2024, മാർച്ച് 21, വ്യാഴാഴ്‌ച

ക്രൈസ്തവ വേട്ടയുടെ മോദിക്കാലം


:

2014–-2024. മുസ്ലിം മതന്യൂനപക്ഷങ്ങൾമാത്രമല്ല, ക്രിസ്‌തുമതവിശ്വാസികളും ആക്രമിക്കപ്പെട്ട ക്രൂരദശകം. 2014ൽ നരേന്ദ്ര മോദി അധികാരമേറുമ്പോൾ മതനിരപേക്ഷവാദികൾ പ്രകടിപ്പിച്ച ആശങ്കകളെ ശരിവച്ച്‌ വിവിധ സംസ്ഥാനങ്ങൾ നീചമായ ക്രൈസ്തവവേട്ടയ്‌ക്ക്‌ സാക്ഷിയായി. വൈദികരും കന്യാസ്‌ത്രീകളും വിശ്വാസികളുമടക്കമുള്ളവർ സംഘപരിവാറിന്റെ കായികാക്രമണങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും ഇരയായി. ദേവാലയങ്ങൾ തകർക്കലും നിർബന്ധിതമായി ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യിക്കലും വിവിധ ക്രിസ്‌തീയ സഭയുടെ വിദ്യാലയങ്ങളും അനാഥാലയങ്ങളും സെമിത്തേരികളും ആക്രമിച്ചുനശിപ്പിക്കലും  ക്രിസ്‌തുമത വിശ്വാസികളുടെ മനസ്സിൽ അരക്ഷിതബോധത്തിന്റെ തീ കോരിയിട്ടു. മാസങ്ങളായി സംഘപരിവാർ ആക്രമണങ്ങളിൽ മണിപ്പുർ നിന്നുകത്തുകയാണ്‌. സ്‌ത്രീകളെ ബലാത്സംഗംചെയ്‌ത്‌ നഗ്നരാക്കി നടത്തിച്ച ക്രൂരതയിൽ ലോകത്തിനു മുന്നിൽ ഈ രാജ്യത്തിന്‌ തലകുനിച്ച്‌ നിൽക്കേണ്ടി വന്നു. 

ഓപ്പൺ ഡോർസ് ഇന്റർനാഷണൽ എന്ന സംഘടനയുടെ റിപ്പോർട്ടിൽ ക്രിസ്‌തുമതവിശ്വാസികളെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അപമാനകരമാംവിധം 15–--ാംസ്ഥാനത്താണ്. തെരഞ്ഞെടുപ്പുകാലത്ത്‌ കേരളത്തിലടക്കം അരമനകൾ നിരങ്ങുന്ന ബിജെപി സ്ഥാനാർഥികളെ വൈദികർ നിവർന്നുനിന്ന്‌ ചോദ്യം ചെയ്യുന്നതുവരെയെത്തി കാര്യങ്ങൾ. 

1964–-1996 കാലത്ത്‌ രാജ്യത്ത്‌ ആകെയുണ്ടായ ക്രൈസ്തവ വേട്ടയുടെ എണ്ണം 38. എന്നാൽ, 1997ൽമാത്രം 24 ആക്രമണങ്ങൾ. 1998ൽ ബിജെപിക്ക് കേന്ദ്രഭരണം. അതോടെ നാനായിടത്തുനിന്ന്‌, പ്രത്യേകിച്ച്‌ ഗോത്രവർഗമേഖലകളിൽനിന്ന്‌ തുടരെത്തുടരെ ആക്രമണവാർത്തകളുടെ പരമ്പര. 1998ൽ 90, 1999ൽ 120, 2000ത്തിൽ 216. വേട്ടക്കാർ അഴിഞ്ഞാടിയ കാലം. ഓരോ 36 മണിക്കൂറിനിടയിലും ഇന്ത്യയിൽ ഒരു ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നു എന്ന ഭയാനകമായ കണക്കുകൾ 2001ൽ അഖിലേന്ത്യ ക്രിസ്‌ത്യൻ കൗൺസിൽ പുറത്തുവിട്ടു. നിലവിൽ 24 മണിക്കൂറിൽ രണ്ട് പേർ ആക്രമിക്കപ്പെടുന്നുണ്ട്. 21 സംസ്ഥാനങ്ങളിലും ക്രൈസ്തവർ നിരന്തരം ആക്രമണത്തിന്‌ ഇരയാകുന്നുണ്ടെന്ന്‌ കൗൺസിലിന്റെ ഏറ്റവും പുതിയ കണക്ക്‌. ആക്രമണങ്ങളൊന്നും ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്‌.  

ആഘോഷമായി ചോരചിന്തും

ദുഃഖവെള്ളി, ഈസ്റ്റർ, ക്രിസ്‌മസ് ദിനങ്ങളാണ്‌ സംഘപരിവാർ ആക്രമണങ്ങൾക്ക്‌ തെരഞ്ഞെടുക്കുന്നത്‌. പലയിടത്തും പൊലീസിന്റെ അറിവോടെയാണിത്‌. കഴിഞ്ഞ ക്രിസ്‌മസ്‌ ദിനത്തിൽമാത്രം നടന്നത് 23 ആക്രമണങ്ങൾ. ഉത്തർപ്രദേശിൽ പത്ത്‌ സംഭവങ്ങൾ. ആന്ധ്രപ്രദേശ്‌, കർണാടകം, പഞ്ചാബ് എന്നിവിടങ്ങളിൽ മൂന്നു വീതം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ അക്രമം. മതപരിവർത്തന നിരോധന നിയമം ദുരുപയോഗംചെയ്‌ത്‌ ഉത്തർപ്രദേശ് പൊലീസ് അഞ്ചു പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു.  

ബിജെപി–-കോൺഗ്രസ്‌ ഭേദമില്ല

ഏറ്റവും കൂടുതൽ ആക്രമണം ആദിത്യനാഥ്‌ ഭരിക്കുന്ന യുപിയിലാണ്‌–- 211. രണ്ടാമത്‌ കോൺഗ്രസ്‌ ഭരിച്ച ഛത്തീസ്‌ഗഢിൽ–- 118. ഹരിയാനയാണ്‌ മൂന്നാമത്–- 39. 2023ൽ 648 പേർ കള്ളക്കേസുകളിൽ അറസ്റ്റിലായി. 440ഉം യുപിയിലാണ്‌. രാജ്യത്തെ 13 ജില്ലകളിൽ ക്രൈസ്തവർക്ക്‌ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നാണ്‌ അഖിലേന്ത്യ ക്രിസ്‌ത്യൻ കൗൺസിൽ പറയുന്നത്‌. ഛത്തീസ്‌ഗഢിലെ ബസ്‌തറാണ്‌ ഇതിൽ മുന്നിൽ.

യുപിയിൽ രക്ഷയില്ല

യുപിയിൽ സംഘപരിവാർ ഇപ്പോൾ ക്രിസ്‌ത്യാനികളെ വച്ചുപൊറുപ്പിക്കുന്നില്ല. അക്രമികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി കേസെടുക്കും. ഇരകൾക്കെ
തിരെ ജാമ്യമില്ലാവകുപ്പും.  പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി, പ്രയാഗ്‌രാജ്‌ (അലഹബാദ്‌), നോയിഡ, അയോധ്യ, രാംപുർ, ബഹ്റൈച്ച്, ലഖിംപുർ ഖേരി എന്നിവിടങ്ങളിലാണ്‌ ആക്രമണങ്ങൾ. മൗ ജില്ലയിൽ  ഹിന്ദു വാഹിനി, ബജ്‌റംഗദൾ പ്രവർത്തകർ പ്രാർഥനാലയം കത്തിച്ചു. വിശ്വാസികളെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി മതപരിവർത്തനത്തിന്‌ കേസെടുപ്പിച്ചു. പാസ്റ്റർ അബ്രഹാമിനെതിരെ രാജ്യ
ദ്രോഹക്കുറ്റം ചുമത്തി. പ്രാർഥനകളെ മതപരിവർത്തനമായി ചിത്രീകരിച്ചാണ്‌ യുപിയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘപരിവാർ അതിക്രമങ്ങൾ. 

ദേവഭൂമിയിലെ അതിക്രമങ്ങൾ

ദേവഭൂമിയെന്ന്‌ വാഴ്‌ത്തുന്ന ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഉദ്ദേശം 200 അക്രമികൾ പള്ളിയിൽ പ്രാർഥനയ്‌ക്കെത്തിയവരെ മർദിച്ചു. പാസ്റ്ററുടെ മകളെ പീഡിപ്പിച്ചു. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.  

പ്രാർഥിക്കേണ്ടെന്ന്‌ കർണാടക 
പൊലീസ്‌

ബിജെപി ഭരണത്തിലിരിക്കെ പൊലീസ്‌ ഒത്താശയോടെയാണ്‌ സംഘപരിവാർ ആക്രമണം നടത്തിയത്‌. ക്രിസ്‌ത്യാനികൾ പ്രാർഥനായോഗങ്ങൾ ഒഴിവാക്കുകയാണ്‌ രക്ഷപ്പെടാൻ പോംവഴിയെന്ന്‌ ബെലഗവിയിൽ പൊലീസ് നിർദേശിച്ചു.  
 
ഗുജറാത്ത്‌ പരീക്ഷണശാല

2002ലെ മുസ്ലിം വംശഹത്യയിലൂടെ ഇന്ത്യൻ ഫാസിസ്‌റ്റുകൾ ഗുജറാത്തിനെ പരീക്ഷണ ശാലയാക്കിയതിനു മുമ്പു തന്നെ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക്‌ ഇവിടെ തുടക്കമിട്ടിരുന്നു.  
തെക്കുകിഴക്കൻ ഗുജറാത്തിൽ 1997–-1999 വരെ വ്യാപകമായ ആക്രമണങ്ങളെ, രാജ്യത്ത്‌ ക്രൈസ്തവർക്കെതിരെ നടന്ന ആദ്യ സംഘടിത ആക്രമണമായി വിശേഷിപ്പിക്കാം. ഡാങ്‌സ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം. 1997ൽ ക്രിസ്‌മസ്‌ ആഘോഷങ്ങൾക്കിടെ പള്ളികൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ, കടകൾ, പ്രാർഥനാ ഹാളുകൾ തുടങ്ങിയവ ചാമ്പലാക്കി. കലാപം സമീപജില്ലകളിലും പടർന്നു. ഇരുപത്തഞ്ചോളം ഗ്രാമങ്ങൾ ആക്രമിച്ചു. 

ദക്ഷിണ കർണാടകയിലും

ഒഡിഷയിലെ ക്രൈസ്തവവേട്ടയ്‌ക്കു പിന്നാലെ ദക്ഷിണ കർണാടകത്തിൽ ബജ്‌റംഗദളും ശ്രീരാം സേനയും ക്രിസ്തുമത വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം നടത്തി. ആക്രമണങ്ങൾ തടയാൻ പൊലീസ്‌ തയ്യാറായില്ല. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്‌, ജാർഖണ്ഡ്, ന്യൂഡൽഹി, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കും ആക്രമണം പടർന്നു.

ആംനെസ്റ്റി ആവശ്യപ്പെട്ടത്‌ 

‘ഹിന്ദു ദേശീയതയുടെ ഉയർച്ചയോടെ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഭയാനകമായ തോതിൽ വർധിച്ചു. ശാരീരിക അക്രമം, പള്ളിയുടെ പ്രവർത്തനം തടയുന്നു, ഭക്ഷണവും വെള്ളവുംവരെ തടയുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണങ്ങൾ ഉയർത്തുന്നു. രാജ്യവ്യാപകമായി ക്രിസ്ത്യാനികളെ ആക്രമിക്കുകയാണ്‌.  ഇന്ത്യയിലെ മതസ്വാതന്ത്ര്യനിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെ ആയുധമാക്കുകയാണ്‌. ‘മതപരിവർത്തനവിരുദ്ധ നിയമങ്ങൾ’ ക്രിസ്ത്യാനികൾക്കെതിരെ ഉപയോഗിക്കുന്നു. ഇന്ത്യയെ പ്രത്യേക ഉൽക്കണ്ഠയുള്ള രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അമേരിക്ക  തയ്യാറാകണം.’

ഓർമയില്ലേ ഗ്രഹാം സ്റ്റെയിൻസിനെ

1999 ജനുവരി 22. കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച സുവിശേഷകൻ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ബജ്‌രംഗ്‌ദൾ പ്രവർത്തകർ കാറിലിട്ട്‌ ചുട്ടുകൊന്ന വാർത്ത രാജ്യം ഞെട്ടലോടെയാണ്‌ കേട്ടത്‌. ഓസ്‌ട്രേലിയൻ സ്വദേശിയായ സ്റ്റെയിൻസിനൊപ്പം ഒമ്പതുവയസ്സായ ഫിലിപ്പ്, ഏഴുവയസ്സായ തിമോത്തി എന്നീ രണ്ടു മക്കളും കൊല്ലപ്പെട്ടു. കോൺഗ്രസ്‌ ഭരണത്തിലിരിക്കെ കെന്തുഝാറിലെ മനോഹർപുരിലായിരുന്നു സംഭവം. ഗജപതി ജില്ലയിലെ രണലൈയിൽ പ്രാർഥിക്കാനായി സ്ഥാപിച്ച കുരിശ്‌ നശിപ്പിച്ചാണ്‌ സംഘർഷത്തിന് തുടക്കം. കുരിശ്‌ പുനഃസ്ഥാപിക്കാനെത്തിയ വിശ്വാസികളെ സംഘപരിവാർ സംഘടിച്ചെത്തി ആക്രമിച്ചു. 157 വീടുകൾ കത്തിച്ചു. നിരവധി വീടുകൾ കൊള്ളയടിച്ചു. ദേശീയ ന്യൂനപക്ഷ കമീഷന്റെ അന്വേഷണത്തിൽ ബിജെപിയുടെ പങ്ക്‌ കണ്ടെത്തി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ