©എം.ജെ.ശ്രീചിത്രൻ
ഗുബ്ബിയോ നഗരത്തിൽ ക്രൂരനായ ഒരു ചെന്നായയുണ്ടായിരുന്നു. കന്നുകാലികളേയും മനുഷ്യരെയും കൊന്നു തിന്നുന്ന ആ ചെന്നായയെ ഭയന്ന് നഗരവാസികളാകെ പരിഭ്രാന്തരായി. ഒടുവിൽ, വിശുദ്ധ ഫ്രാൻസിസ് അസീസി അവരുടെ രക്ഷക്കെ ത്തി. ഫ്രാൻസിസ് അസീസി കാട്ടിലേക്കു പോയി ആ ചെന്നായ യെ കണ്ടു. ആക്രമണോത്സുകനായ ആ ചെന്നായയെ 'സഹോ ദരാ' എന്നു വിളിച്ചു. സർവചരാചരങ്ങളോടും സാഹോദര്യഭാവം പൂണ്ട, പക്ഷികളോട് സ്നേഹം പ്രസംഗിക്കുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ആ സംബോധനയിൽ ചെന്നായ കീഴടങ്ങി. പിന്നീടൊരിക്കലും അവൻ ഗുബ്ബിയോ പട്ടണത്തിലാരെയും ദ്രോഹിച്ചില്ല.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഈ പാവനകഥയ്ക്ക് ഇതുവരെ നമുക്കിടയിൽ മജ്ജയും മാംസവുമാർന്ന ഒരു സാക്ഷ്യമുണ്ടായിരുന്നു. അതെ, പുണ്യാളൻ്റെ പേര് സ്വീകരിച്ച ആദ്യത്തെ മാർപാപ്പ. ആ പേരിനെ അന്വർഥമാക്കിക്കൊണ്ട് അദ്ദേഹം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുതലാളിത്തച്ചെന്നായയോട് പോലും 'സഹോദരാ, പാപവിമുക്തനാകൂ, പരിണമിക്കൂ, തെറ്റുതിരുത്തൂ' എന്നപേക്ഷിച്ചു. അവസാനത്തെ ഈസ്‌റ്റർ സന്ദേശത്തിലും രക്തദാഹം പൂണ്ട യുദ്ധക്കൊതിയൻ ചെന്നായ്ക്കളോട് "സഹോദരാ, ഗാസയെ സമാധാനത്തിലേക്ക് നയിക്കൂ' എന്നു കേണു. എന്നാൽ ഗുബ്ബിയോയിലെ ചെന്നായയുടെ മാനവികപരിണാമം മുതലാളിത്തച്ചെന്നായയ്ക്ക് സാധ്യമല്ല എന്ന യാഥാർഥ്യത്തിനു മുന്നിൽ നിസ്സഹായനായി ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.
കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ സവിശേഷമായൊരധ്യായമാണ് അവസാനിച്ചത്. പത്രോസിൻ്റെ പിന്തുടർച്ചക്കാരിൽ ഫ്രാൻസിസ് മാർപാപ്പയെപ്പോലൊരാൾ മുമ്പുണ്ടായിട്ടില്ല. തന്റെ കാലത്തോട് നേർക്കുനേർ നിന്ന് ചരിത്രാഭിമുഖത്തിന് ഇത്രയും നിശിതമായി തയ്യാറാവുക എന്ന ധീരത ഫ്രാൻസിസ് പാപ്പയോളം ആർക്കുമുണ്ടായിട്ടുമില്ല. സമകാലത്തിന്റെ ഓരോ കണ്ണാടിയിലും ഫ്രാൻസിസ് മാർപാപ്പ ധീരമായി മുഖം നോക്കി. ശാസ്ത്രം, രാഷ്ട്രീയം, മതങ്ങൾ, നീതി, സഭാചരിത്രം, പൗരോഹിത്യം, ലിംഗപദവി... എല്ലായിടത്തും സമകാലീനമായ കാഴ്ചകളോട് ധീരമായി ശിരസ്സുയർത്തിപ്പിടിച്ച് അഭിമുഖീകരിക്കാൻ തയ്യാറായ അത്യപൂർവ ചരിത്രസന്ധിയുടെ പേരായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ലോകമാനവികതയുടെ വലിയ ഇടയനാണ് ഇല്ലാതായത്.
ഫ്ലോറസിൽനിന്ന് വത്തിക്കാനിലേക്കുള്ള ദൂരം
രണ്ടാം ലോകമഹായുദ്ധത്തിന്റെ കരൾ പിളരും കാലത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. അർജൻ്റീനയിലെ ബ്യൂണസ് അയേഴ്സിനടുത്തുള്ള ഫ്ലോറസിൽ മരിയോ ബർ ഗോഗ്ലിയോ എന്ന ബാലനായി ജനിക്കുമ്പോൾ വർഷം 1936. പീഡ്മൗണ്ടിൽ നിന്നുള്ള ഇറ്റാലിയൻ കുടിയേറ്റക്കാരുടെ പുത്രനായിരുന്നു അദ്ദേഹം. ഫാസിസത്തിനു കീഴ്പ്‌പെട്ട മുസോളിനിയുടെ ഇറ്റലിയിൽ നിന്ന് പലായനം ചെയ്‌ത കുടിയേറ്റക്കാരുടെ കുടുംബം.
ഇരുപതാം നൂറ്റാണ്ടിന്റെ കൃത്യം പകുതിയിൽ തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്ന ബർഗോഗ്ലിയോ ഫ്രാൻസിസ് മാർപാപ്പയാകുന്നത് വരെയുള്ള ചരിത്രം ആധുനിക സഭാ ചരിത്രത്തിലെ നിരവധി സംഘർഷസ്ഥാനങ്ങളുടെയും ഒഴിവിടങ്ങളുടെയും കൂടി പ്രതിഫലനമാണ്. ലോകജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ആഗോള കത്തോലിക്കാ സഭ ആധുനികതയെ സവിശേഷമായി അഭിമുഖീകരിക്കുന്ന ചരിത്രസന്ദർഭം കൂടിയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം. സെന്റ് പീറ്റർ മുതൽ കത്തോലിക്കാ സഭാ ചരിത്രത്തിൽ കൈക്കൊണ്ട നിലപാടുകളെ ആമൂലാഗ്രം പരിശോധനയ്ക്ക് വിധേയമാക്കുന്ന ആധുനിക ചിന്തകൾ സഭക്ക് കത്തും പുറത്തും പ്രവർത്തിച്ചു കൊണ്ടിരുന്ന കാലം. ലാറ്റിനമേരിക്ക അതിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. 1960-കളോടെ വിമോചനദൈവശാസ്ത്രത്തിന്റെ സംവാദങ്ങൾ കത്തോലിക്കാ സഭയെ പുതിയ ആകാശവും ഭൂമിയും കാണാൻ പ്രേരിപ്പിക്കുകയാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ദരിദ്രരുടെ പ്രശ്നങ്ങൾ സഭയുടെ കേന്ദ്രപ്രശ്‌നമായി മാറുന്ന സ്ഥിതി സംജാതമായി. ഫ്രീ ബെറ്റോ, ഗുസ്താവോ ഗുട്ടിയേറസ്, ലിയോനാർഡോ ബോഫ്, ജെസ്യൂട്ടുമാരായ ജുവാൻ ലൂയിസ് സെഗുണ്ടോ, ജോൺ സോബ്രിനോ തുടങ്ങിയ ദൈവശാസ്ത്രജ്ഞരുടെ രാഷ്ട്രീയ പ്രാക്സിസായി മാറിയ വിമോചന ദൈവശാസ്ത്ര ചിന്തകൾ ലാറ്റിനമേരിക്കയിൽ നിന്നാണ് ഉദയം ചെയ്യുന്നത്. മാർക്സിസ്റ്റ് സാമൂഹിക വിശകലനത്തിൽ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ പ്രധാനമായും ഉരുത്തിരിഞ്ഞത്. പ്രത്യേകിച്ച് ഘടനാപരമായ അസമത്വത്തെയും വർഗപരമായ അടിച്ചമർത്തലിനെയും കുറിച്ചുള്ള അതിന്റെ വിമർശനം. വിമോചന ദൈവശാസ്ത്രം മാർക്സിസത്തെ മൊത്തത്തിൽ സ്വീകരിച്ചില്ലെങ്കിലും, വർഗസമരം, ആഗോള മുതലാളിത്തത്തെക്കുറിച്ചുള്ള വിമർശനം തുടങ്ങിയ ആശയങ്ങളുടെ ഉപയോഗം സഭയ്ക്കുള്ളിൽ കാര്യമായ വിവാദങ്ങൾക്ക് കാരണമായി. സ്ത്രീപക്ഷ, ദളിത്, പലസ്തീൻ, ദൈവശാസ്ത്ര ചിന്തകളായി പിന്നീട് വികസിച്ചത് ഈ ആലോചനകളായിരുന്നു.
ഈ ഘട്ടത്തിന്റെ പ്രാരംഭത്തിലാണ് ബർഗോഗ്ലിയോ 1958 മാർച്ച് 11-ന് ഒരു നോവീസ് ആയി സൊസൈറ്റി ഓഫ് ജീസസിൽ ചേരുന്നത്. രണ്ടുവർഷത്തിനുള്ളിൽ അദ്ദേഹം ഔദ്യോഗികമായി ജെസ്യൂട്ട് ആയിത്തീർന്നു. ജെസ്യൂട്ട് അഥവാ ഈശോസഭകത്തോലിക്കാ സഭയിലെ സവിശേഷമായ വ്യക്തിത്വമുള്ള സഭാഘടകമാണ്. പതിനാറാം നൂറ്റാണ്ടിലെ ട്രെൻഡ് കൗൺസിലിനും പ്രതിനവീകരണത്തിനും തൊട്ടു മുമ്പാണ് ഈശോ സഭ സ്ഥാപിതമാകുന്നത്. യൂറോപ്പിൽ ഉടനീളം പടരുന്ന പ്രൊട്ടസ്‌റ്റന്റ് നവീകരണത്തെ പ്രതിരോധിക്കുകയാ
യിരുന്നു ഈ പ്രതിനവീകരണം. എന്നാൽ അതേസമയം ഈശോ സഭ ആദ്യഘട്ടം മുതൽ തന്നെ കത്തോലിക്കാ സഭയ്ക്ക് ആന്തരികമായ നവീകരണം ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ സഭയാണ്. ഇഗ്നേഷ്യസ് മുതൽ തന്നെ ജസ്യൂട്ടുകൾ പൗരോഹിത്യത്തിൻ്റെ നവീകരണത്തിൽ ശ്രദ്ധ ചെലുത്തിയതായി കാണാം. പുരോഹിതന്മാർക്ക് കൂടുതൽ വിദ്യാഭ്യാസം ആവശ്യമാണ് എന്ന നിലപാടിൽ നിന്ന് അത് ആരംഭിക്കുന്നു. സഭയ്ക്കുള്ളിലെ അഴിമതി അടക്കമുള്ള വിഷയങ്ങളിലെ വിമർശനങ്ങളിലേക്ക് അവ വികസിക്കുന്നു. ഈ ജസ്യൂട്ട് പാരമ്പര്യത്തിലാണ് ബർ ഗോഗ്ലിയോ തന്റെ ആത്മീയപാത വികസിപ്പിക്കുന്നത്. 1979 ആകുമ്പോഴേക്കും അർജന്റീനയിലെ സൊസൈറ്റി ഓഫ് ജീസസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി അദ്ദേഹം നിയമിതനാകുന്നു. തുടർന്ന് 1990-കൾ വരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പഠനങ്ങളും ആധുനിക ലോകക്രമത്തെക്കുറിച്ചും കത്തോലിക്കാ സഭയുടെ യാഥാസ്ഥിതികവും പരിഷ്കരണോന്മുഖവുമായ നിലപാടുകളെക്കുറിച്ചും ആഴത്തിലുള്ള ധാരണകൾ നിർമിക്കപ്പെട്ട ഘട്ടമാണ്. ദൈവശാസ്ത്രപരമായ നിരവധി ദാർശനികധാരകൾ ഇക്കാലത്ത് അദ്ദേഹം പരിചയപ്പെടുന്നുണ്ട്. ശ്രദ്ധേയമായ ഒന്ന്, ജർമൻ-ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനായ റൊമാനോ ഗാർഡിനിയുടെ കൃതികളെക്കുറിച്ച് ഇക്കാലത്തിനിടയിൽ അദ്ദേഹം നടത്തുന്ന പഠനങ്ങളാണ്. ദരിദ്ര സമുഹത്തിനിടയിൽ സുവിശേഷ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആധുനികമായ ഉൾക്കാഴ്ചകൾ ഇക്കാലത്തെ അദ്ദേഹത്തിന്റെ പഠനങ്ങളിൽ കാണാം.
1990-കളോടെ ഇക്കാര്യത്തിൽ ഒരു വിച്ഛേദം സംഭവിക്കുന്നു. അർജന്റീനയിലെ നിരവധി ആത്മീയ നേതാക്കളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ആശയപരമായ വിയോജിപ്പുകളും സംഘർഷങ്ങളും കത്തോലിക്കാ യാഥാസ്ഥിതികതയോടുള്ള പല നിലയ്ക്കുള്ള എതിർപ്പുകളും ചേർന്നാണ് ജസ്യൂ ട്ട് വസതികളിൽ ഇനിമുതൽ അദ്ദേഹം താമസിക്കരുത് എന്ന് സഭാധി കാരികൾ തന്നെ ആവശ്യപ്പെടുന്ന
നിലയിലേക്ക് എത്തിക്കുന്നത്. 1992-ന് ശേഷം മാർപാപ്പയായി തെരഞ്ഞെടുക്കുന്നതു വരെയും അദ്ദേഹം ഈ കൽപ്പന പാലിച്ചിട്ടുണ്ട്. ക്രമേണ സഭയിൽ അദ്ദേഹത്തിന്റെ വളർച്ചയുടെ ഘട്ടമാണ്. 1992-ൽ തന്നെ ബ്യൂണസ് ഐയേഴ്സിലെ സഹായ ബിഷപ്പായും 1998-ൽ മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പായും ബർഗോഗ്ലിയോ സ്ഥാനമേൽക്കുന്നു. അക്കാലത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് അവിടെയുള്ള ചേരികളിലെ സുവിശേഷീകരണത്തിലായിരുന്നു. ഷാന്റിടൗണുകൾ എന്നറിയപ്പെടുന്ന നഗരങ്ങൾക്ക് പുറത്തുള്ള ചേരിപ്രദേശങ്ങളിൽ മുമ്പുള്ളതിലും ഇരട്ടി പുരോഹിതന്മാരെ നിയമിച്ചു. അദ്ദേഹം തന്നെ നേരിട്ട് ചേരികളിലെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. പിൽക്കാലത്ത് കമ്യൂണിസ്‌റ്റ് മാർപാപ്പ എന്നടക്കം പല പേരുകളും പലരും നൽകിയിട്ടുണ്ട് എങ്കിലും ഏറ്റവും ദരിദ്രരായ മനുഷ്യരോട് ചേർന്ന് നിൽക്കുന്നതിൻ്റെ പേരിൽ അദ്ദേഹത്തിന് ലഭിക്കുന്ന ആദ്യത്തെ പേരുകളിൽ ഒന്ന് അപ്പോൾ ലഭിക്കുന്നതാണ്, വില്ലേറോ ബിഷപ്പ് ചേരികളുടെ ബിഷപ്പ് എന്നാണ് ആ വാക്കിനർഥം. ആ സംബോധന സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്ന് പിന്നീട് ഫ്രാൻസിസ് മാർപാപ്പ വിശ ദീകരിച്ചിട്ടുണ്ട്.
ആ കാലം മുതൽ തന്നെ ബർഗോഗ്ലിയോ ചെയ്‌തു പോന്ന ചില പ്രവൃത്തികൾ മാർപാപ്പയായ ശേഷമാണ് പ്രസിദ്ധിയാർജിക്കുന്നത്. അക്കാലത്ത് പെസഹാ വ്യാഴാഴ്ച ജയിലുകളിലും ചേരികളിലും ഉള്ള മനുഷ്യരുടെ കാലുകൾ കഴുകി. അതിദരിദ്രർക്ക് വേണ്ടി നിരന്തരം സംസാരിച്ചു. അർജന്റീനയിലെ സ്വേച്ഛാധിപത്യത്തെ നിരന്തരം വിമർശിച്ചു. അർജന്റീനിയൻ കത്തോലിക്കാ സഭ'സ്വേച്ഛാധിപത്യത്തിന്റെ വർഷങ്ങളിൽ ചെയ്ത പാപങ്ങൾക്ക് പൊതുപ്രായശ്ചിത്ത വസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് വരെ ബർഗോഗ്ലിയോ അക്കാലത്ത് സഭയിൽ സംസാരിക്കുന്നുണ്ട്. ബിഷപ്പിന്റെ ആഡംബര വസതി ഉപേക്ഷിച്ച് ഒരു ചെറിയ അപ്പാർട്ട്മെന്റിൽ താമസിച്ചു. സ്വയം ഭക്ഷണം പാചകം ചെയ്തു കഴിച്ചു. പരമാവധി പൊതുഗതാഗത സംവിധാനം മാത്രം ഉപയോഗിച്ചു. ലളിതമായ ജീവിത ശൈലി അദ്ദേഹത്തിന് ഒരു പ്രകടനമായിരുന്നില്ല, ജീവിതശീലമായിരുന്നു. മാർപാപ്പയായ ശേഷം അവയെല്ലാം വലിയ വാർത്തകളായി. എന്നാൽ അതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം അതേ ശീ തുംലത്തിൽ ആയിരുന്നു എന്നതാണ് വാസ്തവം.
അർജന്റീനയിലെ രാഷ്ട്രീയ അധികാരവുമായി പ്രത്യക്ഷമായ സംഘർഷങ്ങൾ ഒരുകാലത്തും
ഒരു ആത്മീയ ആചാര്യൻ എന്ന നിലയിൽ ബർഗോഗ്ലിയോ കൈക്കൊണ്ടിട്ടില്ല. എന്നാൽ ആ നിശ്ചയദാർഢ്യമുള്ള നിലപാടുകൾ അർജന്റീനയിലെ സ്വേച്ഛാധികാരത്തിനെ നിരന്തരം അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. പ്രസിഡൻ്റ് നെസ്‌റ്റർ കിർച്ച്നർ ദീർഘകാലം അദ്ദേഹ ത്തെ ഒരു രാഷ്ട്രീയ ശത്രുവായിട്ടാണ് കണ്ടത്. 2013-ൽ പുതിയ മാർപാപ്പയായി സ്ഥാനമേൽക്കുമ്പോൾ പോലും അർജൻറീനയിലെ സർക്കാർ അനുകുല പത്രമായ പഗിന ഫ്രാൻസിസ് മാർപാപ്പയെ മാന്യമായി അഭിനന്ദിച്ചില്ല. പുതിയ പോപ്പിനെ അഭിനന്ദിക്കുന്നതിന് മുമ്പ് പ്രസിഡന്റ് ഒരു മണിക്കുറിലധികം സമയമെടുത്തു, പതിവ് പ്രസംഗത്തിനുള്ളിൽ ഒരു പരാമർശം മാത്രമാണ് നടത്തിയത്. അർജന്റീനിയൻ പ്രസിഡൻ്റ്സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഹാവിയർമിലി തികച്ചും മോശമായ ഭാഷയിൽ വരെ അദ്ദേഹത്തെ അപഹസിച്ചിട്ടുണ്ട്. എന്നാൽ മാർപാപ്പയായ ശേഷം ഹാവിയർ മിലി വത്തിക്കാൻ സന്ദർശിച്ച് അനുരഞ്ജനത്തിലേക്ക് എത്തിച്ചേർന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അർജന്റീനയിലെ ജീവിതം പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം അധികാരത്തോട് ഒരു നിലയ്ക്കും വിട്ടുവീഴ്ച ചെയ്യാത്ത, തികഞ്ഞ ആത്മീയ നിശ്ചയദാർഢ്യം പ്രകടിപ്പിച്ച ആർജവമാണ്. സ്വേച്ഛാധികാരത്തിന്റെ എല്ലാ നൃശംസതകളും കൈക്കൊള്ളുന്ന തന്റെ രാഷ്ട്രത്തിലെ ഭരണകുടത്തോട് ഏറ്റുമുട്ടിയ കർദ്ദിനാൾ ആയിരുന്നു ബർഗോ ഗ്ലിയോ. അതുകൊണ്ടു തന്നെ അദ്ദേഹം മാർപാപ്പയായപ്പോൾ ലോകമെമ്പാടുമുള്ള രാഷ്ട്രീയ ദുരധികാരത്തോട് അതേ നിശ്ചയദാർഢ്യം തുടരുകയും ചെയ്തു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആധുനികകാലത്ത് പരിചിതമല്ലാത്ത നിലയിലാണ് പരമാധ്യക്ഷസ്ഥാനം അവസാനിപ്പിച്ചത്. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമനു ശേഷം രാജിവയ്ക്കുന്ന ആദ്യത്തെ പോപ്പായിരുന്നു ബെനഡിക്ട് പതിനാറാമൻ. തുടർന്ന് പോപ്പ് എമറിറ്റസ് എന്ന സ്ഥാനനാമത്തിൽ അദ്ദേഹം ജീവിച്ചു. ബെനഡിക്ട് മാർപാപ്പയുടെ കാലം കത്തോലിക്കാ സഭ ആന്തരികമായും ലോകജനതയ്ക്കു മുന്നിലും നിരവധി സംഘർഷങ്ങളെ നേരിട്ട കാലമാണ്. എന്നാൽ ബെനഡിക്ട് പതിനാറാമൻ അവയോട് നിരന്തരമായ സംവാദക്ഷമത പുലർത്തി എന്നു പറയാനാവില്ല. സ്വവർഗരതി അടക്കമുള്ള വിഷയങ്ങളിൽ യാഥാസ്ഥിതിക പക്ഷത്തോടാണ് അദ്ദേഹം കൂടുതൽ ചേർന്നുനിന്നത്. കത്തോലിക്കാ സഭയിലെ ലൈംഗിക പീഡന വിവാദങ്ങൾ ചൂടുപിടിച്ച കാലം കൂടിയായിരുന്നു അത്. ഗുണപരമായ ചില നടപടികൾ ബെനഡിക്ട് പതിനാറാമനിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും വ്യാപകമായ വി ൺമർശനങ്ങൾ അദ്ദേഹം നേരിടുകയും ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ, മ്യൂണിക്കിലെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ ലൈംഗിക പീഡന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ബെനഡിക്ട് സമ്മതിച്ചു. വത്തിക്കാൻ പുറത്തിറക്കിയ കത്തിൽ, 'ഗുരുതരമായ തെറ്റിന് അദ്ദേഹം ക്ഷമ ചോദിച്ചു. 2013 ഫെ ബ്രുവരി 10-നാണ് ഔദ്യോഗികമായി ബെനഡിക്ട് പതിനാറാമൻ രാജി പ്രഖ്യാപിക്കുന്നത്. അഞ്ച്റ്റാണ്ടിലധികമായി സഭയ്ക്ക് അപരിചിതമായ നിലയിലാണ് തുടർന്ന് അടുത്ത പോപ്പിന്റെ തെരഞ്ഞെടുപ്പു പ്രക്രിയ നടന്നത്. അതുവരെയുള്ള പോപ്പ് ജീവനോടെയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആശയാവലികളോടും സമീപനങ്ങളോടും സമാനതയുള്ള മറ്റൊരാളായിരിക്കും തുടർന്ന് തെരഞ്ഞെടുക്കപ്പെടുക എന്ന് ലോകമാധ്യമങ്ങൾ വിലയിരുത്തിയിരുന്നു. എന്നാൽ മിക്കവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് സഭാചരിത്രത്തിലാദ്യമായി ഒരു ജസ്യൂട്ട് പുരോഹിതൻ പരമാധ്യക്ഷ പദവിയിലേക്ക് ഉയർന്നു വന്നു. ജോർജ് മാരിയോ ബർഗോഗ്ലിയോ
ദക്ഷിണാർധഗോളത്തിൽ നിന്ന് ആദ്യമായി ഒരു മാർപാപ്പ എന്ന ചരിത്രം വിരചിക്കപ്പെട്ടപ്പോൾ അതുവരെയുള്ള പാപ്പസിയുടെ അനുശീലനങ്ങളിൽ തന്നെ മാറ്റങ്ങളുണ്ടായി. ബർഗോഗ്ലിയോ ബിഷപ്പ് അർജന്റീനയിൽ നിന്നു വന്നത് മടക്ക ടിക്കറ്റ് നേരത്തേ എടുത്തിട്ടാണ്. പക്ഷെ ആ ടിക്കറ്റ് ആവശ്യം വന്നില്ല. പുതിയ മാർപാ പ്പ ആദ്യദിനംമുതൽ നടപ്പുശീലങ്ങളിൽ നിന്നുള്ള വേർപാട് ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട രാത്രിയിൽ പതിവനുസരിച്ച് മാർപാപ്പയുടെ കാറിൽ പോകുന്നതിനു പകരം, അദ്ദേഹം കർദ്ദിനാൾമാരോടൊപ്പം ഹോട്ടലിലേക്ക് ബസിൽ തിരികെ പോയി. തുടർന്ന് വത്തിക്കാന് പുതിയ പോപ്പിനെ ശീലമായി. വത്തിക്കാൻ റിപ്പോർട്ടുകളിൽ തന്നെ അവയുണ്ട്. അപ്പോസ്‌തലിക് കൊട്ടാരമായ പേപ്പൽ മാർപാപ്പയുടെ സ്ഥിരം വസതിയിൽ ഒരു കാലത്തും അദ്ദേഹം താമസിച്ചില്ല. വത്തിക്കാൻ ഗസ്‌റ്റ് ഹൗസിലെ ഒരു സ്യൂട്ടായിരുന്നു എന്നത്തേയും വസതി. ഏതാണ് പുതിയ പാപ്ലയുടെ ഷൂസ്, ഏതാണ് പുതിയ വസ്ത്രം എന്നന്വേഷിക്കുന്നവർക്ക് മുന്നിൽ എനിക്കിപ്പോൾ ഒരു ഷൂസുണ്ട്, അതു തേഞ്ഞുതീർന്നിട്ട് പുതിയെതെടുക്കാം എന്നു പറയുന്ന മാർപാപ്പയെ വത്തിക്കാനും ലോകവും കാണുകയായിരുന്നു.
മാർപാപ്പ റൗൾ കാസ്ട്രോയ്ക്കൊപ്പം
കൃത്യമായും ബെനഡിക്ട് പതിനാറാമനിൽ നിന്നുള്ള വിച്ഛേദമായിരുന്നു ഇത്. ജസ്യൂട്ട് സഭയുടെ ലാളിത്യം ആശയതലത്തിലും പ്രായോഗിക തലത്തിലും ആഴത്തിൽ സ്വീകരിച്ച ബർഗോഗ്ലിയോ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചപ്പോൾ പലരും കരുതിയത് ഫ്രാൻസിസ് സേവ്യർ ആയിരിക്കാം എന്നാണ്. എന്നാൽ അദ്ദേഹം തന്നെ വ്യക്തമാക്കി- അല്ല, ഞാൻ സ്വീകരിച്ചിരിക്കുന്നത് അസീസിയിലെ ഫ്രാൻസിസിന്റെ പേരാണ്. എല്ലാ ആഡംബരങ്ങളും ത്യജിച്ച് ലാളിത്യത്തിന്റെയും പരമദാരിദ്ര്യത്തിന്റെയും കൊടും യാതനകളെ വരിച്ച സെന്റ് ഫ്രാൻസി സ് അസീസി. അതിനാൽ തന്നെ ഫ്രാൻസിസ് ഒന്നാമൻ എന്നൊരു വിശേഷണം ആവശ്യമില്ല, ഈ പേര് മുമ്പൊരു മാർപാപ്പയും സ്വികരിച്ചിട്ടില്ല. ഇനി ഭാവിയിൽ മറ്റൊരാൾ ഇതേ പേര് സ്വീകരിച്ചാൽ മാത്രമേ ഇദ്ദേഹം ഫ്രാൻസിസ് ഒന്നാമൻ ആവുകയുള്ളൂ.
വിസ്തൃതമാകുന്ന പാനപാത്രം
2013-ൽ പോപ്പ് ഫ്രാൻസിസിന്റെ ആദ്യ അപ്പോസ്തോലിക ഉപദേശം പുറത്തുവന്നു 'സുവിശേ ഷത്തിന്റെ ആനന്ദം' (Evangelii Gaudium) എന്ന ശീർഷകത്തിലിറങ്ങിയ പ്രഥമോപദേശത്തിൽ തന്നെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പ്രധാന നിലപാടും വ്യക്തമാക്കപ്പെട്ടത്. മുതലാളിത്തത്തിന്റെ ട്രിക്കിൾ ഡൗൺ തിയറിയോട് ദൈവശാസ്ത്രപരമായ അടിസ്ഥാനത്തിൽ പോപ്പ് വിയോജിച്ചു. പൂർണമായ മുതലാളിത്ത നിഷേധമോ സമ്പൂർണമായ സോഷ്യലിസ്റ്റ് പക്ഷപാതിത്വമോ Evangelii Gaudium മുന്നോട്ടു വച്ചിട്ടില്ല. കാത്തലിക് സാമൂഹിക ഉപദേശത്തിന്റെ നിർദിഷ്‌ട ചട്ടക്കുടിൽ നിന്നു കൊണ്ടുള്ള വിമർശനം തന്നെയാണിത്. എങ്കിൽ തന്നെയും ഒരു പോപ്പിൽനിന്ന് അത് അപ്രതീക്ഷിതവും അതി ധീരവുമായിരുന്നു. 'നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തം ഒരുതരം സ്വേച്ഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല' എന്ന് ഫ്രാൻസിസ് മാർപാപ്പ എഴുതി.
"An unfettered pursuit of money rules. The service of the common good is left behind. Once capital becomes an idol and guides people's decisions, once greed for money presides over the entire socioeconomic system, it ruins society.
(Evangelii Gaudium, 2013)
അമേരിക്കൻ ക്യാപിറ്റലിസത്തോട് ഇത്രയും ശക്തമായ, ആർജവത്തോടെയുള്ള വിമർശനം ഒരു മാർപാപ്പയും ഉന്നയിച്ചിട്ടില്ല. അത് എളുപ്പവുമായിരുന്നില്ല. മറ്റെല്ലാ വിമർശനങ്ങളേക്കാളും വിലയേറിയ ഇടപെടൽ നിസ്സംശയമായും ഈ വിമർശനമാണ്.
പ്രധാനമായും നാല് വിമർശനങ്ങളാണ് അപ്പോസ്തലിക മൂല്യങ്ങളെ മുൻനിർത്തി പോപ്പ് ഉന്നയിച്ചത്. ഒന്നാമതായി മുതലാളിത്തത്തിന്റെ ട്രിക്കിൾ ഡൗൺ സിദ്ധാന്തത്തിന്റെ പരാജയം വ്യക്തമാക്കുന്നു. മനോഹരമായ ഒരു ഉപമയാണ് പോപ്പ് ഉപയോഗിച്ചത്. 'പാനപാത്രം നിറഞ്ഞൊഴുകുമെന്നും എല്ലാവർക്കുമങ്ങനെ എല്ലാം ലഭ്യമാകുമെന്നുമാണ് പറഞ്ഞത്. പക്ഷേ സംഭവിക്കുന്നതാകട്ടെ പാനപാത്രത്തിന്റെ വലിപ്പം അത്ഭുത കരമായി കൂടുകമാത്രമാണ്.'
ട്രിക്കിൾ ഡൗൺ തിയറിയുടെ അടിസ്ഥാനമായ അവകാശവാദം തന്നെ പൊള്ളയാണെന്ന് പാപ്പ ലളിതമായി വ്യക്തമാക്കി. പണക്കാർക്ക് പണം കുടിയാൽ ദരിദ്രന്റെ ഒരു പ്രശ്നവും പരിഹരിക്കപ്പെടുകയില്ലെന്നും മറിച്ച് പണക്കാരുടെ കീശ വീണ്ടും വീണ്ടും വീർക്കുകയും ദരിദ്രർ അതിദരിദ്രരായി
തുടരുകയും ചെയ്യുമെന്നും വ്യക്തമാക്കിയ ഇതിലും മികച്ചൊരുപമ ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായിട്ടില്ല. രണ്ടാമത്തേത്, മുതലാളിത്തം പണത്തെ പാവനവൽക്കരിക്കുന്നതിനെതിരായ വിമർശനമാണ്. മനുഷ്യമൂല്യങ്ങളേക്കാൾ പണം പാവനമാക്കപ്പെടുന്നത് ക്രിസ്ത്യൻ മൂല്യങ്ങൾക്കു തന്നെ വിരുദ്ധമാണ് എന്നും അതിപ്പോൾ സംഭവിക്കുന്നു എന്നും പോപ്പ് വ്യക്തമായി പറഞ്ഞു. മനുഷ്യബന്ധങ്ങളെ മുതലാളിത്തം അണ പൈ ബന്ധങ്ങളാക്കി മാറ്റുന്നു എന്ന് മാർക്സ് പറഞ്ഞതിൻ്റെ ദൈവശാസ്ത്രപരമായ പ്രഖ്യാപനം. മൂന്നാമത്തേത്, നിയന്ത്രണമില്ലാത്ത മുതലാളിത്തം സാമൂഹികമായ അശാന്തി വളർത്തുന്നു എന്നതാണ്. അനിയന്ത്രിത മുതലാളിത്തത്തിന്റെ ശേഷിപ്പ് അസമത്വമാണ്. അസമത്വം അനീതിയിലേക്കും അനീതി അശാന്തിയിലേക്കും വഴിവെട്ടുന്നു. ലോകസമാധാനം എന്ന സഭയുടെ പ്രതീക്ഷയ്ക്ക് ഈ പ്രശ്നം മങ്ങലേൽപ്പിക്കുന്നു. നാലാമത്തേത്. മനുഷ്യരിൽ അനിയന്ത്രിത മുതലാളിത്തം വളർത്തുന്ന ഉപഭോക്ത്യ മനോഭാവം സൃഷ്ടിക്കുന്ന പ്രശ്‌നത്തെക്കുറിച്ചാണ്. ഭൗതികമായ പൊരുളാധാരങ്ങളിൽ പരിമിതപ്പെടുന്ന മനുഷ്യൻ അപരവേദനകൾ തിരിച്ചറിയാനാവാത്ത അലക്ഷ്യ മനോഭാവത്തിലേക്ക് ചെന്നെത്തുന്നു എന്ന് പോപ്പ് നിരീക്ഷിക്കുന്നു.
മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പാസ്‌റ്ററൽ നൈതികപരിശോധനയും വിമർശനവുമാണ് ഫ്രാൻസിസ് മാർപാപ്പ മുന്നോട്ടുവച്ചത്. മുതലാളിത്തത്തിന്റെ പരിഹാരമെന്ത് എന്ന അടിസ്ഥാനപരമായ സാമ്പത്തികശാസ്ത്ര പരിഹാരങ്ങൾ പോപ്പിന്റെ ഉപദേശത്തിലില്ല, അത് പാസ്‌റ്ററൽ ഉപദേശത്തിന്റെ വിഷയവുമല്ല. എന്നാൽ പുതിയകാലത്തിന്റെ മുതലാളിത്തഘടനയെയും, വിശിഷ്യാ ട്രംപും യൂറോപ്യൻ രാഷ്ട്രങ്ങളും നിരന്തരം വാഴ്ത്തുന്ന ട്രിക്കിൾ ഡൗൺ സിദ്ധാന്തത്തെയും വിമർശിക്കുന്നതിൽ തീർത്തും അപ്രതീക്ഷിതവും ശക്തവുമായ സ്ഥാനമായി മാർപാപ്പ 2013-ൽ തന്നെ പ്രത്യക്ഷപ്പെട്ടത് ഒട്ടും നിസ്സാരമല്ല.
Evangelii Gaudium ഉന്നയിച്ച മുതലാളിത്ത വിമർശനങ്ങൾക്ക് 2015-ൽ സിറ്റി ജേർണലിലാണ് മുതലാളിത്ത പക്ഷത്തുനിന്നുള്ള മറുപടി ഉണ്ടായത്. "പോപ്പ് ഫ്രാൻസിസ് ദൃശ്യമായവ (ദാരി ദ്ര്യം, അസമത്വം) വിമർശിക്കുകയും അദൃശ്യമായവ (വിപണിയിൽ നിന്നുള്ള സാമ്പത്തിക വളർച്ച) അവഗണിക്കുകയും ചെയ്തുകൊണ്ട് ഒരു വാചാടോപത്തിന്റെ കെണിയിൽ വീഴുന്നു' (City Journal, 2015) എന്ന സിറ്റി ജേർണലിന്റെ വിമർശനം പിന്നീട് പലരും ഏറ്റു പിടിച്ചിരുന്നു. എന്നാൽ സാമ്പത്തിക വിദഗ്‌ധരിൽ പലരും പോ പ്പിന്റെ നിലപാടുകളെ വിശകലനാത്മകമായി കാണുകയും വില കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജെഫ്രി സാക്സ് 'ഫ്രാൻസിസിന്റെ പ്രസ്താവനകൾ നിയന്ത്രണമില്ലാത്ത മുതലാളിത്തത്തിലുള്ള അമിത ആത്മവിശ്വാസത്തിന് ആവശ്യമായ ഒരു പ്രതിവിധിയാണ് എന്നാണ് വിലയിരുത്തിയത്. പോപ്പിന്റെ വിലയിരുത്തലുകൾക്ക്
കമ്യൂണിസ്‌റ്റ് അടിത്തറയാണുള്ളത് എന്ന വിമർശനം സഭയിലുള്ളവർ തന്നെ ഉന്നയിക്കുന്നതും പിന്നീട് കാണുകയുണ്ടായി. സ്പാനിഷ് ബിഷപ്പ് ജോസെ ഇഗ്നാസിയോ മുനില്ല 2015-ൽ 'നിരീശ്വരവാദ ആശയങ്ങൾക്ക് വേണ്ടി ദൈവത്തെ കൈകാര്യം ചെയ്യുന്നത് അഹങ്കാരത്തിന്റെ ഉച്ചകോടിയാണ് (News week, 2015) എന്നുവരെ പറഞ്ഞു. അടിസ്ഥാനപരമായി സാമ്പത്തിക രംഗത്തെ മുതലാളിത്ത വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ തിരികെ കമ്യൂണിസ്റ്റ് നിരീശ്വരവാദം എന്ന പരിച ഉയർത്തിപ്പിടിക്കുക എന്നത് യാഥാസ്ഥിതിക സഭാപക്ഷത്തിന്റെ സ്ഥിരം രീതിയാണ്. ഇത്തരം വിമർശനങ്ങൾക്ക് മുന്നിലും മാർപാപ്പ തന്റെ ആശയങ്ങൾ പിൻവലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. മുതലാളിത്തത്തിനെതിരെ സമകാലത്തിൽ ഉയർന്നുകേട്ട ജ്വലിക്കുന്ന ശബ്ദമാ യി പോപ്പ് ഫ്രാൻസിസിന്റെ വിമർ ശനം നിലനിൽക്കും.
മാന്ത്രികനല്ലാത്ത ദൈവത്തിലേക്ക്പ്ര പഞ്ചസൃഷ്ടിയും മനുഷ്യസൃഷ്ടിയും വിശദീകരിക്കുന്നതിൽ ക്രിസ്തുമതവും ശാസ്ത്രവും തമ്മിലുള്ള വൈരുധ്യത്തിന് ദീർഘചരിത്രമുണ്ട്. ആധുനികശാസ്ത്രം എന്നേ നിരസിച്ച ഉൽപ്പത്തി പുസ്‌തകത്തിലെ സൃഷ്ടിവാദത്തെ അക്ഷരം പ്രതി പ്രത്യക്ഷാർഥത്തിൽ വിശ്വസിക്കുക എന്നത് ഒരു ക്രിസ്ത‌്യാനിയുടെ മൗലിക കർത്തവ്യമായിട്ടാണ് ഇന്നും ലോകമെമ്പാടുമുള്ള ഭൂരിപക്ഷം ക്രിസ്ത്യാനികളും കരുതുന്നത്. പോപ്പ് ഫ്രാൻസിസ് അതിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ അടി സ്ഥാനപരമായ രണ്ട് കാര്യങ്ങൾ ആദ്യമേ തിരിച്ചറിയേണ്ടതുണ്ട്. പോപ്പ് ഫ്രാൻസിസ് സൃഷ്ടിയിലെ ദൈവസാന്നിധ്യത്തെ തരിമ്പും തിരസ്കരിച്ചിട്ടില്ല. മറ്റൊരു നിലയിൽ സൃഷ്ടിവാദത്തെ ബലപ്പെടുത്തുകയാണ് ചെയ്തതും. മറ്റൊന്ന്, സഭയിൽ ഈ ചിന്തയുടെ പ്രോദ്ഘാടകൻ ഫ്രാൻസിസ് മാർപാപ്പയല്ല. എത്രയോ മുമ്പ് പിയൂസ് XII (1950-ലെ Humani Generisൽ), ജോൺ പോൾ II (1996-ൽ പോന്റി ഫിക്കൽ അക്കാദമിയോടുള്ള പ്രസംഗം) എന്നിവർ പരിണാമം വിശ്വാസത്തിന് അനുയോജ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മുമ്പെപ്പോഴുമുള്ളതിലും ഫ്രാൻസിസ് മാർപാപ്പ ഈ നിലപാടുകൾ കൈക്കൊണ്ടപ്പോൾ വിമർശനങ്ങളുണ്ടായി. അതിന് അദ്ദേഹത്തിന്റെ പൊതുവേയുള്ള പരിഷ്കരണോന്മുഖമായ നിലപാടുകൾക്കുകൂടി പങ്കുണ്ട്
2014-ൽ പോന്റിഫിക്കൽ അക്കാദമി ഓഫ് സയൻസസിനോടുള്ള പ്രസംഗത്തിലാണ് പോപ്പ് ഫ്രാൻസിസ് 'പ്രകൃതിയിലെ പരിണാമം സൃഷ്ടിയുടെ ധാരണയുമായി വിരുദ്ധമല്ല' എന്ന് പ്രസ്താവിക്കുന്നത്. 'ദൈവം ഒരു മാന്ത്രികനല്ല' എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വിശദീകരണം. ഉൽപ്പത്തിപ്പുസ്തകത്തെ അക്ഷരാർഥത്തിൽ എടുക്കുന്നതിനു പകരം പ്രതീകാത്മകമായി ഉൾക്കൊള്ളാനാണ് പോപ്പ് ശ്രമിച്ചത്. പരിണാമത്തിന് അനുവദിക്കുന്ന ദൈവം എന്ന നിലയിൽ ദൈവശാസ്ത്രത്തെ ശാസ്ത്രചിന്തയുമായി സമന്വയിപ്പിക്കാനായിരുന്നു പോപ്പിന്റെ ശ്രമം. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനുള്ള ശാസ്ത്രീയ വിശദീകരണമായി ബിഗ്ബാംഗ് സിദ്ധാന്തത്തെ ഫ്രാൻസിസ് അംഗീകരിച്ചു. 2014-ൽ ബിഗ്ബാംഗ് സിദ്ധാന്തം 'ദൈവിക സ്രഷ്ടാവിന്റെ ഇടപെടലിനെ വിരോധിക്കുന്നില്ല, മറിച്ച് അത് ആവശ്യപ്പെടുന്നു' എന്ന് അദ്ദേഹം പ്രസ്താവിച്ചു. ദൈവത്തെ പോപ്പ് കോസ്മിക് പ്രക്രിയയുടെ ആരംഭകനായി കാണുന്നു. ശാസ്ത്രീയ പ്രപഞ്ച ശാസ്ത്രത്തെ ദൈവശാസ്ത്രപരമായ സൃഷ്ടിയുമായി സമന്വയിപ്പിക്കുന്നു.
രണ്ട് നിലയിൽ പോപ്പ് ഫ്രാൻസിസിന്റെ ശാസ്ത്ര സമന്വയം പ്രശ്നവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, ബൈബിൾ പ്രത്യക്ഷരം നേർക്കുനേർ സത്യമെന്നു വിശ്വസിക്കുന്നവരുടെ വിമർശനമാണ്. മറ്റൊന്ന്,
മാർപാപ്പയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ യാത്ര തന്നെ കുടിയേറ്റക്കാരുടെ മുന്നിലേക്ക്, ലാംപഡുസ എന്ന ചെറു ദ്വീപിലേക്ക് ആയിരുന്നു. അവിടെ വച്ചു തന്നെ അദ്ദേഹം ഇക്കാര്യത്തിലുള്ള ആഗോള അനാസ്ഥയുടെ വിമർശനം നടത്തി.
ഇന്റലിജന്റ് ക്രിയേഷൻ എന്ന സൃഷ്ടി വാദക്കാരിലെ പ്രശ്നമാണ്. അവർക്ക് പോപ്പിന്റെ പരിണാമസിദ്ധാന്ത സ്വീകരണം സ്വീകരിക്കാനാവില്ല, പരിണമിച്ചു കൊണ്ടിരിക്കുന്നത് ഇന്റലിജൻസിന് വിരുദ്ധമായിരിക്കുമെന്ന പ്രശ്നം അവർക്കുമുണ്ട്.
പോപ്പിന്റെ ശാസ്ത്ര-ദൈ വശാസ്ത്ര സമന്വയം യഥാർഥത്തിൽ ഇരുതലയുള്ള വാളാണ്. ഒരുവശത്ത് പരമ്പരാഗതമായ ബിബ്ലിക്കൽ യാഥാസ്ഥിതികതയോടുള്ള വേർപാട് ഈ വീക്ഷണത്തിലുണ്ട്. എന്നാൽ മറുവശത്ത് ശാസ്ത്രത്തെ ദൈവത്തിന്റെ സാന്നിധ്യത്തിൽ വ്യാഖ്യാനിക്കുന്നത് സൃഷ്ടിവാദത്തിന് ആധുനികമായ അതിജീവനശേഷി നൽകലാണ്താനും. അക്ഷരാർഥത്തിലുള്ള സരളവ്യാഖ്യാനങ്ങൾ ശാസ്ത്രീയ മനോവൃത്തിയുടെ വളർച്ചയോടെ ക്രമേണ മാഞ്ഞു തുടങ്ങുകയാണ്. ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ ദൈവശാസ്ത്രവുമായി സമന്വയിപ്പിക്കുന്നതോടെ സൃഷ്ടിവാദത്തിന്റെ അതിജീവനശേഷി യഥാർഥത്തിൽ വർദ്ധിക്കപ്പെടുകയാണ് എന്നതാണ് യാഥാർഥ്യം.
വത്തിക്കാനിലെ അവ്യക്ത മഴവില്ലുകൾ
പോപ്പ് ഫ്രാൻസിസിന്റേതായി ക്രിസ്തീയസമൂഹത്തിനു പുറത്തും ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയം തീർച്ചയായും എൽജിബി ടിക്യു നിലപാടുകളാണ്. ഒരേസമയം നായകനായും പ്രതിനായകനായും പോപ്പ് മാറിയ തീവ്രവിവാദം. അത്യന്തം സരളവും മാനവിക തയിലധിഷ്ഠിതവുമായ കാരുണ്യം മാത്രമായിരുന്നു യഥാർഥത്തിൽ മാർപാപ്പയുടെ ഇക്കാര്യത്തിലുള്ള നിലപാടിന്റെ അടിസ്ഥാനം. ഇതു ബോധ്യപ്പെടാൻ ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളുടെ നാൾവഴി പരിശോധിച്ചാൽ മാത്രം മതി. സഭയുടെ ദാർശനികനിഷേധമോ പൊടുന്നനെയുള്ള ഒരു വിപ്ലവമോ ആസൂത്രണം ചെയ്ത പ്രവർത്തനമേ ആയിരുന്നില്ല ഇക്കാര്യത്തിലുള്ള സംഭവങ്ങൾ. എന്നാൽ മാനവികതയുടെ, കാരുണ്യത്തിന്റെ പ്രകാശകിരണങ്ങളാൽ തന്നെ വത്തിക്കാൻ ആകാശത്തിൽ മങ്ങിയതെങ്കിലും ഒരു മഴവില്ലു വിരിഞ്ഞു എന്നതൊരു യാഥാർഥ്യമാണ്. അതിന്റെ ഫലം തീർച്ചയായും അത്യന്തം പുരോഗമനാത്മകമാണ് എന്നതു നിസ്സംശയവുമാണ്.
2013 ജൂലൈയിൽ റിയോ ഡിജനീറോയിൽ നിന്നുള്ള പോപ്പിന്റെ വിമാനത്തിലെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തിലുള്ള പ്രഥമവും ഏറ്റവും പ്രസിദ്ധവുമായ പ്രതികരണമുണ്ടായത്. “ഒരാൾ സ്വവർഗാനുരാഗിയാണെങ്കിലും അവൻ കർത്താവിനെ തേടുകയും നല്ല മനസ്സ് ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഞാൻ ആരാണ് അവനെ വിധിക്കാൻ?" എന്ന് അദ്ദേഹം ചോദിച്ചു. ആത്മാർഥമായ വിനയത്തിലും മനുഷ്യസ്നേഹത്തിലും കുതിർന്ന ചോദ്യമായിരുന്നു അത്. അന്ത്യ ന്യായവിധിയോളം വിധിക്കാനുള്ള അർഹത ക്രിസ്തുവിന് മാത്രമുള്ളതാണ്. മനുഷ്യർക്ക് മനുഷ്യരെ വിധിക്കാനുള്ള അധികാരം കർത്താവ് നൽകിയിട്ടില്ല. വഴിപിഴച്ചവളെ കല്ലെറിഞ്ഞു വിധി നടപ്പാക്കുന്ന പഴയനിയമത്തിൽ നിന്ന് വേറിട്ടു നടന്നവനാണ് ക്രിസ്തു. ക്രൈസ്തവ സഭയുടെ വലിയ ഇടയനായ പോപ്പ് ക്രിസ്തുവോളം വിനയവാനായിരിക്കുക എന്ന മഹാദർശത്തിലെ മിന്നൽത്തിളക്കം 'ഞാനാരാണ് വിധിക്കാൻ?'എന്ന ചോദ്യത്തിലുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള സ്വവർഗാനുരാഗികൾ ആവേശപൂർവം പോപ്പിന്റെ ആ ചോദ്യത്തെ ഏറ്റെടുത്തു. അവരെ വിധിക്കുന്ന മനുഷ്യർ മാത്രം ചുറ്റുമുള്ള ലോകത്തിൽ ഭൂഗോളത്തിലെ ഏറ്റവും കൂടുതൽ ജനങ്ങളുടെ ആത്മീയ നേതാവ് ചോദിക്കുകയാണ്, ഞാൻ ആരാണ് അവരെ വിധിക്കാൻ എന്ന് ! ആ ചോദ്യം തീർച്ചയായും ഈ വിഷയത്തിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ടു.
2019-08 Francesco മെന്ററിയിലെ അഭിമുഖത്തിലാണ് പിന്നീട് ഈ വിഷയത്തിൽ പോപ്പിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. “സ്വവർഗാനുരാഗികൾക്ക് കുടുംബത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്. കുടുംബത്തിനുള്ള അവകാശമുണ്ട്. ആരും പുറന്തള്ളപ്പെടുകയോ അതിന്റെ പേര് പറഞ്ഞ് ദുഃഖിതരാകുകയോ ചെയ്യരുത്." ഇതായിരുന്നു പ്രതികരണം. “നമ്മൾ സൃഷ്ടിക്കേണ്ടത് ഒരു സിവിൽ യൂണിയൻ നിയമമാണ്. അങ്ങനെ അവർ നിയമപരമായി പരിരക്ഷിക്കപ്പെടും. ഞാൻ അതിനുവേണ്ടി നിലകൊണ്ടു”-അദ്ദേഹം പറഞ്ഞു. ഇത് ബ്യൂണസ് ഐറിസിന്റെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ സ്വവർഗ വിവാഹത്തിന് പകരമായി നിയമപരമായ സംരക്ഷണങ്ങളെ അനുകൂലിച്ച അദ്ദേഹത്തിന്റെ നിലപാടുമായി യോജിക്കുന്നതായിരുന്നു. 2024-ലെ അദ്ദേഹത്തിന്റെ ആത്മകഥയിൽ, ഈ നിലപാട് അദ്ദേഹം വീണ്ടും ഉറപ്പിച്ചു: “പ്രണയത്തിന്റെ ദാനം ജീവിക്കുന്ന ഈ ആളുകൾക്ക് മറ്റുള്ളവരെപ്പോലെ നിയമപരമായ പരിരക്ഷ ലഭിക്കുന്നത് ശരിയാണ്.” എന്ന് പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം ഉറപ്പിക്കുന്നു.
സ്വവർഗാനുരാഗത്തെ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന നിയമങ്ങളെ ഫ്രാൻസിസ് ശക്തമായി അപലപിച്ചു. അവ നീതിരഹിതമാണെന്ന് നിസ്സംശയം പ്രഖ്യാപിക്കുകയും അവയുടെ റദ്ദാക്കലിനായി സഭ വാദിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. 2023 ഫെബ്രുവരിയിൽ വിമാനത്തിലെ പത്രസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം ശക്തമായി പറയുന്നുണ്ട്.
“സ്വവർഗ പ്രവണതകളുള്ള വ്യക്തികൾ ദൈവത്തിന്റെ മക്കളാണ്. ദൈവം അവരെ സ്നേഹിക്കുന്നു. ദൈവം അവരെ അനുഗമിക്കുന്നു... ഇങ്ങനെ ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് പാപമാണ്. സ്വവർഗ പ്രവണതകളുള്ളവരെ ക്രിമിനലൈസ് ചെയ്യുന്നത് അനീതിയാണ്.
ഡോണൾഡ് ട്രംപ് ഇന്ന് അമേരിക്കയിൽ കൈക്കൊള്ളുന്ന ഭീകരമായ സ്വവർഗവിരുദ്ധത മാർപാപ്പ തരിമ്പും അംഗീകരിച്ചില്ല എന്ന് മാത്രമല്ല, അതിശക്തമായി തുറന്നു വിമർശിക്കുകയും ചെയ്തു എന്നത് പ്രാധാന്യമർഹിക്കുന്നതാണ്.
പൊതുവീടിന്റെ പരിപാലനധർമം
2015 ജൂൺ 15-ന് വത്തിക്കാന്റെ ചാക്രികലേഖന ചരിത്രത്തിൽ ഒരു പുത്തനധ്യായം വിരചിക്കപ്പെട്ടു. ഏറെ പ്രശംസയും അതിലേറെ വിമർശനവും നേരിട്ട ഒരു പുത്തനധ്യായം. പരിസ്ഥിതിയെ പൂർണമായി കേന്ദ്രീകരിക്കുന്ന ആദ്യത്തെ പാപ്പൽ എൻസൈക്ലിക്കൽ പുറത്തിറങ്ങി- ലൗദാത്തോസി. ഭൂഗോളമെന്ന നമ്മുടെ പൊതുഗൃഹപരിപാലനത്തിന്റെ പാപ്പൽ നിർദേശങ്ങൾ. ഫ്രാൻസിസ് മാർപാപ്പയുടെ ഉറച്ച പാരിസ്ഥിതികദർശനം പ്രകാശിപ്പിക്കപ്പെട്ട ചാക്രികലേഖനം അതിവിശദവും സമഗ്രവുമാണ്. പരിസ്ഥിതി നാശവും സാമൂഹിക സാമ്പത്തിക അസമത്വങ്ങളും തമ്മിൽ നിശിതമായി ബന്ധപ്പെടുത്തുന്ന സമഗ്ര പരിസ്ഥിതിദർശനം. പരിസ്ഥിതി പ്രശ്‌നങ്ങളെ ദാരിദ്ര്യം, അസമത്വം, മനുഷ്യചുഷണം തുടങ്ങിയ വിഷയങ്ങളിൽ നിന്ന് വേർതിരിക്കാനാവില്ലെന്ന് അദ്ദേഹം
കാര്യകാരണങ്ങൾ എണ്ണിപ്പറഞ്ഞ് വാദിക്കുന്ന ഈ ചാക്രികലേഖനം തികച്ചും അസാധാരണമായിരുന്നു. ആത്മീയ ബാഹ്യ വിഷയങ്ങളിൽ പോപ്പ് എന്തിനു സംസാരിക്കണമെന്ന് സഭയിലെ യാഥാസ്ഥിതിക പക്ഷം ഉറക്കെത്തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഈ വിഷയത്തിൽ നിശ്ശബ്ദനായിരിക്കുക അസാധ്യമായിരുന്നു. ഭൂമി ഒരു പൊതുവിടാണെന്നും, ദൈവത്തിന്റെ സൃഷ്ട്‌ടിയുടെ കാര്യസ്ഥന്മാരായി മനുഷ്യർക്ക് അതിനെ പരിപാലിക്കേണ്ട ഉത്തര വാദിത്വമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുടിയേറ്റത്തിന്റെ ക്രിസ്തീയമൂല്യം
'എനിക്കു വിശന്നു. നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു. നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു. ഞാൻ സഞ്ചാരിയായിരുന്നു. എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു.'
(മത്തായിയുടെ സുവിശേഷം 25:35).
ഫ്രാൻസിസ് മാർപാപ്പ പല തവണ ഉദ്ധരിച്ച ഒരു ബൈബിൾ വാക്യമാണിത്. കുടിയേറ്റക്കാരുടെ വിഷയത്തിൽ സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം മത്തായിയുടെ സുവിശേഷമോർത്തു. കുടിയേറ്റക്കാരന്റെ ഹൃദയം തിരിച്ചറിയാൻ അദ്ദേഹത്തിന് പുറത്തേക്ക് നോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം തന്നെ ഫാസിസ്റ്റ് ദുർഭരണകാലത്തെ ഇറ്റലിയിൽനിന്ന് ലാറ്റിനമേരിക്കയിലേക്ക് കുടിയേറിയവരാണ്. എന്നും എപ്പോഴും അദ്ദേഹം കുടിയേറ്റക്കാരെക്കുറിച്ച് അനുതാപപൂർവം സംസാരിച്ചു. മാർപാപ്പയായി ചുമതലയേറ്റശേഷം അദ്ദേഹത്തിന്റെ ആദ്യ യാത്ര തന്നെ കുടിയേറ്റക്കാരുടെ മുന്നിലേക്ക്, ലാംപഡുസ എന്ന ചെറു ദ്വീപിലേക്കായിരുന്നു. അവിടെ വച്ചുതന്നെ അദ്ദേഹം ഇക്കാര്യത്തിലുള്ള ആഗോള അനാസ്ഥയുടെ വിമർശനം നടത്തി. കുടിയേറ്റത്തെ ഒരു രാഷ്ട്രീയ പ്രശ്നത്തേക്കാൾ ആഗോള മനുഷ്യപ്രശ്നമായിട്ടാണ് അദ്ദേഹം കണ്ടത്. കുടിയേറ്റക്കാരുടെ സാംസ്കാരിക സ്വത്വങ്ങളെ മാനിച്ചുകൊണ്ട് അവരെ ആതിഥേയ സമൂഹങ്ങളിൽ സമന്വയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയവരും പ്രാദേശികരും തമ്മിലുള്ള പരസ്പര സമ്പുഷ്‌ടീകരണം ആഗോളമായി സാധ്യമാകുമ്പോൾ പുതിയൊരു ലോകമാനവികബോധം ഉരുത്തിരിഞ്ഞു വരുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു.
കുടിയേറ്റങ്ങളുടെയും അഭയാർഥി പ്രവാഹങ്ങളുടെയും മൂല കാരണങ്ങളെക്കുറിച്ചും അവയുടെ പരിഹാരത്തെക്കുറിച്ചും ഇത്രയും ആഴത്തിൽ ചിന്തിച്ച മറ്റൊരു മാർപാപ്പയില്ല. ദാരിദ്ര്യം, യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കുടിയേറ്റത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഒന്നിലേറെ തവണ പറഞ്ഞിട്ടുള്ളതാണ്.
പത്രോസിന്റെ പാറയിലെ പരിക്കുതീർക്കലുകൾ
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഏറ്റവുമധികം വിമർശനം നേരിട്ടത് സഭയുടെ ആന്തരികമായ ദുഷിപ്പുകൾക്കെതിരായ ക്രിയാത്മക മാറ്റമുണ്ടായില്ല എന്നതിലായിരുന്നു. സഭ നിരന്തരമായി വിവാദങ്ങളിലകപ്പെട്ട ഘട്ടം കൂടിയായിരുന്നു അത്. തുടർച്ചയായ പുരോഹിതരുടെ ലൈംഗികപീഡന പരാതികൾ, ബാലപീഡന പരാതികൾ എന്നിവയെല്ലാം ഉയർന്ന കാലം. ബെനഡിക്ട് പതിനാറാമൻ അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താതിരുന്നിട്ടില്ല. എന്നാൽ അവ വേണ്ടത്ര ഫലപ്രാപ്തിയിൽ എത്തിയില്ല എന്നത് യാഥാർഥ്യമാണ്. ഈ പ്രശ്നങ്ങൾക്ക് മധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ ആ സ്ഥാനത്തെത്തുന്നത്. സെൻ്റ് പീറ്ററിൽനിന്ന് ആരംഭിക്കുന്ന കത്തോലിക്കാ ദൗത്യത്തിന് വിരുദ്ധവും ലൈംഗിക ദുരുപയോഗം ഉൾപ്പെടെയുള്ള അപവാദങ്ങളുടെ മൂല കാരണവുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ തുറന്നു വ്യക്തമാക്കി. പടിപടിയായ ഘടനാപരമായ അനേകം മാറ്റങ്ങൾക്ക് പോപ്പ് ഫ്രാൻസിസ് തുടക്കം കുറിച്ചു. 2021 -ൽ കാനോൻ നിയമം പരിഷ്കരിച്ച്, ദുരുപയോഗ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അല്മായരെ ഉൾപ്പെടുത്തി പോപ്പ് ഫ്രാൻസിസ് പുരോഹിതന്മാരുടെ സഭയുടെ ആന്തരിക വിശുദ്ധിയെ ആഴത്തിൽ വീണ്ടെടുക്കുക എന്ന ദൗത്യം കഴിവിന്റെ പരമാവധി ശക്തിയുപയോഗിച്ച് പരിശ്രമിച്ച മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. ക്ലെറിക്കലിസത്തെ സഭയിലെ ഒരു 'രോഗ'മായി പോപ്പ് ഫ്രാൻസിസ് കണ്ടു. ക്ലെറിക്കലിസം പുരോഹിതന്മാരും ബിഷപ്പുമാരും സേവനത്തിന് മുൻഗണന നൽകാതെ അധികാരത്തിന് ഊന്നൽ നൽകുന്ന, അല്‌മായരെ അകറ്റുന്ന അതിമോഹ ഘടനകൾ സൃഷ്ടിക്കുന്ന ഒരു സംസ്‌കാരമാണ്. ക്ലെറിക്കലിസം സഭയുടെ ദൗത്യത്തിന് വിരുദ്ധവും ലൈംഗിക ദുരുപയോഗം ഉൾപ്പെടെയുള്ള അപവാദങ്ങളുടെ മൂലകാരണവുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ തുറന്നു വ്യക്തമാക്കി. പടിപടിയായ ഘടനാപരമായ അനേകം മാറ്റങ്ങൾക്ക് പോപ്പ് ഫ്രാൻസിസ് തുടക്കം കുറിച്ചു. 2021 -ൽ കാനോൻ നിയമം പരിഷ്കരിച്ച്, ദുരുപയോഗ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അല്മായരെ ഉൾപ്പെടുത്തി പോപ്പ് ഫ്രാൻസിസ് പുരോഹിതന്മാരുടെ ഏകാധിപത്യ നിയന്ത്രണം കുറച്ചു.
ഈ അധികാര വികേന്ദ്രീകരണം പുരോഹിതന്മാർക്കിടയ്ക്ക് തന്നെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ പോപ്പ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. 'പുരോഹിതരുടെ അമിതമായ നാർസിസിസ്റ്റിക് മനോഭാവം ആധിപത്യപരമായ ആത്മീയത'യിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. പുരോഹിതന്മാരോട് വിനയത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു.
2025 -ലെ ഹോമിലിയിൽ, ക്ലെറിക്കലിസം ഉപേക്ഷിച്ച് പ്രത്യാശാപൂർണമായ സേവനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
സോദരത്വേന എന്ന ചാക്രിക ലേഖനം
നാരായണഗുരു എന്ന നമ്മുടെ നാടിന്റെ ഉഗ്രധിഷണയുടെ ആശയമായ സോദരത്വേന എന്ന മഹാദർശം കോവിഡ് മഹാമാരിയുടെ കാലത്തിൽ വത്തിക്കാനിൽ നിന്ന് ചാക്രികലേഖനമായി പുറത്തിറങ്ങി. 2020 ഒക്ടോബർ 3-ന് പ്രകാശിക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേ
ഖനം- Fratelli Tutti. എല്ലാവരും സഹോദരൻമാർ എന്നാണ് ഇറ്റാലിയൻ ഭാഷയിൽ ഈ വാക്കിന്റെ അർഥം. പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ നാരായണ ഗുരുവിന്റെ ആശയവുമായി 'Fratelli Tutti'ക്ക് ബന്ധമില്ലായിരിക്കാം. എന്നാൽ ആശയം ഒന്നുതന്നെയാണ്, സോദരത്വേന എന്ന മഹാദർശം. യുദ്ധം, അസമത്വം, കുടിയേറ്റം, വിഭജനം തുടങ്ങിയ സമകാലീന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സാഹോദര്യവും സാമൂഹ്യ സൗഹൃദവും
- Fratelli Tutti. എല്ലാവരും സഹോദരൻമാർ എന്നാണ് ഇറ്റാലിയൻ ഭാഷയിൽ ഈ വാക്കിന്റെ അർഥം. പ്രത്യക്ഷത്തിലോ പരോ ക്ഷത്തിലോ നാരായണഗുരു വിന്റെ ആശയവുമായി 'Fratelli Tutti'ക്ക് ബന്ധമില്ലായിരിക്കാം. എന്നാൽ ആശയം ഒന്നുതന്നെ യാണ്, സോദരത്വേന എന്ന മഹാദർശം. യുദ്ധം, അസമത്വം, കുടിയേറ്റം, വിഭജനം തുടങ്ങിയ സമകാലീന ആഗോള വെല്ലുവി ളികളെ അഭിമുഖീകരിക്കുന്നതിന് സാഹോദര്യവും സാമൂഹ്യ സൗഹൃദവും അനിവാര്യ തത്വങ്ങളായി ഊന്നിപ്പറയുകയാണ് ഫ്രാൻസിസ് മാർപാപ്പ ഈ ചാക്രിക ലേഖനത്തിൽ ചെയ്തത്. ശീർഷകം, അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ നാമധേയം, പോപ്പ് ഫ്രാൻസിസിൽ ആഴത്തിൽ വേരൂന്നിയ ഫ്രാൻസിസ് അസീസിയുടെ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്നു. നമ്മുടെ കാലം കണ്ട ഏറ്റവും ഗംഭീരമായ ആത്മീയ ലേഖനമായിരുന്നു Fratelli Tutti. കാലത്തെ അതിക്രമിച്ചു മുഴങ്ങുന്ന മാനവികതയുടെ ശബ്ദം.
എല്ലാ മനുഷ്യരും മതം, സംസ്കാരം, ദേശീയത എന്നിവയിലെ വ്യത്യാസങ്ങൾക്കപ്പുറം സഹോദരങ്ങളാണെന്ന് പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കുകയാണ്. ക്രിസ്ത്യാനികളോ, ഏതെങ്കിലും സവിശേഷമതമോ വർഗമോ വർണമോ ലിംഗമോ ഒന്നുമല്ല, സകലരും, സകല മനുഷ്യരും.'നമുക്ക് ഒരൊറ്റ മനുഷ്യ കുടുംബമായി, ഒരേ ശരീരം പങ്കിടുന്ന സഹയാത്രികരായി, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ മക്കളായി, ഓരോരുത്തരും തങ്ങളുടെ വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും സമ്പത്ത് കൊണ്ടു വന്ന്, ഓരോരുത്തരും തങ്ങളുടെ ശബ്ദവുമായി, എല്ലാവരും സഹോദരങ്ങളായി ജീവിക്കുന്നത് സ്വപ്നം കാണാം' (പാര. 8).
മാനവികതയുടെ ഈ മഹാ സ്വപ്നത്തെ വൈകിപ്പിക്കുന്ന കാര്യകാരണങ്ങളെ പോപ്പ് ഫ്രാൻസിസ് കൃത്യതയോടെ വിശകലനം ചെയ്യുന്നു. വ്യക്തിത്വവാദം, ഉപഭോഗവാദം, ഉദാസീനത എന്നിവ സാഹോദര്യത്തെ ഇല്ലാതാക്കുന്നുവെന്ന് ഫ്രാൻസിസ് വിമർശിക്കുന്നു. ദരിദ്രർ, കുടിയേറ്റക്കാർ, ദുർബലർ എന്നിവരെ തള്ളിക്കളയുന്ന 'തള്ളിക്കളയൽ സംസ്ക്‌കാര'ത്തിന്റെ അപകടങ്ങളെ അദ്ദേഹം എടുത്തുകാണിക്കുന്നു. ലാഭത്തിന് മനുഷ്യരെക്കാൾ മുൻഗണന നൽകുന്ന ആഗോളവൽക്കരണത്തിന്റെ പരാജയങ്ങളെയും ആവശ്യക്കാരെ അതിർത്തികൾ അടച്ച് തടയുന്ന വിദേശ വിരോധവും ദേശീയതാവാദവും അദ്ദേഹം അപലപിക്കുന്നു. ദേശീയതാവാദത്തിന്റെ പ്രശ്നത്തെ ധീരമായി അഭിസംബോധന
ചെയ്യുന്ന നമ്മുടെ കാലത്തിലെ പ്രാമാണികമായ പാഠം ഈ ചാക്രിക ലേഖനമാണ്.
യുദ്ധം എന്ന ശാശ്വതപരാജയം
രണ്ടാം ലോകമഹാ യുദ്ധത്തിന്റെ രക്തമുണങ്ങാത്ത വർഷങ്ങളിലാണ് പോപ്പ് ഫ്രാൻസിസിന്റെ ജനനം. മുസോളിനിയുടെ സ്വേച്ഛാധികാരത്തിനു കീഴ്പ്പെട്ട ഇറ്റലിയിൽനിന്ന് ലാറ്റിനമേരിക്കയിലേക്ക് പോയവരാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വേരുകളിൽ നിന്ന്, ആനുഭവികമായ അസ്ഥിവാരത്തിൽ നിന്നാണ് പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തിൻ്റെ യുദ്ധവിരുദ്ധ നയം രൂപീകരിക്കുന്നത്. മുമ്പും മിക്കവാറുമെല്ലാ പോപ്പുകളും യുദ്ധത്തിനെ ഒഴിവാക്കാനായി അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടേത് നിശിതമായ നീതിബോധ്യത്തിലൂന്നിയ യുദ്ധവിരുദ്ധ നിലപാടായിരുന്നു. ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിലെ അദ്ദേഹത്തിന്റെ നിലപാടുകളിൽ തന്നെ അതു തെളിഞ്ഞു കാണാം. യുക്രെയ്ൻ യുദ്ധത്തിലും അത് സുവ്യക്തമായിരുന്നു.
പലസ്തീനികളുടെ അവകാശങ്ങളും മഹത്വവും അംഗീകരിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. അവരുടെ ക്ഷേമത്തെ ബാധിക്കുന്ന അക്രമവും അധിനിവേശവും തുറന്നു തന്നെ അപലപിച്ചു. 2014 -ൽ ബെത്ലഹേമിൽ വച്ച് പലസ്തീൻ അഭയാർഥികളെ അദ്ദേഹം നേരിട്ടു കണ്ട് അവരുടെ കഷ്ടപ്പാടുകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 2023-ൽ ഗാസയിലെ കൂട്ടക്കൊലകൾ മധ്യേ അദ്ദേഹം വെടിനിർത്തലിനും മാനുഷിക സഹായത്തിനും ആഹ്വാനം ചെയ്തു. സ്ഥിതിഗതികളെ 'മനുഷ്യ നിർമിത ദുരന്തം' എന്നാണ് പോപ്പ് ഫ്രാൻസിസ് വിശേഷിപ്പിച്ചത്. ഇസ്രയേൽ, പലസ്തീൻ നേതാക്കന്മാരുമായി 2014-ൽ വത്തിക്കാനിൽ തന്നെ ഷിമോൺ പെരസ്, മഹ്‌മുദ് അബ്ബാസ് എന്നിവർക്കൊപ്പം സംയുക്ത പ്രാർഥനകൾ നടത്തി. സംഘർഷചക്രം ഭേദിക്കാൻ സംഭാഷണം അത്യന്താപേക്ഷിതമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം വരെയുള്ള നിലപാട്. സംഭാഷണങ്ങളിലുടെ പരിഹാരം കണ്ടെത്താനാവാത്തത്രയും ഒരു സങ്കീർണതയും ഈ പ്രശ്നത്തിനില്ല എന്നദ്ദേഹം ആവർത്തിച്ചു. പക്ഷേ ലോകനേതാക്കൾ അവ കേട്ടില്ല, അഥവാ കേട്ടതായി ഭാവിച്ചില്ല.
ചേരിയുടെ ബിഷപ്പും കമ്യൂണിസ്റ്റ് പോപ്പും
മുതലാളിത്തത്തോടുള്ള വിമർശനങ്ങൾ, പാരിസ്ഥിതിക നിലപാടുകൾ, പരിണാമ സിദ്ധാന്തവും ബിഗ്ബാംഗ് തിയറിയും അംഗീകരിക്കുന്ന പ്രസ്താവനകൾ എന്നിങ്ങനെ ഒട്ടുമിക്ക സംഭവങ്ങളിലും അദ്ദേഹം കേട്ട ഒരു ഇരട്ടപ്പേര് കമ്യൂണിസ്‌റ്റ് പോപ്പ് എന്നതായിരുന്നു. അർജന്റീനയിലെ കാലത്ത് അദ്ദേഹത്തിന് ആദ്യമായി ലഭിച്ച ഒരു വിളിപ്പേര് ചേരിയിലെ ബിഷപ്പ് എന്നായിരുന്നു എന്നത് ചേർത്തു വായിക്കാം. ചേരിയിലെ മനുഷ്യരുടെ, ഏറ്റവും അടിസ്ഥാന വർഗത്തിന്റെ ആത്മീയ പുരോഹിതനായി ആദ്യഘട്ടത്തിലേ വാഴ്ത്തപ്പെട്ട ഒരാൾക്ക് പിന്നീട് ലഭിക്കാവുന്ന സ്വാഭാവികമായ വിളിപ്പേരായിരുന്നു കമ്യൂണിസ്‌റ്റ്. ഒരുകാലത്തും പോപ്പ് ഫ്രാൻസിസ് സ്വയം കമ്യൂണിസ്‌റ്റ് എന്ന് വിളിച്ചിട്ടില്ല. കമ്യൂണിസ്‌റ്റ് ആശയവാദത്തെ പൂർണമായും പിന്തുണച്ചിട്ടുമില്ല. എന്നാൽ അന്ധമായ കമ്യൂണിസ്‌റ്റ് വിരോധം വച്ചു പുലർത്തുന്ന യാഥാസ്ഥിതികപക്ഷത്തിന്റെ നിലപാട് പോപ്പ് ഫ്രാൻസിസിന് ഉണ്ടായിരുന്നതേയില്ല. 2022 -ൽ അമേരിക്ക മാഗസിനുമായി നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് താങ്കൾ നിരന്തരം കമ്യൂണിസ്‌റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഉത്തരമായി ഇങ്ങനെ പറഞ്ഞു:
ഞാൻ ഒരു സാമൂഹിക ശാസ്ത്രപരമായ വീക്ഷണത്തിൽ മാത്രം കാണുകയാണെങ്കിൽ, അതെ, ഞാൻ ഒരു കമ്യൂണിസ്‌റ്റാണ്. യേശുവും അങ്ങനെ തന്നെ. പിന്നെ സ്വതസിദ്ധമായ നർമത്തോടെ ഒരു കുട്ടിച്ചേർക്കൽ കൂടിയുണ്ട് - 'കമ്യൂണിസ്റ്റുകൾ ഞങ്ങളുടെ ചില ക്രി സ്ത്യൻ മൂല്യങ്ങൾ മോഷിച്ചു.
പാവപ്പെട്ടവരോടു ള്ള പക്ഷപാതിത്വം തുടങ്ങിയ ധാർമികമുല്യങ്ങൾ കമ്യൂണിസ്റ്റുകാർക്ക് ഉണ്ട് എന്ന പരോക്ഷ പ്രസ്താവന കൂടിയാണ് ഈ അവസാന വാചകം. 2015 സെപ്തംബറിൽ ക്യൂബ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പ ഫിദൽ കാസ്ട്രോയെ കണ്ടു. ഹവാനയിലെ ഫിദലിന്റെ വസതിയിൽ വച്ച് നടന്ന ഈ സ്വകാര്യ കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടു നിന്നിരുന്നു. ഇരുവരും തങ്ങളുടെ പുസ്‌തകങ്ങൾ കൈമാറി. പിന്നീട് റൗൾ കാസ്ട്രോ പലതവണ പോപ്പ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
കാലം പോപ്പ് ഫ്രാൻസിസിനോട് നീതികാണിച്ചുവോ? നിരാശാജനകമായ ഉത്തരം ഇല്ല എന്നാണ്. ഗാന്ധിയെ പോപ്പ് വായിച്ചിരുന്നു. ഗാന്ധി തന്റെ അവസാനകാലത്ത്, തനിയേ നടന്നു പോവുകയാണ് താൻ എന്നു പരിതപിച്ചു. ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് അത്തരമൊന്ന് നാം കേൾക്കാഞ്ഞത് കത്തോലിക്കാ സഭയുടെ പേപ്പൽ ഔപചാരികതയിൽ അദ്ദേഹം നിലനിന്നതിനാൽ മാത്രമായിരിക്കണം. അസംബന്ധങ്ങളുടെ ഘോഷ യാത്രയായി മാറിയ സ്വേച്ഛാധികാരികളുടെ ശബ്ദഘോഷത്തിൽ, രക്തദാഹികളായ യുദ്ധക്കൊതിയൻമാരുടെ ലോകത്തിൽ, ഗാസയിൽ ഇന്നും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ബാക്കിയാവുന്ന ഭൂമിയിൽ ആ മനുഷ്യസ്നേഹിയുടെ അവസാന ഈസ്‌റ്ററും ദുഃഖഭരിതമായിരുന്നു.
Reference:
1) Lumen Fidei (The Light of Faith)
2) Laudato Si' (On Care for Our Common Home)
3) Fratelli Tutti (On Fraternity and Social Friendship)
4) Dilexit Nos (He Loved Us)
5) Evangelii Gaudium (The Joy of the Gospel, 2013):
6) Amoris Laetitia (The Joy of Love, 2016)
7) Laudate Deum (Praise God, 2023)
8) Pope Francis: A Man of His Word (2018) documentary
9) Hope: The Autobiography (2025) Author: Pope Francis
10) A Stranger and You Welcomed Me: A Call to Mercy and Solidarity with Migrants and Refugees (2018) Author: Pope Francis, edited by Robert Ellsberg
https://www.deshabhimani.com/epaper/newspaper/weekly/2025-05-08?page=13&type=fullview
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ