മെത്രാപ്പോലീത്തയുടെ കത്ത്
എപ്പിസ്കോപ്പസി ആദിമ സഭയിൽ - 3
കോൺസ്റ്റന്റയിൻ ചക്രവർത്തി റോമാ സാമ്രാജ്യത്തിൽ AD 313 ൽ മിലാൻ വിളംബരം ( edict of Milan) വഴി ക്രൈസ്തവ സഭയ്ക്കും ഇതര മത പ്രസ്ഥാനങ്ങൾക്കും സ്വാതന്ത്ര്യം നൽകിയതോടെ സഭയുടെ ചരിത്രത്തിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുകയായിരുന്നു . അതുവരെ സഭ നിയമ വിരുദ്ധമായ ഒരു മത പ്രസ്ഥാനമായിരുന്നു . സഭയ്ക്കോ സഭാംഗങ്ങൾക്കോ നിയമപരമായ സംരക്ഷണം ലഭിച്ചിരുന്നില്ല . മാത്രമല്ല , സഭയുടെ നിലനിൽപ്പും , പ്രവർത്തനവും നിയമപരമായി നിരോധിക്കപ്പെട്ടിരിക്കുകയും ആയിരുന്നു . മിലാൻ വിളംബരത്തോടെ സഭ നേടിയത് നിയമപരമായ അംഗീകാരവും പ്രവർത്തന സ്വാതന്ത്ര്യവും മാത്രമായിരുന്നില്ല പ്രത്യുത , ഭരണകൂടത്തിന്റെ അംഗീകാരവും സംരക്ഷണവും കൂടിയായിരുന്നു . ഇതോടെ സഭയുടെ തീരുമാന ശേഷിയും സ്വയം നിർണയാവകാശവും പ്രയോഗതലത്തിൽ നഷ്ടപ്പെടുകയും രാഷ്ട്രീയ കേന്ദ്രത്തോടുള്ള വിധേയത്വം ആരംഭിക്കുകയും ചെയ്തു . തേവോദോസിയോസ് ചക്രവർത്തി (Theodosius the Great) യുടെ കാലത്ത് സഭയെ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമാക്കി മാറ്റി . അങ്ങനെ സഭ ചക്രവർത്തിയുടെ മതമായി മാറി . റോമാ സാമ്രാജ്യത്തെ സഭാവിരുദ്ധ സംവിധാനമായി കണ്ടിരുന്ന സഭയ്ക്ക് ഈ മാറ്റം അപ്രതീക്ഷിതമായിരുന്നു . ഇത് സഭയ്ക്കുള്ളിൽ ആശയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ സഭാ ചരിത്രകാരനായ യൗസേബിയോസിനെ പോലുള്ളവർ സാമ്രാജ്യത്തെ ദൈവരാജ്യ സങ്കൽപ്പത്തോട് സമന്വയിപ്പിക്കാൻ ശ്രമിച്ച് ഇതിനെ സഭയുടെ വലിയ നേട്ടമായി അവതരിപ്പിച്ചു .ഏതായാലും ഇത് സഭാ ജീവിതത്തെയും സഭയുടെ ചരിത്രഗതിയെയും മാറ്റിയ സംഭവമായിരുന്നുവെന്ന് പിൽക്കാല ചരിത്രം സാക്ഷിക്കുന്നു .
സഭ സാമ്രാജ്യത്തിന്റെ മതമായി മാറിയതിലൂടെ സഭാ സംവിധാനം റോമാ സാമ്രാജ്യത്തിലെ ഭരണ സംവിധാനത്തോട് സമാന്തരമാകുന്ന പ്രക്രിയ ത്വരിതമായി. അതുവരെ ഓരോ എപ്പിസ്കോപ്പയും അദ്ദേഹം അധ്യക്ഷനായ സഭയും സ്വതന്ത്രമായിരുന്നുവെങ്കിൽ സഭയ്ക്ക് സാമ്രാജ്യത്തിന്റെ അംഗീകാരം ലഭിച്ചതോടെ സിവിൽ ഭരണത്തിന്റെ സിരാകേന്ദ്രങ്ങളിലെ എപ്പിസ്കോപ്പമാരുടെ പ്രാമുഖ്യത്തിന് നിയമപരമായി അംഗീകാരം ലഭിച്ചു .എല്ലാ എപ്പിസ്കോപ്പമാരും സ്ഥാനത്തിലും ശുശ്രൂഷയിലും തുല്യരാണെങ്കിലും പ്രൊവിൻസിന്റെ തലസ്ഥാനങ്ങളിലെ എപ്പിസ്കോപ്പമാർക്ക് ആ പ്രവിശ്യയിലെ മറ്റ് എപ്പിസ്കോപ്പമാരുടെ മേൽ മേൽനോട്ട അവകാശങ്ങൾ സിദ്ധിച്ചു. അവർ മെട്രോപോലീറ്റൻ എപ്പിസ്കോപ്പമാർ എന്ന് അറിയപ്പെട്ടു . അവർക്ക് രാജ്യാധികാരികൾക്ക് ഉപയോഗിച്ചിരുന്ന ആദര വിശേഷണങ്ങൾ (honorifics) - ഉദാഹരണമായി His Execellency, His Eminence മുതലായവ - ഓരോ സ്ഥലത്തെയും അധികാരികളുടെ സ്ഥാനമഹിമയനുസരിച്ച് സിദ്ധിക്കുകയും ചെയ്തു. ഇങ്ങനെ പൗരോഹിത്യ അധികാര ഘടനയുടെ ആദ്യ ഘട്ടം രൂപപ്പെട്ടുവെന്ന് പറയാം.
ഇപ്രകാരം നിലവിൽ വന്ന സംവിധാനത്തിന് കോൺസ്റ്റന്റയിൻ ചക്രവർത്തി വിളിച്ചു കൂട്ടിയ ഒന്നാം എക്യുമെനിക്കൽ സുന്നഹദോസ് (AD 325 ) കാനോനിക അംഗീകാരം നൽകുകയുണ്ടായി . നിഖ്യായുടെ 4ാം നിശ്ചയ പ്രകാരം സഭാ ഭരണ കേന്ദ്രങ്ങളിലെ എപ്പിസ്കോപ്പമാർക്ക് അതത് സ്ഥലത്തെ സിവിൽ അധികാരികൾക്ക് തുല്യമായി സഭാഭരണത്തിൽ പ്രാമുഖ്യം സിദ്ധിച്ചു . റോം, അലക്സന്ത്രിയാ , അന്ത്യോഖ്യ എന്നിവിടങ്ങളിലെ എപ്പിസ്കോപ്പമാർക്ക് ആദ്യത്തെ എക്യുമെനിക്കൽ സുന്നഹദോസ് തീരുമാന പ്രകാരം പ്രവിശ്യാ അതിർത്തികൾക്കതീതമായ സ്ഥാനലബ്ധി ഉണ്ടായി . 381 ൽ ചേർന്ന രണ്ടാം ഏക്യുമെനിക്കൽ സുന്നഹദോസിൽ വെച്ച് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്ന കോൺസ്റ്റാന്റിനോപ്പിളിൽ പുതുതായി സ്ഥാപിതമായ എപ്പിസ്കോപ്പേറ്റിന് രാഷ്ട്രീയ പ്രാമുഖ്യത്തിന്റെ പേരിൽ പ്രധാന എപ്പിസ്കോപ്പയുടെ സ്ഥാനവും സ്ഥാന മഹിമയിൽ റോം കഴിഞ്ഞു് അടുത്ത സ്ഥാനവും ലഭിച്ചു . സുന്നഹദോസിന്റെ മൂന്നാം നിശ്ചയം ആ സ്ഥാനം ഇപ്രകാരം നിർവചിക്കുന്നു: The bishop of Constantinopole shall have the prerogative honor after the bishop of Rome. കൽക്കിദോൻ സുന്നഹദോസിന്റെ 28-ാം നിശ്ചയ പ്രകാരം ഇത് അധികാര സ്ഥാനമായി മാറി . മാത്രമല്ല, യെരുശലേമിലെ എപ്പിസ്കോപ്പയെ സ്ഥാന മഹിമയിൽ അഞ്ചാമത്തെ പാത്രിയർക്കീസായി അംഗീകരിക്കുകയും ചെയ്തു . പൗരസ്ത്യ കാതോലിക്കയുടെ സ്ഥാനം സംബന്ധിച്ച് എക്യുമെനിക്കൽ സുന്നഹദോസിന്റെ നിശ്ചയങ്ങളിൽ ഒരിടത്തും പരാമർശം ഇല്ല . ഹൂദായ കാനോനിൽ പൗരസ്ത്യ കാതോലിക്കയുടെ സ്ഥാനം സംബന്ധിച്ച പരാമർശമാകട്ടെ , സ്ഥാനത്തിന്റെ ആധികാരികതയ്ക്ക് വേണ്ടി അറബിക്കാനോൻ എന്ന വ്യാജ നിർമിത നിയമ സമുച്ചയത്തിൽ നിന്നും ഗ്രിഗോറിയോസ് ബാർ എബ്രായ എടുത്ത് കൂട്ടിച്ചേർത്തതാണ് .
സഭാധ്യക്ഷൻമാർക്ക് പ്രാമുഖ്യം സിദ്ധിച്ചത് സഭ സ്ഥപിച്ചു എന്നു പറയപ്പെടുന്ന അപ്പോസ്തലന്മാരിൽ നിന്ന് തുടങ്ങിയ അപ്പോസ്തലിക പിന്തുടർച്ചയുടെ പേരിലോ അവരിൽ ചിലരുടെ പ്രാമുഖ്യ പ്രകാരമോ ആയിരുന്നില്ല. പ്രധാന മേലധ്യക്ഷന്മാർക്ക് സ്ഥാനവും പദവിയും സിദ്ധിച്ചതിന് സാധൂകരണമായി ഏതെങ്കിലും അപ്പോസ്തലന്മാരുമായുള്ള ബന്ധം സുന്നഹദോസ് നിശ്ചയങ്ങളിൽ അടയാളപ്പെടുത്തുന്നുമില്ല . ഏതെങ്കിലും ഒരു അപ്പോസ്തലൻ സ്ഥാപിച്ച സഭയായതു കൊണ്ടോ അദ്ദേഹത്തിൽ നിന്ന് ലഭിച്ച പൗരോഹിത്യ പിന്തുടർച്ചയുടെ അടിസ്ഥാനത്തിലോ ആ സഭയ്ക്കോ സഭാധ്യക്ഷനോ പ്രത്യേക മഹിമ അവകാശപ്പെടുന്നതിനും ഉള്ള സാധ്യത പൊതു സുന്നഹദോസ് നിശ്ചയ പ്രകാരം കാണുന്നില്ല. കുസ്തന്തീനോപ്പോലിസ് സുന്നഹദോസ് നിശ്ചയ പ്രകാരം ആദരവിൽ രണ്ടാം സ്ഥാനം ലഭിക്കുകയും , കൽക്കിദോൻ സുന്നഹദോസ് നിശ്ചയ പ്രകാരം മറ്റ് പാത്രിയർക്കീസുമാർക്കൊപ്പം സമാധികാരം സിദ്ധിക്കുകയും , ജസ്‌റ്റീനിയൻ ചക്രവർത്തി എക്യുമെനിക്കൽ പാത്രിയർക്കേറ്റായി ഉയർത്തുകയും ചെയ്ത കുസ്തന്തീനോപ്പോലിസ് പാത്രിയർക്കേറ്റ് ഇതിന്റെ വ്യക്തമായ വിശദീകരണമാണ് നൽകുന്നത് . AD 330 ൽ എപ്പിസ്കോപ്പയെ വാഴിക്കുന്നതുവരെ അവിടെ ഒരു എപ്പിസ്കോപ്പ ഉണ്ടായിരുന്നില്ല . ഏതെങ്കിലും ഒരു അപ്പോസ്തലൻ ഇവിടെ സഭ സ്ഥാപിച്ചു എന്നതിന് ചരിത്രരേഖകളും ഇല്ല . പ്രത്യേക സ്ഥാന മഹിമയ്ക്കുള്ള സാധ്യതകൾ ഈ സ്ഥലത്തിന് ഉണ്ടായിരുന്നതായി സുന്നഹദോസ് നിശ്ചയത്തിൽ സൂചിപ്പിക്കുന്നുമില്ല അതായത് ഓരോ സഭയുടെയും സ്വാതന്ത്ര്യം സഹജവും സ്വാഭാവികവുമാണ് . ഇതിന് അപ്പോസ്തോലിക പിന്തുടർച്ച ആവശ്യമില്ല . വസ്തുത ഇതായിരിക്കെ ഏതെങ്കിലും സഭ അപ്പോസ്തോലിക ബന്ധം ഉയർത്തിക്കാണിക്കുന്നതാകട്ടെ സഭാധ്യക്ഷന്റെ അധികാര സ്ഥാപനത്തിനും ആദര സൂചക വിശേഷണങ്ങളുടെ ദൈർഘ്യം വർധിപ്പിക്കുന്നതിനുമുള്ള തന്ത്രമായി മാത്രം മനസ്സിലാക്കണം
കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് പിൽക്കാലത്ത് അന്ത്രയോസ് ശ്ലീഹയുടെ പിന്തുടർച്ച അവകാശപ്പെടുന്നത് ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തുവാൻ .
അതുപോലെ തന്നെ അപ്പോസ്തലന്മാരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അധികാര ശ്രേണിയിലുള്ള സഭാധ്യക്ഷന്റെ സ്ഥാനം അടയാളപ്പെടുത്തിയിരുന്നതും. സഭയുടെ മാതാവായ യെരുശലേം സഭയിലെ എപ്പിസ്കോപ്പയ്ക്ക് പ്രത്യേക സ്ഥാന മഹിമ ഉണ്ടായിരുന്നില്ല .കൽക്കിദോൻ സുന്നഹദോസിൽ വെച്ച് അതിന് പാത്രിയർക്കേറ്റ് പദവി ലഭിച്ചുവെങ്കിലും അദ്ദേഹം ഭരണപരമായി കേസറിയായിലെ മെത്രാപ്പോലീത്തയ്ക്ക് വിധേയനായിരുന്നു . കേസറിയായാകട്ടെ ഒരു അപ്പോസ്തോലിക സഭയാണ് എന്നതിന് യാതൊരു സൂചനയും ഇല്ല . അതായത് സഭാസ്ഥാനങ്ങൾ നിശ്ചയിക്കപ്പെട്ടതും , അധികാര ഘടന പ്രാബല്യത്തിൽ വന്നതും രാഷ്ട്രത്തിന്റെ അധികാര ഘടനയ്ക്ക് സമാന്തരമായിരുന്നു ; അപ്പോസ്തോലിക ബന്‌ധം അതിന് മാനദണ്ഡമായിരുന്നില്ല .
എന്നാൽ സഭാധികാര കേന്ദ്രങ്ങൾ വികസിച്ച സമയത്തും ആദ്യകാല എപ്പിസ്കോപ്പസിയുടെ ഏതാനും മൗലിക സവിശേഷതകൾ നിലനിന്നിരുന്നു . അതിലൊന്ന് , ഭദ്രാസനം അതിൽ തന്നെ സഭയുടെ പൂർണ രൂപമായിരുന്നു എന്നതാണ് അതുകൊണ്ട് ഭദ്രാസനങ്ങൾക്ക് പൂർണമായ ഉൾഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു . ഭരണപരവും പ്രവർത്തനപരവും കൗദാശികവുമായ വിഷയങ്ങളിൽ അവ പൂർണമായി സ്വതന്ത്രവും സ്വയം പര്യാപ്തവുമായിരുന്നു . ഒരു എപ്പിസ്കോപ്പയുടെ ശിക്ഷണ നടപടിക്ക് മറ്റൊരു സഭയിൽ / ഭദ്രാസനത്തിൽ സാധുത ഉണ്ടായിരിക്കണം എന്നുമില്ലായിരുന്നു .ഹിപ്പോയിലെ എപ്പിസ്കോപ്പയായിരുന്ന വി. അഗസ്റ്റിൻ നിരോധിച്ച പെലാജിയസിന് പൗരസ്ത്യ സഭകൾ അഭയം കൊടുത്തത് ഈ വസ്തുത സാധൂകരിക്കുന്നു . വേദശാസ്ത്രജ്ഞനായിരുന്ന ഒറിഗന്റെ മേൽ ഇടവക എപ്പിസ്കോപ്പ പോപ്പ് ദിമത്രിയോസ് ഒന്നാമൻ എടുത്ത നടപടി ലെബനനിലെ സഭകൾ അവഗണിച്ച് അദ്ദേഹത്തിന് പൗരോഹിത്യ സ്ഥാനം നൽകിയതും ടയർ എന്ന സ്ഥലത്ത് അക്കാദമി ആരംഭിക്കുവാൻ അനുവദിച്ചതും ഈ കാര്യം തന്നെ സാക്ഷിക്കുന്നു . അതുപോലെ എപ്പിസ്കോപ്പയുടെ ഒഴിവു വരുമ്പോൾ ആ സഭയുടെ / ഭദ്രാസനത്തിന്റെ ആവശ്യപ്രകാരം അവിടത്തെ ജനങ്ങൾ തിരഞ്ഞെടുത്ത വ്യക്തിക്ക് കൈവെപ്പ് നൽകുന്നതിന് മാത്രമായിരുന്നു മറ്റ് സഭകളിലെ എപ്പിസ്കോപ്പമാരുടെ സാന്നിധ്യവും സഹകരണവും ആവശ്യമായി വന്നിരുന്നത് . അതായത് ഓരോ സഭയും / ഭദ്രാസനവും അവിടത്തെ വിശ്വാസ സമൂഹവും എപ്പിസ്കോപ്പയും ചേർന്ന സ്വതന്ത്ര സംവിധാനമായിരുന്നു . ഭദ്രാസനത്തിനു വേണ്ടിയും , ഭദ്രാസനത്തിലെ വിശ്വാസ സമൂഹത്തിന്റെ തിരഞ്ഞെടുപ്പു വഴിയും മാത്രമായിരുന്നു എപ്പിസ്കോപ്പമാർ വാഴിക്കപ്പെട്ടിരുന്നത് .കൃത്യമായ (specific )ഭദ്രാസന ബന്ധത്തിലല്ലാതെ എപ്പിസ്കോപ്പയെ വാഴിക്കുക അനുവദനീയമല്ലായിരുന്നു . അല്ലാതെ വാഴിക്കുന്നത് നിയമവിരുദ്ധവും അസാധുവും ആയിരുന്നു . ഈ കാര്യം നിഖ്യായുടെ നിശ്ചയം വ്യക്തമാക്കുന്നുണ്ട്. If anyone has been ordained without reference to a specific diocese, the Holy Ecumenical Synod declares such an ordination shall be inoperative . അത്തരം നടപടികൾ അസാധുവും വ്യാജവുമാകുന്നു (Nicene and Post Nicene Fathers vol XI , P, 279). അതായത് മെത്രാന്മാരെ ഭദ്രാസന തലത്തിൽ തിരഞ്ഞെടുപ്പില്ലാതെയും പ്രത്യേക ഭദ്രാസനത്തിനല്ലാതെയും പറ്റമായി വാഴിച്ച് പിന്നീട് ഭദ്രാസനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന രീതിക്ക് കാനോൻ പ്രകാരം സാധൂകരണമില്ല. അതുപോലെ തന്നെ ഏതെങ്കിലും ഭദ്രാസനം തിരഞ്ഞെടുത്ത് , വാഴിച്ച് , യോഗ്യത (Oxios) നൽകിയ മേൽപ്പട്ടക്കാരന് ഭദ്രാസനം മാറുവാനും അദ്ദേഹത്തെ മാറ്റുവാനും കാനോൻ അനുവദിച്ചിരുന്നില്ല . എപ്പിസ്കോപ്പയും ഭദ്രാസനവും തമ്മിലുള്ള ബന്ധം ശുശ്രൂഷാന്ത്യം വരെയാണ് . അതുകൊണ്ട് എപ്പിസ്കോപ്പമാരുടെ കൂട്ടായ തിരഞ്ഞെടുപ്പ് , വാഴിക്കൽ , സ്ഥലം മാറ്റം എന്നിവ സുന്നഹദോസ് - കാനോൻ നിശ്ചയ പ്രകാരം നിയമവിരുദ്ധമാണ് . മുഖ്യ സഭാധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പും ഈ രീതിയിൽ തന്നെയായിരുന്നു . ഉദാഹരണത്തിന് , റോമിലെയോ, അന്ത്യോഖ്യയിലെയോ എപ്പിസ്കോപ്പയുടെ സ്ഥാനത്തിന് ഒഴിവ് വരുമ്പോൾ നിലവിലുള്ള ഏതെങ്കിലും ഒരു എപ്പിസ്കോപ്പയ്ക്ക് അവിടേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നില്ല ; അവിടെ പുതുതായി ഒരു എപ്പിസ്കോപ്പയെ തിരഞ്ഞെടുക്കുകയായിരുന്നു .അതായത് ഭദ്രാസനവുമായുള്ള എപ്പിസ്കോപ്പയുടെ ബന്ധം മാറ്റമില്ലാത്ത കാര്യമായിരുന്നു . അതുകൊണ്ട് റോം , അന്ത്യോഖ്യ തുടങ്ങിയ സ്ഥലങ്ങളിലെ എപ്പിസ്കോപ്പ സ്ഥാനം നികത്തിയിരുന്നത് സ്ഥാനക്കയറ്റം (promotion ) വഴിയായിരുന്നില്ല പ്രത്യുത , നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴിയായിരുന്നു. കോപ്റ്റിക് സഭയിൽ ഇപ്പോഴും ഒരു പരിധി വരെ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നത് ഈ പഴയ പാരമ്പര്യ പ്രകാരമാണ്. എന്നാൽ അത് നടത്തുന്നത് ഒരു ഭദ്രാസനമല്ല , ഒരു തിരഞ്ഞെടുപ്പ് സമിതി (electoral collegium)യാണ് എന്ന് മാത്രം. സാധാരണ ദയറാക്കാർക്കും പാത്രിയർക്കീസ് സ്ഥാനത്ത് വരാവുന്നതാണ്. കുസ്തന്തീനോപ്പോലിസിലെ പാത്രിയർക്കീസായിരുന്ന നക്താറിയോസ് കാലം ചെയ്തപ്പോൾ ആ സ്ഥാനത്തേക്ക് പ്രഗത്ഭനായിരുന്ന നാസ്സിയാൻസിലെ ഗ്രിഗോറിയോസിനെ അവരോധിക്കാൻ നടത്തിയ നീക്കം തടയപ്പെട്ടത് ഈ കാനോൻ മാനദണ്ഡ പ്രകാരമായിരുന്നു . അതുകൊണ്ട് നിയോഗിക്കപ്പെട്ട ഭദ്രാസനത്തിൽ ജനപിന്തുണ നഷ്ടപ്പെടുമ്പോഴും , സാമ്പത്തിക ശേഷിയും ഭൗതിക സൗകര്യങ്ങളുമുള്ള ഭദ്രാസനങ്ങൾ പ്രലോഭനം ആകുമ്പോഴും , വാർധക്യകാല പരിചരണ സൗകര്യങ്ങൾ പരിഗണിച്ചും , തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നിവൃത്തിക്കുമായി മറ്റ് ഭദ്രാസനങ്ങളിലേക്ക് ചേക്കേറുന്നതിനുള്ള ചരടുവലികൾക്ക് കാനോന്റെ പിന്തുണയില്ല. അത് നിയമ വിരുദ്ധവുമാണ് . മലങ്കര സഭാ ഭരണഘടന അങ്ങനെയൊന്ന് വിഭാവനം ചെയ്യുന്നുമില്ല . ഏതെങ്കിലും ഭദ്രാസനത്തിന് മേൽപ്പട്ടക്കാരൻ ഇല്ലാതെ വരുമ്പോൾ സഭാധ്യക്ഷന് അത് ഏറ്റെടുക്കാം . എന്നാൽ സിനഡിന്റെ ആലോചനയും സമ്മതവുമില്ലാതെ പാർശ്വവർത്തികൾക്ക് വീതം വയ്ക്കുന്ന രീതി സമീപകാലത്ത് ഉരുത്തിരിഞ്ഞ പ്രതിഭാസമാണ് .
അതുപോലെ തന്നെ ആരാധനാ സമയത്തല്ലാതെ മേൽപ്പട്ടക്കാർ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നത് ആദിമ സഭയിൽ അപരിചിതമായിരുന്നു . അംശവടിയും , മുദ്രമോതിരവും അധികാര ഔന്നത്യത്തിന്റെ ഭാഗമായി ഉപയോഗത്തിൽ വന്നവയാണ് . അവ പിന്നീട് ഔദ്യോഗിക ചിഹ്നമായി മാറുകയായിരുന്നു . അംശവടി (crozier) ഏഴാം നൂറ്റാണ്ടിലും മുദ്ര മോതിരം (ring) എട്ടാം നൂറ്റാണ്ടിലും സ്പെയിനിലാണ് ആദ്യമായി ഉപയോഗത്തിൽ വന്നത് . ആദിമ കാലത്ത് എപ്പിസ്കോപ്പമാർ ഓരോ നാട്ടിലെയും സാധാരണ ജനങ്ങളുടെ വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത് . എപ്പിസ്കോപ്പമാരുടെ വ്യക്തിജീവിതത്തിന്റെയും ശുശ്രൂഷാ ജീവിതത്തിന്റെയും ഗുണപരത ( quality) ഇടിഞ്ഞപ്പോൾ അവർക്ക് നഷ്ടപ്പെട്ട ആദരവ് തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ബാഹ്യമായ ആഭരണ - വേഷഭൂഷാദികളിലുണ്ടായ മാറ്റം . പരീശരുടെ ഭ്രമത്തെ കർത്താവ് വിമർശിച്ചത് സ്മരിക്കുക . സ്ഥാനക്കയറ്റം അനുസരിച്ച് ആടയാഭരണങ്ങൾ വർധിപ്പിക്കുന്നതിലുള്ള ആസക്തി വർധിച്ച് ഇന്നത്തെ നിലയിലായി .
ചക്രവർത്തി ജസ്റ്റീനിയന്റെI (AD 527 - 564) കാലത്ത് പ്രധാന മേൽപ്പട്ടക്കാർ പാത്രിയർക്കീസുമാർ എന്ന് അറിയപ്പെടാൻ തുടങ്ങി . കൂടാതെ റോം, അലക്സന്ത്രിയ , അന്ത്യോഖ്യ , കോൺസ്റ്റാന്റിനോപ്പിൾ , യരുശലേം എന്നീ പാത്രിയർക്കീസുമാരുടെ ഭരണ സംവിധാനത്തിന് പെന്റാർക്കി (the rule of five ) എന്ന പേരും സിദ്ധിച്ചു . ബൈസന്റയിൻ വേദശാസ്ത്രജ്ഞനായിരുന്ന മാക്സിമസ് കൺഫസ്സർ (580 - 662) പെന്റാർക്കിയുടെ വേദശാസ്ത്രം സൃഷ്ടിച്ച് വിശ്വാസ വിഷയമാക്കുന്നതിൽ വിജയിച്ചു . അങ്ങനെ ഒരു നിയോജിത സമൂഹമായി കർത്താവിനാൽ തുടക്കം കുറിച്ച സഭ ക്രമേണ അധികാര നിബദ്ധമായ ഭരണ സംവിധാനമായി മാറി .
ഇതിനിടെ റോമാ സാമ്രാജ്യത്തിന് പുറത്ത് അർമേനിയായിലും പേർഷ്യൻ സാമ്രാജ്യത്തിലും അർമേനിയൻ കാതോലിക്കേറ്റും പൗരസ്ത്യ കാതോലിക്കേറ്റും നിലവിൽ വന്നിരുന്നു . അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ ആശ്രിത സ്ഥാപനങ്ങളായിട്ടായിരുന്നു ഇവ രണ്ടിന്റെയും ഉത്ഭവവും പിന്തുടർച്ചയും . പൗരസ്ത്യ കാതോലിക്കേറ്റ് നെസ്തോറിയൻ വേദശാസ്ത്ര വീക്ഷണം സ്വീകരിച്ച് പൂർണ സ്വതന്ത്രമായി . അർമേനിയൻ കാതോലിക്കേറ്റും പൂർണ സ്വതന്ത്ര സഭയായിത്തീർന്നു. അന്ത്യോഖ്യൻ പാത്രിയർക്കേറ്റിന്റെ മേൽസ്ഥാനം അംഗീകരിച്ചവർക്കു വേണ്ടി പേർഷ്യയിൽ സ്ഥാപിക്കപ്പെട്ടതാണ് മഫ്രിയാനേറ്റ് . അത് കാതോലിക്കേറ്റ് എന്നും അറിയപ്പെട്ടിരുന്നു . ഇടക്കാലത്ത് നിന്നു പോയിരുന്ന ആ സ്ഥാനത്തേയ്ക്ക് 1912 ൽ പരി. അബ്ദുൽ മശിഹ പാത്രിയർക്കീസ് വ്യക്തിപരമായി നിലപാടെടുത്ത് മലങ്കരയിൽ കാതോലിക്കയെ വാഴിച്ച് പിന്തുടർച്ച ഉറപ്പാക്കി. ആ കാതോലിക്കേറ്റിന്റെ പ്രവർത്തന സ്വാതന്ത്ര്യം ഇന്ന് നിർവചിക്കുന്നത് 1934 ൽ അംഗീകരിക്കപ്പെട്ട സഭാഭരണഘടനയാണ്.
1054 ൽ റോമും കോൺസ്റ്റാന്റിനോപ്പിളും ഭിന്നിച്ചതോടെ റോമിലെ എപ്പിസ്കോപ്പ ആഗോള സഭയുടെ അധ്യക്ഷനായി എതിർപ്പുകൾ ഇല്ലാതെ അംഗീകാരം നേടി . 1453 ൽ കോൺസ്റ്റാന്റിനോപ്പിൾ തുർക്കി പടയ്ക്ക് മുമ്പിൽ തകർന്ന് വീണതോടെ ദുർബലമായിത്തീർന്നിരുന്ന കിഴക്കൻ റോമൻ സാമ്രാജ്യം നിലംപതിച്ചു. അതിനുശേഷം പുതിയ ദേശരാഷ്ട്രങ്ങൾ ആ സ്ഥാനത്ത് രൂപപ്പെട്ടു. അങ്ങനെ രൂപപ്പെട്ട രാജ്യങ്ങളിലെ സഭകൾ ഓരോന്നായി സ്വയം പ്രഖ്യാപനം വഴി സ്വതന്ത്ര സഭകളായി. ഇവ ദേശീയ സഭകളായി അറിയപ്പെടുന്നു . ഇന്ന് ഏകദേശം 14 ൽ അധികം സഭകൾ ഇപ്രകാരമുണ്ട്. അടുത്ത കാലത്ത് ഓറിയന്റൽ സഭകളിൽ എത്യോപ്യൻ പാത്രിയർക്കേറ്റും , എറിത്രിയൻ പാത്രിയർക്കേറ്റും രൂപംകൊണ്ട് സ്വതന്ത്ര സഭകളായിത്തീർന്നു.
യേശുക്രിസ്തുവിൽ വിശ്വസിച്ച പ്രാദേശിക സമൂഹം പ്രാരംഭ കാലത്ത് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ചാലനവും പാരസ്പര്യവും പുലർത്തിയിരുന്ന വിശ്വാസികളുടെ സഹോദര കൂട്ടായ്മകൾ ആയിരുന്നു . ഇങ്ങനെയുള്ള ഓരോ ആരാധനാ കൂട്ടായ്മക്കും നേതൃത്വം നല്കിയിരുന്നത് കരിസ്മാറ്റിക് സവിശേഷതയുള്ള എപ്പിസ്കോപ്പൽ / പ്രെസ്ബിറ്റർ സമൂഹമായിരുന്നു . എന്നാൽ ഏകനായകത്വം രൂപപ്പെട്ടതോടെ ഈ സ്ഥാനം സ്ഥാപനവത്കരിക്കപ്പെടുക (institutionalised)യായിരുന്നു . അതോടെ സഭയുടെ ഐക്യത്തിന്റെ പ്രതീകവും സംവിധാനത്തിന്റെ അധികാരിയുമായി രാഷ്ട്രീയ കേന്ദ്രങ്ങളിലെ എപ്പിസ്കോപ്പമാർ മാറി . ആദ്യ സമയത്ത് ലോകം മുഴുവൻ ചിതറിക്കിടന്നിരുന്ന സഭകൾ അവയുടെ ആന്തരീയ ബന്ധവും അന്യോന്യ സൗഹൃദവും വഴി സാർവത്രിക ഐക്യവും സഭയ്ക്കുള്ളിലെ checks and balance വഴി ആഭ്യന്തര മേലന്വേഷണവും ഫലപ്രദമായി നടത്തി വന്നിരുന്നു . എന്നാൽ റോമൻ ചക്രവർത്തിയുടെ മതമായി സഭ മാറിയതോടെ രാഷ്ട്രീയ അധികാര ഘടനയ്ക്ക് സമാനവും സമാന്തരവുമായി അത് സഭാധികാര ഘടനയായി രൂപപരിണാമം പ്രാപിക്കുകയായിരുന്നു . സഭ സ്ഥാപനവത്കരിക്കപ്പെടുകയും എപ്പിസ്കോപ്പമാർ സഭാധികാരികൾ ആവുകയും ചെയ്തതോടെ ഭരണ കേന്ദ്രങ്ങളിലെ എപ്പിസ്കോപ്പമാർ സഭാന്തര അധികാരികളായി പരിണമിക്കുകയും ചെയ്തു. അങ്ങനെ ശ്രേണീ നിബദ്ധമായ സഭാധികാര ഘടന രൂപപ്പെടുകയുണ്ടായി . രാഷ്ട്രത്തിന്റെ ഐക്യവും , ഭരണവും രാഷ്ട്രാധികാരികളിൽ യാഥാർഥ്യമായതു പോലെ സഭയുടെ ഐക്യവും ഭരണവും എപ്പിസ്കോപ്പൽ ഹൈറാർക്കിയിൽ നിക്ഷിബ്ധമാക്കപ്പെട്ടു .
എപ്പിസ്കോപ്പസിയുടെ ചരിത്രത്തിലും വേദശാസ്ത്രത്തിലും ഉണ്ടായ വികാസവും പരിണാമവുമാണ് നാം ഇവിടെ കണ്ടത് . സുവിശേഷ വിപുലീകരണത്തിനുള്ള സമൂഹ സംവിധാനം എന്ന നിലയിൽ ആരംഭിച്ച അത് ക്രമേണ നിയമ - അധികാര - രാഷ്ട്രീയ സ്വഭാവമുള്ള പൗരോഹിത്യ ഘടനയായി രൂപ പരിണാമം പ്രാപിക്കുകയായിരുന്നു . സഭാ ശുശ്രൂഷകൾക്കുണ്ടായിരുന്ന പ്രാധാന്യം പിന്നീട് ഇവ നിർവഹിക്കുന്ന പുരോഹിത വർഗത്തിനായി മാറി . അതായത് ഇടവക കൂട്ടായ്മയിൽ ശുശ്രൂഷകൾക്ക് മേൽനോട്ടം വഹിച്ചു വന്നിരുന്ന മേൽനോട്ട സമൂഹം എന്ന നിലയിൽ നിന്ന് ഭരണ കേന്ദീകൃതമായ ( hierarchichally centered ) അധികാര ഘടനയായി പരിവർത്തനം ചെയ്യുകയായിരുന്നു . ഇത് സംബന്ധിച്ച വ്യക്തവും , വിമർശനാത്മകവുമായ അറിവും നിലപാടുമാണ് ഇന്ന് സഭയിൽ ഉയർന്നു വരേണ്ടത്. അപ്പോൾ മാത്രമാണ് സഭയിൽ പ്രത്യേകിച്ച് എപ്പിസ്കോപ്പസിയിൽ വളർന്നു വരുന്ന അധികാര ഗർവ് , ആർഭാടം, അഴിമതി , അധികാര കേന്ദ്രീകരണം മുതലായവയെ നിയന്ത്രിച്ച് വെറും ഉപജാപക സമൂഹമായി മാറാതെ സാക്ഷ്യ സമൂഹമായിത്തീരുവാൻ സഭയ്ക്ക് സാധിക്കുന്നത്.
സ്നേഹപൂർവം നിങ്ങളുടെ
അത്താനാസിയോസ് തോമസ്
മെത്രാപ്പോലീത്ത
https://www.facebook.com/104727784295085/posts/pfbid0ghbR1Eih2NZkZxAKdW77suniHb6cyP9BLHEktBhdgumKgysywaBCbJ4hrqBz9jDLl/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ