2024, ഡിസംബർ 18, ബുധനാഴ്‌ച

മലങ്കര സഭാ കേസ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് മനോരമ റിപ്പോർട്ട്

സഭാക്കേസ്: മുൻ ഉത്തരവ് പ്രശ്‌നം സൃഷ്‌ടിക്കാൻ ആയിരുന്നില്ലെന്ന് കോടതി

2017 ലെ വിധിയിൽ പരിശോധിച്ചത് അന്നു കേസിൽ പരാമർശിക്കപ്പെട്ട പള്ളികളുമായി മാത്രം

മനോരമ ലേഖകൻ

ന്യൂഡൽഹി • സഭാക്കേസിൽ ഉത്തരവുകൾ പ്രശ്ന‌ം സൃഷ്ടിക്കാനല്ല, പ്രശ്ന‌ പരിഹാരം ഉദ്ദേശിച്ചായിരുന്നുവെന്നു സുപ്രീം കോടതി വാക്കാൽ വ്യക്തമാക്കി. 2017 ലെ വിധി അന്നു കേസിൽ പരാമർശിക്കപ്പെട്ട പള്ളികളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ളതാണെന്നു ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്താകെയുള്ള കാര്യം 2017 ലെ വിധിയിൽ പരിശോധിച്ചില്ലെന്നും കേരളത്തിനു പുറത്തും പള്ളികളുണ്ടാകാമല്ലോയെന്നും കോടതി പറഞ്ഞു. കർണാടകയിലും ഗോവയിലും തമിഴ്നാട്ടിലും ഉൾപ്പെടെ എന്താണ് ഇക്കാര്യത്തിൽ സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

എന്നാൽ, സഭാതർക്കത്തിലെ വിഷയങ്ങൾ സുപ്രീം കോടതിയുടെ വിവിധ ബെഞ്ചുകൾ തീർപ്പാക്കിയതാണെന്നു ഓർത്തഡോക്സ് സഭ മറുപടി നൽകി. തങ്ങളും അതു ചോദ്യം ചെയ്യുന്നില്ലെന്നു ബെഞ്ച് പറഞ്ഞു. കേസിൽ ഇന്നലെ ഒന്നര മണിക്കൂറോളം വാദം നീണ്ടു. വിഷയത്തിൽനിന്നു വഴുതി മാറിപ്പോകുന്നുവെന്ന നിരീക്ഷണത്തോടെ ബെഞ്ച് തന്നെയാണ് കേസ് വിശദ വാദത്തിനായി മാറ്റിയത്.

മൃതദേഹം സംസ്ക്‌കരിക്കുകയെന്ന ലക്ഷ്യത്തോടെ യാക്കോബായ വിഭാഗം അവരുടെ വിശ്വാസപ്രകാരം ഉപയോഗിക്കുന്നതിൽ കുഴപ്പമെന്താണെന്നു; കോടതി ചോദിച്ചു. അതിൽ ഗൗരവമേറിയ പ്രശ്നമുണ്ടെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ മറുപടി. സംസ്‌കാരം മാത്രമായി ഓർത്തഡോക്സ് പള്ളികളുടെ ഭാഗമായ സെമിത്തേരിയിൽ നടത്തുന്നതിനെ എതിർക്കുന്നില്ല. ഇഷ്ടാനുസരണം വൈദികനെ വച്ചു മറ്റൊരിടത്തു ശുശ്രൂഷ നടത്തി വേണം ഇതെന്നു വ്യക്‌തമാക്കി സത്യവാങ്മൂലം നൽകിയിരുന്നതായും അവർ ചൂണ്ടിക്കാട്ടി.

തർക്കമുള്ള പള്ളികളിൽ ഇരു വിഭാഗത്തിനുമുള്ള അംഗബലം യാക്കോബായ സഭ ഉന്നയിച്ചു. ഈ ഘട്ടത്തിൽ സംസ്ഥാനത്താകെ ഇരുവിഭാഗത്തിലുമുള്ള വിശ്വാസികളുടെ എണ്ണം ലഭ്യമാണോ എന്നു കോടതി ആരാഞ്ഞു 

തർക്കത്തിലുള്ള പള്ളികളുടെ കാര്യം സംസ്‌ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ നിന്ന് യാക്കോബായ സഭയുടെ അഭിഭാഷകൻ വായിച്ചു കേൾപ്പിച്ചു. തുടർന്നാണു സംസ്ഥാനത്തെ മൊത്തം കണക്ക് വേണമെന്ന നിലപാടിലേക്കു കോടതി എത്തിയത്.

വിശ്വാസികളുടെ കണക്കെടുപ്പും മറ്റും കോടതിയുടെ മേൽ നോട്ടത്തിൽ മുൻപു നടന്നിട്ടുള്ളതാണെന്നും വീണ്ടും അതിന്റെ ആവശ്യം ഇല്ലെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു. ഓർത്തഡോക്സ് സഭയ്ക്കായി സി.യു. സിങ്, കൃഷ്ണ‌ൻ വേണുഗോ പാൽ, ഇ.എം. സദറുൽ അനാം, എസ്. ശ്രീകുമാർ എന്നിവരും യാക്കോബായ സഭയ്ക്കായി രഞ്ജിത് കുമാർ, ശ്യാം ദിവാൻ, പി.വി. ദിനേശ്, എ. രഘുനാഥ്, പി.കെ.മനോഹർ എന്നിവരും സംസ്‌ഥാന സർക്കാരിനു വേണ്ടി കപിൽ സിബൽ, സ്‌റ്റാൻഡിങ് കൗൺസൽ സി.കെ. ശശി എന്നിവരും ഹാജരായി

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ

പഞ്ചായത്ത് അല്ലെങ്കിൽ സബ്‌ഡിവിഷൻ അടിസ്‌ഥാനത്തിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുടെ ജനസംഖ്യ

പഞ്ചായത്തിൽ അല്ലെങ്കിൽ സബ് ഡിവിഷനിൽ ഇരു വിഭാഗത്തിനുമുള്ള പള്ളികൾ

ഓരോ വിഭാഗത്തിനും പൂർണ ഭരണച്ചുമതലയുള്ള പള്ളികൾ

തർക്കത്തിലുള്ള പള്ളികൾ ഏതെല്ലാം, അവയുടെ ഭരണച്ചുമതലയുടെ നിലവിലെ സ്ഥിതി


സഭാക്കേസ്: വിശ്വാസികളുടെ എണ്ണമെടുക്കണമെന്ന് കോടതി

അനുരഞ്ജനമാണു വേണ്ടതെന്ന് സംസ്‌ഥാന സർക്കാർ: ശ്രമം തുടരണമെന്ന് സുപ്രീം കോടതി

മനോരമ ലേഖകൻ

ന്യൂഡൽഹി • കേരളത്തിൽ ഓർത്തഡോക്സ്, യാക്കോബായ സഭകളിൽപെട്ട വിശ്വാസികളുടെ എണ്ണമെത്ര, പള്ളികളുടെ നിയന്ത്രണം ആർക്ക് തുടങ്ങിയ വിവരങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചു. ഭരണക്കൈമാറ്റം സംബന്ധിച്ചു തർക്കമുള്ള 6 പള്ളികളുടെ വിഷയത്തിൽ ജനുവരി 29, 30 തീയതികളിൽ വിശദമായി വാദം കേൾക്കും.

കേസ് വീണ്ടും പരിഗണിക്കും വരെ തൽസ്‌ഥിതി തുടരാനും ജഡ്ജിമാരായ സുര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വാക്കാൽ നിർദേശിച്ചു. തൽസ്‌ഥിതി തുടരണമെന്ന നിർദേശം മറ്റു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഓർത്തഡോക്സ് സഭ വാദത്തിനിടെ പല തവണ പറഞ്ഞു. അത്തരം സാഹചര്യത്തിൽ ആവശ്യമെങ്കിൽ സർക്കാരിന് ഇടപെടാമെന്നു കോടതി മറുപടി നൽകി.

ഇടവകാംഗങ്ങളുടെ കണക്കുകളിൽ പൊരുത്തക്കേടുള്ളതിനാൽ ഇരുവിഭാഗത്തിനും പാരിഷ് രജിസ്റ്റർ ഹാജരാക്കാം. ഇരു  വിഭാഗങ്ങളും തമ്മിലുള്ള അനുരഞ്ജനമാണു വേണ്ടതെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബിൽ പറഞ്ഞപ്പോൾ തർക്കപരിഹാരത്തിനുള്ള ശ്രമം സർക്കാർ തുടരണമെന്നു കോടതി ആവശ്യപ്പെട്ടു.

എറണാകുളം, പാലക്കാട് ജില്ലകളിലെ പള്ളികളുടെ ഭരണച്ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലെ വിഷയങ്ങളാണ് തങ്ങൾ പരിഗണിക്കുന്നതെന്നു കോടതി വിശദീകരിച്ചു. ഈ പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്കു കൈമാറാൻ കോടതി ഈ മാസം മുന്നിനു യാക്കോബായ സഭയോടു നിർദേശിച്ചിരുന്നു. ആ ഉത്തരവു നിലനിർത്തണമെന്നു ഓർത്തഡോക്‌സ് സഭ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉത്തരവു പാലിക്കുന്ന കാര്യത്തിൽ ഇരുകക്ഷികളും നേരിട്ടോ അല്ലാതെയോ എതിർപ്പ് അറിയിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

തർക്കത്തിലുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്ന് നിർദേശിച്ചുള്ള ഉത്തരവിൽ സെമിത്തേരി, പള്ളികൾ, സ്കൂ‌ളുകൾ എന്നിവ എല്ലാ വിഭാഗത്തിനും ഉപയോഗിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്കാര ശുശ്രൂക്ഷകൾക്കു സെമിത്തേരികൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിനോടു വിയോജിപ്പുണ്ടെന്നും അതിനാൽ ഉത്തരവു പരിഷ്കരിക്കണമെന്നും ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകിയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ