ക്രിസ്തു നേരിട്ട മൂന്നാമത്തെ പരീക്ഷ അമിതമായ അധികാരമോഹം ആയിരുന്നു. ലോകത്തിലുള്ള സകല രാജ്യങ്ങളെയും തന്‍റെ കാൽക്കീഴാക്കുക, അതിന്‍റെ ഏകഛത്രാധിപതിയായി വിരാജിക്കുക. ഈ മൂന്ന് പരീക്ഷകളെയും കർത്താവ് വിജയിച്ചു.
പക്ഷേ നമ്മുടെ ആധുനികലോകം ഈ മൂന്നു പരീക്ഷകളിലും പരാജയപ്പെട്ടു എന്ന് തോന്നുന്നു. കാരണം ഇപ്പോഴുണ്ടായ പ്രതിസന്ധിയുടെ ഒരു പ്രധാനപ്പെട്ട കാരണം ഈ പരാജയമാണ്. അതുകൊണ്ട് നമുക്ക് ആശ്രയിക്കാൻ മറ്റൊന്നുമില്ല. നമ്മുടെ കർത്താവിന്‍റെ മാതൃകയിൽ നമ്മുടെ ജീവിതത്തെ പുനഃപരിശോധിക്കാൻ നമുക്ക് സാധിക്കണം. ഭക്ഷണം, സമ്പത്ത്, സുഖം, അധികാരം, പ്രശസ്തി എന്നീ കാര്യങ്ങളിലെല്ലാം നാം പുനർവിചിന്തനത്തിനു തയ്യാറാകണം.
കർത്താവ് വിജയിച്ച മൂന്നാമത്തെ പരീക്ഷയിൽ പരാജയപ്പെട്ട ദ്രവ്യ മോഹികളായ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ഫാ .ഡോ.കെ.എം. ജോർജ്ജിന്റെ അവസരോചിതമായ നല്ല സന്ദേശം ഉൾക്കൊള്ളുമോ ആവോ. ?
"ഗുരു നിന്ദ" പോലും ആഭരണമായി കരുതുന്ന കർത്താവിന്റെ ഭൂമിയിലെ പ്രതി പുരുഷന്മാരുടെ സംഭാവന കൂടിയാണ് കോവിഡ് 19 പോലുള്ള ദുരന്തങ്ങൾ നൽകുന്ന സന്ദേശം. ഓർത്തഡോക്സ് - യാക്കോബായ സംഘർഷം ഒഴിവാക്കാൻ അനുനയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഓർത്തഡോക്സ് സഭാനേതൃത്വ നിലപാടിനെ പരസ്യമായി വിമർശിച്ചു കൊണ്ട് ഫാ.ടി.ജെ.ജോഷ്വാ, ഫാ. ഒ.തോമസ് , ഫാ.കെ.എം.ജോർജ്ജ് ഉൾപ്പെടെയുള്ള സീനിയർ വൈദികർ സഭാ നേതൃത്വത്തിന് നൽകിയ അടുത്ത കാലത്ത് നൽകിയ തുറന്ന കത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
"പകർച്ചവ്യാധിയുടെ ഞരുക്കങ്ങളിലും ഭയത്തിലുമിരിക്കുന്ന ഞങ്ങളുടെ എല്ലാ സഹോദരങ്ങളെയും തൊട്ടു സൗഖ്യമാക്കണമേ
ഫാ. ഡോ. കെ. എം. ജോര്‍ജ്
പ്രിയ സഹോദരങ്ങളെ
ഇന്ന് നാൽപതാം വെള്ളിയാഴ്ച. നമ്മുടെ കർത്താവായ യേശുമശിഹാ മരുഭൂമിയിൽ എല്ലാ സാമൂഹിക ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞ് ഒറ്റയ്ക്ക് കഠിനമായ ഉപവാസത്തിലും പ്രാർത്ഥനയിലും കഴിഞ്ഞ 40 ദിനരാത്രങ്ങളുടെ അന്ത്യം. ഒരു സാധാരണ മനുഷ്യന് ഉണ്ടാകാവുന്ന എല്ലാ പരീക്ഷകളും, ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ പ്രലോഭനങ്ങളും യേശു നേരിട്ടു. പക്ഷേ അവയോടു പോരാടി തിന്മയുടെ മേൽ താന്‍ വിജയം പ്രാപിച്ചു. അതിന്‍റെ ഓർമ്മയും അതിലുള്ള നമ്മുടെ പങ്കാളിത്തവുമാണ് നാല്പതാം വെള്ളിയാഴ്ച. പൗരസ്ത്യ പാരമ്പര്യത്തിലുള്ള ക്രിസ്ത്യാനികൾ 40 ദിവസങ്ങളിലെ നോമ്പും പ്രാർത്ഥനകളും ഉപവാസവും പൂർത്തിയാക്കി അനുതാപമുള്ള ഹൃദയത്തോടു കൂടി വിശുദ്ധ കുർബാനയിൽ സംബന്ധിക്കേണ്ട വിശുദ്ധ ദിനമാണിന്ന്. അസാധാരണമായ ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് എല്ലാവർക്കും അത് സാധിക്കുന്നില്ല എന്നുള്ളത് ദുഃഖകരമാണ്. എങ്കിലും നമുക്ക് മാതൃക ഒന്നേയുള്ളൂ. നമ്മുടെ കർത്താവും രക്ഷകനുമായ യേശുമശിഹായുടെ 40 ദിനങ്ങളിലെ ആന്തരീക പോരാട്ടം. അത് തനിക്കു വേണ്ടി ആയിരുന്നില്ല. സകല മനുഷ്യർക്കും വേണ്ടി, ലോകത്തിന്‍റെ സൗഖ്യത്തിനും വിശുദ്ധീകരണത്തിനും വേണ്ടി യേശു അനുഷ്ഠിക്കാൻ പോകുന്ന മഹാ ത്യാഗത്തിന്‍റെ തുടക്കമായിരുന്നു അത്.
40 ദിവസങ്ങൾ ഒറ്റപ്പെട്ട് കഴിയുക എന്നു പറയുമ്പോൾ, അത് നമ്മുടെ ഈ കൊറോണ വൈറസ് കാലത്ത് മനുഷ്യർ മുഴുവൻ ദുഃഖിക്കുന്ന ഈ കാലഘട്ടത്തിൽ, അതിന് വല്ലാത്ത ഒരു മുഴക്കമുണ്ട്. ക്വാറന്‍റൈന്‍ എന്ന വാക്കിന് 40 ദിവസങ്ങൾ എന്നാണ് അർത്ഥം. മധ്യകാല യൂറോപ്പിൽ ഇറ്റലിയിലും മറ്റും കടൽ കടന്നുപോയവർ തിരികെ എത്തുമ്പോൾ പകർച്ചവ്യാധികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ കപ്പലുകൾ തീരത്ത് അടുപ്പിക്കാതെ 40 ദിവസങ്ങൾ നങ്കൂരമിട്ട് വേറിട്ടു കഴിയുന്നതിന്‍റെ ഓർമ്മയാണ് ആ വാക്ക് ഉണർത്തുന്നത്. ഇന്ന് ലോകത്തിൽ ഒരു നല്ല പങ്ക് ആളുകൾ ജാതി, മത, വംശ ഭേദമില്ലാതെ ക്വാറന്‍റൈന്‍ അനുഷ്ഠിക്കുവാൻ നിർബന്ധിതരാണ്. ഒറ്റപ്പെട്ടു കഴിയുവാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു. നമുക്കൊന്ന് പരസ്പരം തൊടാനോ, ആരെയും ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനോ, അടുത്ത് ചേർന്നു നിൽക്കുവാനോ പോലും സാധ്യമല്ലാത്ത അതീവ ദുഃഖകരമായ അവസ്ഥ. മറ്റെല്ലാ ദുരന്തങ്ങളിലും ആർക്കെങ്കിലും അടുത്ത് വന്ന് നമ്മെ ആശ്വസിപ്പിക്കാൻ ആവും. ഒരു കുടുംബത്തിൽ ദുഃഖമുണ്ടായാൽ അയൽക്കാരും ചാർച്ചക്കാരുമുണ്ടാവും സഹായിക്കുവാൻ. ഒരു രാജ്യത്ത് പ്രളയമോ ഭൂമികുലുക്കമോ സുനാമിയോ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, മറ്റു രാജ്യങ്ങൾ രക്ഷയ്ക്ക് എത്തും. എന്നാൽ ഇവിടെ നമ്മുടെ ലോകത്തിൽ ഈ വൈറസ് ബാധയുടെ കാലത്ത് എല്ലാ വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും ഒറ്റപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ആർക്കും ആരെയും സഹായിക്കാനാവാത്ത ഈ മഹാ ദുഃഖകാലത്ത് നാം വിലപിക്കുകയും കൂട്ടായി അനുതപിച്ച് നമ്മുടെ കണ്ണീർകണങ്ങൾ സ്രഷ്ടാവായ നമ്മുടെ ദൈവത്തിന്‍റെ സന്നിധിയിൽ സമർപ്പിക്കുകയും ചെയ്യണം. 40 നോമ്പ് എന്ന് ക്വാറന്‍റൈന്‍ നാം സ്വീകരിക്കുമ്പോൾ നമ്മെ ഭരിക്കേണ്ടത് ഭയവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും മരണഭീതിയുമല്ല. കഠിനമായ പരീക്ഷകളെ ദൈവവചനത്തിന്‍റെ ശക്തിയിൽ പരിശുദ്ധാത്മ സഹായത്താൽ വിജയകരമായി നേരിട്ട മനുഷ്യപുത്രനെയാണ് നാം ഇപ്പോൾ ഓർക്കുന്നത്. എബ്രായ ലേഖനം പ്രബോധിപ്പിക്കുന്നതുപോലെ വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. തന്‍റെ മുമ്പിൽ വച്ചിരുന്ന സന്തോഷമോർത്ത് അവൻ അപമാനം അലക്ഷ്യമാക്കി. ക്രൂശിനെ സഹിക്കയും ദൈവ സിംഹാസനത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു.
പരീക്ഷകളുടെ മേല്‍ വിജയം
യേശുവിനുണ്ടായ മൂന്നു പരീക്ഷകളിലും അവൻ വിജയം നേടി. വിശന്നിരുന്നപ്പോൾ ഈ ലോകത്തെ മുഴുവൻ ഭക്ഷണമാക്കി മാറ്റാനുള്ള പരീക്ഷ. ഇപ്പോഴത്തെ നമ്മുടെ ഉപഭോഗ സംസ്കാരത്തിൽ അതാണ് പ്രധാനം. എല്ലാത്തിനെയും നമ്മുടെ ലാഭത്തിനുവേണ്ടിയും സുഖത്തിനുവേണ്ടിയും നാം ഭക്ഷണമാക്കി മാറ്റുക, വിഴുങ്ങുക എന്നുള്ളത്. കര്‍ത്താവിനുണ്ടായ രണ്ടാമത്തെ പരീക്ഷണവും നമുക്കെല്ലാവർക്കും അറിയാം. പ്രശസ്തി നേടാനുള്ള അമിത ആഗ്രഹം. ദേവാലയ ഗോപുരത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടുക. നമ്മുടെ സിനിമാലോകത്തിലും കളിക്കളത്തിലുമൊക്കെ പ്രത്യേകം അനുഗൃഹീതരായ ആളുകളുണ്ട്. ഒരു പക്ഷേ, ലോകം അവരിൽ ചിലരെയൊക്കെ താരപദവിയിലേക്ക് ഉയർത്തി ദൈവത്തേക്കാൾ ഉന്നതമായ സ്ഥാനത്തിരുത്തി ആരാധിക്കുന്നത് കാണാം. അതിന്‍റെ ഫലം എന്താണെന്നും നമുക്കറിയാം. മൂന്നാമത്തെ പരീക്ഷ അമിതമായ അധികാരമോഹം ആയിരുന്നു. ലോകത്തിലുള്ള സകല രാജ്യങ്ങളെയും തന്‍റെ കാൽക്കീഴാക്കുക, അതിന്‍റെ ഏകഛത്രാധിപതിയായി വിരാജിക്കുക. ഈ മൂന്ന് പരീക്ഷകളെയും കർത്താവ് വിജയിച്ചു.
പക്ഷേ നമ്മുടെ ആധുനികലോകം ഈ മൂന്നു പരീക്ഷകളിലും പരാജയപ്പെട്ടു എന്ന് തോന്നുന്നു. കാരണം ഇപ്പോഴുണ്ടായ പ്രതിസന്ധിയുടെ ഒരു പ്രധാനപ്പെട്ട കാരണം ഈ പരാജയമാണ്. അതുകൊണ്ട് നമുക്ക് ആശ്രയിക്കാൻ മറ്റൊന്നുമില്ല. നമ്മുടെ കർത്താവിന്‍റെ മാതൃകയിൽ നമ്മുടെ ജീവിതത്തെ പുനഃപരിശോധിക്കാൻ നമുക്ക് സാധിക്കണം. ഭക്ഷണം, സമ്പത്ത്, സുഖം, അധികാരം, പ്രശസ്തി എന്നീ കാര്യങ്ങളിലെല്ലാം നാം പുനർവിചിന്തനത്തിനു തയ്യാറാകണം. മരണത്തെ ഭയപ്പെടാതെ, പ്രത്യാശയോടെ നമുക്ക് കഴിയാം. അപകടകരമായ ചുറ്റുപാടുകളുടെ മുൻനിരയിൽ നമുക്കുവേണ്ടി അധ്വാനിക്കുന്ന എത്രയോ ആളുകളുണ്ട്. ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധസേവകരും തുടങ്ങി ഇന്ത്യയ്ക്കുള്ളിലും പുറത്തും നമ്മുടെ സഹോദരങ്ങൾ വളരെയേറെ കഷ്ടപ്പെടുന്നു. അവരെയെല്ലാം നിരന്തരം നമുക്ക് പ്രാർത്ഥനയിൽ ഓർക്കാം. ഈ ദിവസങ്ങൾ മധ്യസ്ഥപ്രാർത്ഥനയ്ക്കു വേണ്ടി നാം പ്രത്യേകമായി വിനിയോഗിക്കണം. രോഗികൾക്ക് സൗഖ്യവും, ഭയപ്പെട്ടിരിക്കുന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും, അവർക്ക് സേവനമനുഷ്ഠിക്കുന്നവർക്ക് ധൈര്യവും ബലവും നൽകണമേ എന്ന് ദൈവത്തിന്‍റെ സന്നിധിയിൽ നമുക്ക് കണ്ണുനീരോടെ പ്രാർത്ഥിക്കാം. സ്വർഗ്ഗീയ വൈദ്യനായ യേശുവേ, സൗഖ്യം നൽകുന്ന അവിടുത്തെ കരങ്ങൾ നിന്‍റെ സൃഷ്ടിയുടെ മേൽ ആവസിപ്പിക്കണമേ. പകർച്ചവ്യാധിയുടെ ഞരുക്കങ്ങളിലും ഭയത്തിലുമിരിക്കുന്ന ഞങ്ങളുടെ എല്ലാ സഹോദരങ്ങളെയും തൊട്ടു സൗഖ്യമാക്കണമേ. സന്തോഷത്തിന്‍റെയും സ്തോത്രത്തിന്‍റെയും മധുര ശബ്ദം വീണ്ടും കേൾക്കാൻ നിന്‍റെ സൃഷ്ടിയെ മുഴുവൻ അനുഗ്രഹിക്കണമേ. ആയത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവത്തിന്‍റെ തിരുനാമത്തിൽ തന്നെ. ആമ്മീൻ."
https://m.facebook.com/story.php?story_fbid=3955220094495971&id=100000240570018
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ