2020, ഡിസംബർ 29, ചൊവ്വാഴ്ച
വിശ്വാസി സമൂഹങ്ങൾ പൊരുതി നേടേണ്ടണ്ട നവോത്ഥാന അവകാശമാണ് സമഗ്രമായ മത സ്വത്ത് ഭരണ നിയമം
2020, ഡിസംബർ 19, ശനിയാഴ്‌ച
നിയമ നിർമ്മാണം മാത്രമാണ് സഭാ തർക്ക പരിഹാര മാർഗം.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒന്നാകാനുള്ള ചർച്ച എന്നതു പോലെയാണ് മലങ്കര സഭയിലെ ഇരു വിഭാഗങ്ങളും തമ്മിൽ യോജിപ്പിനുള്ള ചർച്ചയെന്നത്. സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചതു പോലെ നിയമ നിർമ്മാണത്തിലൂടെ ഇടവക പള്ളികളുടെ സ്വത്തു ഭരണാവകാശ സ്വാതന്ത്ര്യം നൽകുക എന്നതാണ് പരിഹാരമാർഗം.
ആദിമ ക്രൈസ്തവ സഭയിൽ പുരോഹിതർക്ക് ആത്മീയാധികാരം മാത്രമാണുണ്ടായിരുന്നത്. (അപ്പോസ്തോല പ്രവർത്തികൾ 6 :1-6 ) ജന്മിത്വ കാലഘട്ടത്തിൽ ആണ് പുരോഹിതർ പള്ളിയുടെയും , രാജ്യത്തിന്റെയും സ്വത്തു ഭരണത്തിൽ ഇടപെടാൻ തുടങ്ങിയത്. ജന്മിത്വം തകർന്നതോടു കൂടി പുരോഹിതർ രാജ്യ ഭരണത്തിൽ നിന്ന് ഒഴിവായെങ്കിലും പള്ളി സ്വത്ത് ഭരണത്തിലുള്ള സ്വേഛാധികാരം ഉപേക്ഷിക്കാൻ ഇനിയും തയ്യാറായിട്ടില്ല.
ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്ത്യൻ ക്രിസ്ത്യൻ ആക്ട് 1927 എന്ന നിയമം ഉണ്ടായിരുന്നു. അന്നത്തെ ആംഗ്ളിക്കൻ സഭക്കു ബാധകമായ നിയമം സ്വാതന്ത്ര്യത്തിന് ശേഷം അഞ്ചാം ലോ കമ്മീഷൻ ശുപാർശയെ തുടർന്ന് റദ്ദാക്കുകയും ഇന്ത്യൻ ഭരണഘടന പ്രകാരം എല്ലാ സഭകൾക്കും ബാധകമായ പുതിയ സ്വത്തു ഭരണ നിയമം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ഭരണഘടന നൽകുന്ന ഈ അധികാരം ഉപയോഗിച്ചുള്ള നിയമ നിർമ്മാണ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയും അലംഭാവവും ആണ് ഇത്തരം തർക്കങ്ങൾക്ക് കാരണം. നിയമ നിർമ്മാണ സഭകളുടെ ഇത്തരം അലംഭാവങ്ങൾ മുലമാണ് കാലഹരണപ്പെട്ട ജന്മിത്വ അവശിഷ്ടങ്ങളായ മതനിയമാവലികളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള അന്യായ വിധികളുണ്ടാകാൻ കാരണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി വി.ആർ കൃഷ്ണ അയ്യർ നടത്തിയ ഒരിക്കൽ പ്രസ്താവിച്ചിരുന്നു.
1934 ഓർത്തഡോക്സ് ഭരണഘടന അടിമുടി ഫ്യൂഡൽ കാഴ്ചപ്പാടോടെ തയ്യാറാക്കിയ പൗരോഹിത്യാധികാര കേന്ദ്രീകൃത വ്യവസ്ഥകളുള്ള സ്വത്തു ഭരണ നിയമമാണ്. കൂദാശ കഴിയുന്നതോടു കൂടി വിശ്വാസികളുടെ സമ്പത്താൽ നിർമ്മിക്കപ്പെട്ട ദേവാലയങ്ങളുടെ ഉടമാവകാശം വിശ്വാസികളായ അൽമായർക്ക് നഷ്ടപ്പെട്ട് ഗുണഭോക്താവ് മാത്രമാകുകയും, പള്ളി നിർമ്മാണത്തിൽ യാതൊരു പങ്കാളിത്തവുമില്ലാത്ത ബാഹ്യാധികാരികളായ വികാരി, ഇടവക മെത്രാൻ, മലങ്കര മെത്രാൻ എന്നിവർ യഥാർഥ ഉടമകളായ ഇടവകാംഗങ്ങളെ തെരുവിലിറക്കാൻ അധികാരമുള്ള സ്വത്തധികാരികളായി മാറുന്ന വിചിത്ര വ്യവസ്ഥകളുള്ള നിയമാവലിയാണത്.
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാർ എബ്രായ തയ്യാറാക്കിയ ഹൂദായാ കാനോൻ വ്യവസ്ഥകളെ ആധാരമാക്കിയാണ് ഈ നിയമാവലിക്ക് രൂപം നൽിയിട്ടുള്ളത്. ജന്മിത്വം തകർന്ന് ജനാധിപത്യ വ്യവസ്ഥിതി രൂപം കൊണ്ടിട്ടും ജന്മിത്വത്തിന്റെ അവശിഷ്ടമായ ഇത്തരം മത സ്വത്തു ഭരണ നിയമ സംഹിതകൾ ഇപ്പോഴും തുടരുന്നതിൽ എന്ത് ന്യായീകരണമാണുള്ളത് ? സാമൂഹ്യ ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഹൂദായാ കാനോനിലെ ഭൗതിക സ്വത്തു ഭരണ വ്യവസ്ഥകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടത് സാമൂഹ്യ വളർച്ചയുടെ അനിവാര്യ തത്വങ്ങളിലൊന്നാണ് കാലഹരണപ്പെട്ട ഈ നിയമാവലി പ്രകാരം സഭാ സ്വത്ത് ഭരണത്തിൽ സിംഹഭാഗവും അൽമായർക്ക് അവകാശമില്ലാത്ത മെത്രാൻ ട്രസ്റ്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്. വിശ്വാസികളാൽ തെരഞ്ഞെടുക്കപ്പെടുന്ന സഭാ മാനേജിംഗ് കമ്മറ്റിക്ക് പഴയ സെമിനാരിയുടെയും, വട്ടിപ്പണത്തിന്റെയും ഭരണാധികാരം അധികാരം മാത്രമാണുള്ളത്. പൗരോഹിത്യ അധികാരികൾക്ക് വിശ്വാസികളുടെ പിന്തുണയില്ലാത്ത സ്വന്തം പിണിയാളുകളെ സ്വത്തു ഭരണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരവും ലഭിക്കുന്നു. ഇടവക മെത്രാന്മാരെ പോലും ഒഴിവാക്കി ഇടവക പള്ളികളുടെ ഭരണം പോലും മെത്രാൻ ട്രസ്റ്റ് ഭരണത്തിലാക്കാൻ മലങ്കര മെത്രാന് ഈ നിയമാവലി അധികാരം നൽകുന്നു. പരുമലപള്ളി ഭരണം ഈ അധികാരം ഉപയോഗിച്ചാണ് ആ പള്ളിയുടെ ഇടവകാംഗങ്ങളുടെ അനുമതിയില്ലാതെ മെത്രാൻ ട്രസ്റ്റിന് കീഴിലാക്കിയത്. ഇപ്പോൾ പരുമല പള്ളി സമ്പത്ത് ഭരണം പൂർണ്ണമായും മെത്രാൻ ട്രസ്റ്റിലാണ്. ഇടവക പൊതുയോഗത്തിന്റെ അനുമതി തേടാതെയാണ് പരുമലപ്പള്ളിയുടെ സ്വത്തു പണയപ്പെടുത്തി ഇരുനൂറ്റമ്പതു കോടിയോളം രൂപ മെത്രാൻ ട്രസ്റ്റ് കടം വാങ്ങിയത്. ഇതിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് സഭാ മാനേജിംഗ് കമ്മറ്റിയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ല. സഭാ ഭരണഘടനപ്രകാരം ബി.,സി പട്ടികയിൽ ഉൾപ്പെടുന്ന സ്വത്ത് വിനിയോഗ വിവരം മാനേജിംഗ് കമ്മറ്റിയെ അറിയിക്കാൻ ബാദ്ധ്യത ഇല്ല എന്ന ന്യായമാണ് വിശദീകരിക്കപ്പെട്ടത്.
സഭാ തർക്കം കേവലം വിശ്വാസപരം മാത്രമല്ല. സഭാ സ്വത്തവകാശം അൽമായർക്ക് നിഷേധിച്ച് പൗരോഹിത്യ ദുഷ്പ്രഭുക്കളിൽ കേന്ദ്രീകരിക്കാനുള്ള ദ്രവ്യ മോഹ ചിന്തയിൽ ഇന്ന് ഉടലെടുത്തതാണ്. പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗം സുപ്രീം കോടതി വിധിയിൽ തന്നെ നിർദ്ദേശിക്കുന്ന നിയമ നിർമ്മാണമാണ്. ആ നിയമം സ്വത്തു ഭരണാവകാശം പള്ളികൾ നിർമ്മിക്കുന്നതിന് സമ്പത്ത് ചിലവഴിച്ച അൽമായരിൽ നിക്ഷിപ്തമാകുന്നതാകണം. മെത്രാൻ ട്രസ്റ്റുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതാകണം. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ 18 വയസു പൂർത്തിയായ വിശ്വാസികൾക്ക് സഭയുടെ സ്വത്തു ഭരണ സമിതിയെ തെരഞ്ഞെടുക്കാനും , തെരഞ്ഞെടുക്കപ്പെടുവാനും അധികാരമുള്ളതാകണം. ഇന്ത്യൻ ഭരണ ഘടന അനുശാസിക്കുന്ന മൗലികാവകാശവും , മനുഷ്യാവകാശവും നിഷേധിക്കാത്തതാകണം.
അനുബന്ധം.
https://docs.google.com/document/d/1o_r0VZTkw3uTzmny6wKXQ5XiyVgZE8tX1MYtnuuTbw8/edit?usp=drivesdk
https://docs.google.com/document/d/1wnAmoVtj1STGceze3zvQHrawqOLy9fzamBw-wYV27q8/edit?usp=drivesdk