ഒരു വർഷത്തോളം ആസ്‌ട്രേലിയയിൽ കഴിയാനുള്ള അവസരം എനിക്ക് ലഭിച്ചു .ആസ്ടേലിയയിലെ ജനങ്ങളിൽ 60 ശതമാനം ക്രിസ്ത്യാനികൾ തന്നെ .30 ശതമാനം ജനങ്ങൾ മതരഹിതർ .രണ്ടര ശതമാനം മാത്രമാണ് മറ്റെല്ലാ മതങ്ങളിൽ പെട്ടവർ . ഈസ്ററർ ദിനത്തിൽ ക്രിസ്തുവിൻറെ സ്വന്തം നാട്ടുകാരായ സിറിയൻ വംശജർ ദേവാലയത്തിലെത്തിയവർക്ക് വീഞ്ഞു വിളമ്പുന്നത് കാണാൻ കഴിഞ്ഞു. അവിടെ മദ്യ വിൽപ്പന കേന്ദ്രങ്ങൾ സുലഭം . സ്ത്രീകളടക്കമുള്ളവർ മദ്യ വില്പന ശാലകളിൽ ചെന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നത് കണ്ടു. മദ്യ ലഭ്യത കൂടുതലാണെന്നതു കൊണ്ട് അമിതമായി മദ്യപിച്ച് തെരുവിൽ കൂത്താടുന്നവരെ എങ്ങും കാണാൻ കഴിഞ്ഞില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷ അവിടെ ഉറപ്പ് .യാതൊരു അസ്വാഭാവികതയും,എതിർപ്പും ഇത്തരം മദ്യ വില്പന കേന്ദ്രങ്ങൾക്ക് എതിരായി അവിടത്തെ ക്രൈസ്തവ സഭകൾ ഉയർത്താറില്ല .ക്രൈസ്തവർ എണ്ണത്തിൽ നിർണ്ണായക ശക്തി ആയ യൂറോപ്പിലോ ,ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലോ ഒന്നും നടപ്പിലാക്കാൻ കഴിയാത്ത മദ്യ നിരോധനം കേരളത്തിൽ നടപ്പിലാക്കണമെന്ന ക്രൈസ്തവ സഭകളുടെ ദുർ വാശി ബാലിശം തന്നെ .മദ്യലഭ്യത കുറക്കുകയല്ല മദ്യവിപത്തിനെതിരായ ബോധവൽക്കരണം തന്നയാണ് കൂടുതൽ ഫലവത്താകുക.ക്രൈസ്തവ സഭകൾ ആദ്യം ചെയ്യേണ്ടത് മദ്യപാനികളെയും,മദ്യവ്യാപാരികളെയും സഭാസമിതികളുടെ ഭാരവാഹികളാകുന്നതിൽനിന്നും വിലക്കട്ടെ.മദ്യപാനം സഭാകുറ്റമായി പ്രഖ്യാപിച്ച് വിലക്കു ലംഘിക്കുന്നവർക്കെതിരെ സഭാപരമായ നടപടി സ്വീകരിക്കൂ. മദ്യ വ്യാപാരികളിൽ നിന്നും നേർച്ചയായോ ,സംഭാവനയായോ പണം സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കൂ. എന്നിട്ടാവാം മദ്യ നി രോധനം .കൂട്ടത്തിൽ പറയട്ടെ ഞാൻ മദ്യത്തെ വെറുക്കുന്ന ആളാണ് .പക്ഷെ ഞാൻ അറിയുന്ന പള്ളി പ്രമാണിമാരിൽ ഭൂരിപക്ഷവും മദ്യപാനികളോ,മദ്യ വ്യാപാരികളോ ആണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും തിരുമേനിമാരേ..!
2017, ഏപ്രിൽ 24, തിങ്കളാഴ്‌ച
“അനന്യാസുമാരും, സഫീറമാരും” പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു
കൈസർക്കു ഉള്ളത് കൈസർക്കു നൽകൂ…! പിന്നീടാവാം വചന പ്രഘോഷണങ്ങൾ ”
ആദിമ ക്രൈസ്തവ സഭയില്‍ യഥാര്‍ത്ഥ സ്വത്ത് വിവരങ്ങൾ ക്രിസ്തു ശിഷ്യന്മാരുടെ മുമ്പില്‍ മറച്ചു വച്ചതിന് മരണ ശിക്ഷ ഏറ്റു വാങ്ങിയ ദമ്പതികളായിരുന്നു അനന്യാസും, സഫീറയും. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചു മരിച്ച ബൈബിള്‍ കഥാപാത്രങ്ങള്‍ മാത്രമല്ല അനന്യാസും സഫീറയും. സഭാവ്യത്യാസങ്ങളില്ലാതെ ബഹുഭൂരിപക്ഷം ക്രൈസ്തവ പുരോഹിതന്‍മാരില്‍ കൂടിയും ,സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കൂടിയും അനന്യാസുമാരും സഫീറമാരും ഇപ്പോഴും പുനര്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു.” റോമൻ ഭരണകൂടത്തിന് നികുതി കൊടുക്കണമോ എന്ന പരീശന്മാരുടെ ചോദ്യത്തിന് ഉത്തരമായി “ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം” എന്ന് കല്‍പ്പിച്ച ക്രിസ്തുവിന്‍റെ അഭിഷക്തരായ പൂരോഹിതരും,അവര്‍ നടത്തുന്ന സ്ഥാപനങ്ങളും ആദായനികുതി വകുപ്പില്‍ നിന്നും യഥാര്‍ത്ഥ വരുമാനം മറച്ചു വച്ച് വന്‍ തോതില്‍ ആദായ നികുതി വെട്ടിക്കുന്നതില്‍ വിരുതന്മാരാണെന്നതാണ് സത്യം.
ക്രൈസ്തവസഭകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,ആശുപത്രികളിലും മിനിമം കൂലി പോലും നല്‍കാതെ ,കൊടുക്കുന്ന കൂലി സംബന്ധിച്ച വ്യാജ കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നരാണ് ബഹു ഭൂരിപക്ഷം പുരോഹിതരും. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ സംബന്ധിച്ച് വ്യാജ റിപ്പോർട്ടുകളാണ് തൊഴിൽ കാര്യ വകുപ്പിന് ചുമതലക്കാരായ പുരോഹിത ശ്രേഷ്‌ഠർ നൽകുന്നതെന്നതാണ് സത്യം .
സഭകൾ നടത്തുന്ന സർക്കാർ എയ്‌ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്ന നിലയിൽ നല്ലൊരു വിഭാഗം ക്രൈസ്തവ പുരോഹിതർക്ക് ലഭിക്കുന്ന കൊഴുത്ത ശമ്പളവും, പെൻഷനും പുറമെ ,പുരോഹിത ജോലിക്കു ലഭിക്കുന്ന വരുമാനവും കൂടി ആദായ നികുതി വകുപ്പിന് സമർപ്പിക്കുന്ന വാർഷിക റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണെങ്കിലും,ബഹു ഭൂരിപക്ഷം മതപുരോഹിതരും ,ആത്മീയ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം അനന്യാസിനെയും സഫീറയെയും പോലെ ഒഴിവാക്കിയാണ് ആദായനികുതി വാർഷിക റിട്ടേൺ സമർപ്പിക്കുക .ധ്യാന ഗുരുക്കന്മാരും വചന പ്രഘോഷിതരും എല്ലാം ഉൾക്കൊള്ളുന്ന പുരോഹിത സമൂഹം അറിഞ്ഞുകൊണ്ട് നടത്തുന്ന ഇത്തരം നികുതി വെട്ടിപ്പിനെയും നിയമ ലംഘനത്തെയും എങ്ങിനെയാണ് മതങ്ങൾക്കും സഭകൾക്കും ന്യായീകരിക്കാൻ കഴിയുക.?
പുരോഹിത വൃത്തി ആത്മീയ പ്രവർത്തനത്തോടൊപ്പം പൊതുപ്രവർത്തനം കൂടിയാണ് .പൊതു പ്രവർത്തകർ തങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരം സംബന്ധിച്ച സത്യവാങ്മൂലം വർഷം തോറും പരസ്യപ്പെടുത്താൻ സർക്കാർ നിഷ്‌കർക്കിക്കുന്നതിനു സമാനം,മത പുരോഹിതർ തങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ വർഷം തോറും പരസ്യപ്പെടുത്തണമെന്നു നിഷ്‌കർക്കുന്നതിനു മതങ്ങൾ തയ്യാറാകുമോ ? എങ്കിൽ മാത്രമേ പുരോഹിതർക്കിടയിലെ കള്ള നാണയങ്ങളായ “അനന്യാസുമാരെയും സഫീറമാരെയും” കണ്ടെത്താൻ കഴിയൂ ..!