മണിപ്പുരിൽ സംഘപരിവാർ വിതച്ചത് കൊയ്യുന്നു. ഇവിടെ ആർഎസ്‌എസ് പിന്തുണയുള്ള സംഘടനകൾ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചുവന്ന രണ്ട് വിഷയം പർവത മേഖലയിലെ പോപ്പി കൃഷിയും വനം കൊള്ളയുമാണ്. കുക്കികളാണ് ഈ രണ്ടു പ്രശ്‌നത്തിനും ഉത്തരവാദികളെന്ന് ആരോപിച്ച് മെയ്‌ത്തീകൾക്കിടയിൽ വർഷങ്ങളായി വ്യാപക പ്രചാരണം നടത്തി വന്നു. ഇതിനായി ഓൺലൈൻ മാധ്യമങ്ങളെ പോറ്റി വളർത്തി. മെയ്‌ത്തീകൾക്ക് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്ന മണിപ്പുർ ഹൈക്കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട കലാപം 50 ദിവസത്തോളം ആകുമ്പോഴും അണയാതെ ആളിക്കത്തുന്നതിനു പിന്നിൽ ഈ കുപ്രചാരണം സൃഷ്ടിച്ച പശ്ചാത്തലവുമുണ്ട്.
ശരിയാണ്, മണിപ്പുരിലെ പർവതമേഖലയിൽ 15,000 ഏക്കറിലധികം സ്ഥലത്ത് പോപ്പി വളർത്തുന്നുണ്ട്. കുക്കി കർഷകരാണ് ഇത് വളർത്തുന്നത്. അവരുടെ പ്രധാന വരുമാന മാർഗമാണ് ഇത്. എന്നാൽ, പോപ്പി കൃഷിയെ അപ്പാടെ മയക്കു മരുന്ന് മാഫിയയുമായി കൂട്ടിക്കെട്ടിയാണ് ദുഷ്‌പ്രചാരണം. പോപ്പിയിലകൾ ഭക്ഷ്യവസ്‌തുവാണ്. ഇതിന്റെ പൂക്കളാണ് മയക്കുമരുന്ന് നിർമാണത്തിന് ദുരുപയോഗം ചെയ്യപ്പെടുന്നത്. മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതാകട്ടെ മെയ്‌ത്തീ വിഭാഗത്തിലെ രാഷ്‌ട്രീയക്കാരും ബിസിനസുകാരും. വനംകൊള്ളയുടെ കാര്യത്തിലും സമാന സ്ഥിതിയാണ്. വെട്ടിവീഴ്‌ത്തുന്ന മരങ്ങൾ വാങ്ങുന്നത് മെയ്‌ത്തീ പ്രമാണിമാരാണ്. തുച്ഛമായ തുകയാണ് കുക്കികൾക്ക് ഇതിൽനിന്ന് കിട്ടുന്നത്. മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യാൻ നടപടിയെടുക്കാതെ കുക്കിവിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് സംഘപരിവാറും ബിജെപി സർക്കാരും.
ഇതുവഴി സൃഷ്ടിക്കപ്പെട്ട വിഷമയ അന്തരീക്ഷമാണ് മണിപ്പുരിനെയാകെ കലാപഭൂമിയാക്കിയത്. ഇപ്പോൾ താഴ്‌വരയിൽ കുക്കികൾക്കും മലമുകളിൽ മെയ്‌ത്തീകൾക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെ വർഗീയ ആക്രമണങ്ങളുമുണ്ടായി. കുക്കികൾ ഭൂരിപക്ഷവും ക്രൈസ്‌തവരായതിനാൽ കുക്കിവിരുദ്ധ പ്രചാരണത്തിന്റെ മറവിൽ ക്രൈസ്‌തവ വിരുദ്ധതയും പടർത്താൻ സംഘപരിവാറിന് സാധിച്ചു. താഴ്‌വരയിൽ മെയ്‌ത്തീ ക്രൈസ്‌തവരുടെ 276 പള്ളി തകർക്കപ്പെട്ടത് ഇതിനു തെളിവാണ്. മെയ്‌ത്തീ പള്ളികൾ പൊതുവെ താൽക്കാലിക നിർമിതികളാണ്. ഓരോ പ്രദേശത്തെയും ചെറിയ സമൂഹങ്ങളുടെ ആവശ്യത്തിനു നിർമിച്ച ഈ പള്ളികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തകർത്തെറിഞ്ഞു. മികച്ച രീതിയിൽ നിർമിച്ച ഇരുപത്തഞ്ചോളം കുക്കി പള്ളികളും നശിപ്പിച്ചു.
ബിജെപിയുടെ സഹായം ഒളിഞ്ഞും തെളിഞ്ഞും ലഭിക്കുന്ന ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ തീവ്രവാദ സംഘടനകൾ ഒരുവശത്തും കുക്കി സായുധ സംഘടനകൾ മറുവശത്തും അണിനിരന്ന് യുദ്ധസമാനമായ പോരാട്ടമാണ് മണിപ്പുരിൽ. മെയ്‌ത്തീ അക്രമികൾ അഴിഞ്ഞാടുമ്പോൾ സംസ്ഥാന പൊലീസ് നിഷ്‌ക്രിയമാണ്. പൊലീസിന്റെ ആയുധശാലകളിൽ നിന്ന് കാണാതായ 4000ൽപ്പരം തോക്ക് എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരമില്ല. അതേസമയം, നാൽപ്പതിൽപ്പരം കുക്കി ഭീകരരെ വകവരുത്തിയെന്ന് മുഖ്യമന്ത്രി ബീരേൻസിങ് അവകാശപ്പെടുകയും ചെയ്‌തു. 2017ലെ മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് അസം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ സർമ കുക്കി വിമത സംഘടനകളുമായി രഹസ്യചർച്ച നടത്തിയെന്ന വിവരവും ഇതിനിടെ പുറത്തു വന്നു.
നൂറിൽപ്പരം പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും ഇരുനൂറോളം മരണം നടന്നിട്ടുണ്ടെന്നാണ് വിവിധ ഏജൻസികൾ സൂചിപ്പിക്കുന്നത്. ആയിരത്തിൽപ്പരം പേർക്ക് ഗുരുതരമായി പരിക്കേറ്റു. അയ്യായിരത്തിൽപ്പരം വീട് കത്തിച്ചു. ഇരുനൂറോളം ഗ്രാമത്തിനും തീയിട്ടു. 60,000 പേർ അഭയാർഥികളായി. മൂന്നും നാലും നില വീടുകൾ അടക്കം ഇടിച്ചു നിരപ്പാക്കി. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പോലും സുരക്ഷിതരല്ല. കേന്ദ്ര–- സംസ്ഥാന മന്ത്രിമാരുടെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും വീടുകൾ ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായി തകർന്നെന്ന് കേന്ദ്രവിദേശ സഹമന്ത്രിയും ഇന്നർ മണിപ്പുർ ലോക്‌സഭാംഗവുമായ രാജ്‌കുമാർ രഞ്‌ജൻസിങ് പരിതപിച്ചു. മണിപ്പുരിലെ സ്ഥിതിയിൽ മുൻ കരസേനാ മേധാവി വി പി മാലിക് അതിയായ ദുഃഖം പ്രകടിപ്പിച്ചത് ലെഫ്. ജനറലായിരുന്ന നിഷികാന്ത സിങ്ങിന്റെ ദുരവസ്ഥ ട്വിറ്ററിൽ പങ്കുവച്ചാണ്. ലിബിയ, സിറിയ, നൈജീരിയ, ലബനൻ എന്നിവിടങ്ങളിലെ സ്ഥിതിക്ക് സമാനമാണ് മണിപ്പുരിലെ അവസ്ഥയെന്നും ഭരണമില്ലാത്ത നാടായി മാറിയെന്നും ഇംഫാൽ സ്വദേശിയായ നിഷികാന്ത സിങ് ട്വീറ്റ് ചെയ്‌തിരുന്നു. 40 വർഷത്തോളം കരസേനയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
മണിപ്പുരിലെ സ്ഥിതി വിശേഷം അയൽ സംസ്ഥാനങ്ങളിലും പ്രതിഫലിക്കുന്നു. മണിപ്പുരിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് അറുതി വരുത്താൻ മിസോറമിലെ മെയ്‌ത്തീകൾ ഇടപെടണമെന്ന് മിസോറം വിദ്യാർഥികളുടെ പൊതുവേദിയായ എംഇസഡ്‌പി ആവശ്യപ്പെടുന്നു. മിസോറമിൽ മെയ്‌ത്തീകൾ സുരക്ഷിതമായി കഴിയുമ്പോൾ മണിപ്പുരിൽ തങ്ങളുടെ സഹോദരങ്ങൾ അനുഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. മണിപ്പുർ പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന് എംഇസഡ്‌പി പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥത പടരുന്നത് ബിജെപിയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്. ബിജെപി ഭരണത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സമാധാനവും പുരോഗതിയും കൈവരിച്ചെന്ന അവകാശ വാദം തകർന്നടിയുകയാണ്. സംഘപരിവാർ വിതച്ചത് വിദ്വേഷത്തിന്റെ വിത്തുകൾ മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ