തതയ്ക്കു വേണ്ടി ഭക്ഷണം വയ്ക്കുന്നവരും, തിങ്ങിനിറഞ്ഞ അഭയാർഥി ക്യാമ്പുകളിൽ ഒരു നേരം പോലും ഭക്ഷണം കഴിക്കാനില്ലാത്തവരും അനുഭവിക്കുന്നത് ഒരേ വിശപ്പല്ല എന്ന ശരാശരി അറിവ് മനഃപൂർവം മറക്കുന്നവർക്കു മുന്നിൽ ഇന്ന് ലോക അഭയാർഥിദിനം പൊള്ളയായ പ്രഖ്യാപനങ്ങളാൽ ഘോഷിക്കപ്പെടുന്നു. കുട്ടികളും സ്ത്രീകളും രാജ്യമില്ലാത്തവരായി, നിർബന്ധപൂർവം അഭയാർഥികളായി മാറുമ്പോൾ അതിർത്തികളുടെയും രാഷ്ട്രത്തലവന്മാരുടെയും പ്രാധാന്യമെന്താണ്. അഭയാർഥികൾ ചെയ്ത് കുറ്റം എന്താണ്? മത രാഷ്ട്രീയ തീവ്രവാദത്തിന്റെ ഇരകളാണ് അയാർഥികൾ. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.
"The world will not be destroyed by those who do evil, but by those who watch them without doing anything."
(തിന്മ ചെയ്യുന്നവരാലല്ല ലോകം നശിപ്പിക്കപ്പെടുന്നത്, മറിച്ച് ഒന്നും ചെയ്യാതെ അവരെ നോക്കി നിൽക്കുന്നവരാലായിരിക്കും.)
ആൽബർട്ട് ഐൻസ്റ്റീൻ
(അമേരിക്കയിലെ ടെക്‌സാസിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയായ ലേഖിക കവയിത്രിയും എഴുത്തുകാരിയുമാണ്)
https://www.deshabhimani.com/epaper/newspaper/kottayam/2025-06-20?page=6&type=fullview
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ