2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

ഏതെങ്കിലും സമുദായ സംഘടനയുടെ ഭരണഘടനയല്ല ഇന്ത്യൻ ഭരണഘടന .മുൻ ജഡ്ജി S.Sudeep എഴുതുന്നു.

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 51A പ്രകാരം ഓരോ ഇന്ത്യൻ പൗരനും ചില മൗലിക കർത്തവ്യങ്ങളുണ്ട്.

അനുഛേദം 51A(h) പ്രകാരം ശാസ്ത്രീയമായ കാഴ്ച്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ പൗരന്റെയും മൗലിക കർത്തവ്യമാണ്.

ആ കർത്തവ്യമാണ് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചത്. 

മിത്ത് എന്നാൽ കഥ എന്നാണർത്ഥം. മിത്തിനെ അടിസ്ഥാനമാക്കി പ്രാചീന ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറിയുണ്ടായിരുന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അപ്രകാരമൊരു വിവരക്കേട് വിളമ്പിയത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു, അതും പ്രധാനമന്ത്രിയായിരിക്കെ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ. പ്രധാനമന്ത്രി മുതൽ ചാനൽ നിരീക്ഷണവും അങ്ങാടിപ്പാട്ടു പാടലുമൊക്കെ നടത്തുന്ന പലരും പറയുന്നതു സത്യമാണെന്നു തെറ്റിദ്ധരിച്ചേക്കാവുന്നവർ ഇന്ത്യയിലുണ്ടാവും. അവരെ ശരിയും ശാസ്ത്രവും ശാസ്ത്രീയമായ വീക്ഷണവും പഠിപ്പിക്കേണ്ടത് സ്പീക്കറുടെ മാത്രം ചുമതലയല്ല, നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

മിത്തിന്റെ കാര്യത്തിൽ മാത്രമല്ല, ആചാരങ്ങളുടെ കാര്യത്തിലും  ഒരു പൗരന്റെ മൗലിക കർത്തവ്യം എന്തായിരിക്കണമെന്ന് ഭരണഘടനയുടെ അനുഛേദം 51A പറയുന്നുണ്ട്. 

അനുഛേദം 51A(e) പ്രകാരം സ്ത്രീകളുടെ അന്തസിനു കുറവു വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കർത്തവ്യമാണ്.

സ്ത്രീയുടെ ശാരീരികാവസ്ഥയുടെ പേരു പറഞ്ഞ് പടിക്കു പുറത്തു നിർത്തുന്നത് സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന ആചാരമാണ്. അത്തരമൊരു ആചാരം പരിത്യജിക്കപ്പെടണം.

എന്നിട്ടും അനാചാരങ്ങൾ പൊക്കിപ്പിടിച്ചും ശാസ്ത്രത്തെ തള്ളിപ്പറഞ്ഞും നടക്കുന്നത് ശുദ്ധ വിവരക്കേടാണ്. ഭരണഘടന എന്നു പറഞ്ഞാൽ ആദ്യം മനസിൽ വരേണ്ടത് ഇന്ത്യൻ ഭരണഘടനയാണ്, അല്ലാതെ സ്വന്തം സമുദായ സംഘടനയുടെ ഭരണഘടനയല്ല.

ആദ്യം മനുഷ്യനാകണം.

പിന്നെ ഇന്ത്യക്കാരനാകണം.

അല്ലാതെ കരയോഗത്തിലെ അംഗം മാത്രമാകരുത്.

മനുഷ്യൻ തന്നെയാണ് ആദ്യമുണ്ടായത്. മനുഷ്യനാണ് മതവും ജാതിയും ജാതിയോഗങ്ങളും ഉണ്ടാക്കിയത്.

വിശ്വാസം സംരക്ഷിക്കപ്പെടണം,

മനുഷ്യനിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസം.

ശാസ്ത്രത്തിലും ശാസ്ത്രബോധത്തിലുമുള്ള വിശ്വാസം.

ഇന്ത്യയിലും ഇന്ത്യൻ ഭരണഘടനയിലുമുള്ള വിശ്വാസം.

അല്ലാതെ തന്റെ ചെവിയിലുള്ളതു പൂടയല്ലെന്നും പൂങ്കാവനമാണെന്നും, തന്റെ ചായക്കടയിലെ കണക്കെഴുത്തു പുസ്തകമാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും, താൻ പൊരുന്നയിരിക്കുന്ന ഇടം സ്വതന്ത്ര റിപ്പബ്ലിക്കാണെന്നുമൊക്കെ വിശ്വസിക്കുന്നത് ശുദ്ധ ഭോഷ്കാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ