2023, ഏപ്രിൽ 23, ഞായറാഴ്‌ച

കേൾക്കുന്നില്ലേ, ജറുസലേം പുത്രിമാരുടെ ചോദ്യം - എം എം പൗലോസ്‌ എഴുതുന്നു

അരമനയിലേക്ക് ബിജെപി പോകുന്നതിൽ ഭയമുണ്ട്. ഭയം തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച്‌ അല്ല; മതനിരപേക്ഷ ഇന്ത്യയെക്കുറിച്ചാണ്. ഭാവിയെക്കുറിച്ച് മാത്രമല്ല ആശങ്ക. ഇന്ത്യയിൽ ആശങ്ക ഭൂതകാലത്തിൽനിന്ന് തുടങ്ങുന്നു. പ്രാചീനേന്ത്യ പൊതുവിലും ഗുപ്തഭരണകാലം വിശേഷിച്ചും സുവർണയുഗമായിരുന്നെന്നും അതിനുശേഷം 1206 സിഇയിൽ സുൽത്താനേറ്റ് ഭരണം സ്ഥാപിതമായതുമുതൽ മുഗൾ ഭരണത്തിന്റെ ഒടുക്കംവരെ ഇന്ത്യ അഭിമുഖീകരിച്ചത് അധഃപതനവും അരാജകത്വവും ജീർണതയും ഹിംസയുമാണെന്നുമാണ് ഹിന്ദുത്വഭാഷ്യം. ഗുപ്തന്മാരുടെ കാലത്തിനുശേഷം ഇന്ത്യക്ക്‌ ചരിത്രമില്ലെന്നാണ്‌ ഇവരുടെ പ്രഖ്യാപനം. ഏതാണ്ട് 1000 വർഷത്തെ ഇന്ത്യയുടെ ഭൂതകാലജീവിതം സഭാരേഖകളിൽനിന്നെന്നപോലെ സിലബസിൽനിന്ന് നീക്കുന്നു. വരുംതലമുറ പഠിക്കേണ്ടെന്ന് ഭരണകൂടം കൽപ്പിക്കുന്നതിൽ ചാൾസ് ഡാർവിനുണ്ട്, ജീവന്റെ ഉൽപ്പത്തിയുണ്ട്, നഥുറാം ഗോഡ്സെയുണ്ട്. എങ്ങോട്ടേക്കാണ് ഇവർ ഇന്ത്യയെ കൊണ്ടുപോകുന്നത്. കുരിശ് താങ്ങി മുതുകുവളഞ്ഞ്, ചാട്ടവാറടിയേറ്റ് തേങ്ങിത്തേങ്ങിപ്പോകുന്ന യേശുവിനോട് ജറുസലേം പുത്രിമാർ മാറത്തടിച്ചു ചോദിച്ചതും ഇതേ ചോദ്യമായിരുന്നു; ‘മകനെ... ഇവർ നിന്നെ എങ്ങോട്ടേക്ക് കൊണ്ടുപോകുന്നു?' യേശുവിനെ കൊണ്ടുപോയത് കാൽവരിയിലേക്ക്, ഇന്ത്യയെ കൊണ്ടുപോകുന്നത് ഗൗതം അദാനിയുടെ കാൽക്കീഴിലേക്ക്. അദാനിക്ക് പുനരുത്ഥാനവും ആർദ്രതയ്ക്ക് കുരിശുമരണവും വിധിക്കുന്നവരാണ് അരമനയിലെ അനുഗ്രഹം തേടിപ്പോകുന്നത്. ഇന്ത്യയിൽ വിശക്കുന്നവരുടെ എണ്ണം കൂടിവരുന്നു. വിശക്കുന്ന 121 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ 107–-ാമതാണ്‌. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ പരിശോധിച്ച് ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ 191 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ 132–-ാം സ്ഥാനത്താണ്. ഇന്ത്യയേക്കാൾ മുന്നിലാണ് ബംഗ്ലാദേശും ഭൂട്ടാനും. തൊഴിലവസരങ്ങൾ കൂടിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അനുഭവം മറ്റൊരുവഴിക്ക് നീങ്ങുന്നു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ 35,821 ഒഴിവിലേക്ക് അപേക്ഷിച്ചത് ഒന്നേകാൽലക്ഷംപേർ. ഹിമാചൽപ്രദേശ് സെക്രട്ടറിയറ്റിലെ 42 ശിപായികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 18,000. ഇതിൽ ഡോക്ടറേറ്റ്‌ ഉള്ളവർ നൂറുകണക്കിനായിരുന്നു. തൊഴിലില്ലാത്തവരുടെ നിരക്ക് ഇപ്പോഴും അസുഖകരമായ 6.57 ശതമാനത്തിൽ. എന്നിട്ടും, അഭിമാനിക്കാൻ പ്രധാനമന്ത്രി ആഹ്വാനംചെയ്തു. ഇസ്രയേലിലെ ഹെയ്ഫ തുറമുഖം ഗൗതം അദാനി വിലയ്‌ക്കു വാങ്ങിയത്രെ. 120 കോടി ഡോളറിന് ഇസ്രയേലിലെ ഈ രണ്ടാമത്തെ വലിയ തുറമുഖം അദാനി വാങ്ങിയതിനെ ‘അതിബൃഹത്തായ ചുവടുവയ്പ്'എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്‌. ‘രാമന്റെ രാജ്യം'ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിലൂടെയും ഇന്ത്യയിൽ വരാമല്ലോ. ഇസ്രയേൽ ഇപ്പോൾ ‘വംശീയ ജനാധിപത്യ'ത്തിന്റെ പാഠശാല. സംസ്കാരത്തിലും പൊതുവേദികളിലും ജൂതൻമാരുടെ ആധിപത്യം. നീതിന്യായ വ്യവസ്ഥയെയും മാറ്റിയെഴുതാൻ നെതന്യാഹു ഈയിടെ ഒരുങ്ങി. നാലു മാസമായി അവിടെ ജനങ്ങൾ തെരുവിലായിരുന്നു. ഒടുവിൽ നെതന്യാഹു തൽക്കാലം പിന്മാറി. നെതന്യാഹുവിനെ പാഠപുസ്തകമാക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആരാണ് അത്താണി. നെതന്യാഹു? അദാനി? വീർ സവർക്കർ? നാഥുറാം ഗോഡ്സെ? ഗോൾവാൾക്കർ?. ഇന്ത്യയുടെ സമ്പത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് അഞ്ചു ശതമാനം അതിസമ്പന്നർ. 67 കോടി മനുഷ്യരുടെ കൈയിലുള്ളത് രാജ്യത്തിന്റെ ഒരു ശതമാനംമാത്രം സമ്പത്ത്. ഇന്ത്യക്ക്‌ 119 ശതകോടീശ്വരന്മാർ. ശതകോടീശ്വരന്മാരുടെ വരുമാനം ഒരു പതിറ്റാണ്ടിനിടയിൽ പത്തിരട്ടി വർധിച്ചു. ശരാശരി ഇന്ത്യക്കാരന് ആവശ്യമുള്ള ചികിത്സപോലും കിട്ടുന്നില്ല. ചികിത്സാ ചെലവ് താങ്ങാനാകാതെ ജനകോടികൾ. കോവിഡിന്റെ കാലത്തുപോലും സമ്പത്തിന്റെ ഒഴുക്ക് തടയപ്പെട്ടില്ല. ഇക്കാലത്ത് ഇന്ത്യയിൽ പുതുതായി 55 പേർ ശതകോടീശ്വരന്മാരുടെ പട്ടികയിൽ എത്തി. ആ സമയംതന്നെ 23 കോടി ജനങ്ങൾ ദരിദ്രരായി. 636 പേർ ഓക്സിജൻ കിട്ടാതെ മരിച്ചു. ഓക്സിജൻ സിലിണ്ടറിന്റെ വില 8000 രൂപയിൽനിന്ന് 60,000 കടന്നു. അപ്പോൾ പ്രധാനമന്ത്രിയെ കാണാനില്ലായിരുന്നു. ഒലിവുമലയിൽ ഇരിക്കുമ്പോൾ യേശു പറഞ്ഞു; ‘എനിക്കു വിശന്നു, നിങ്ങൾ ഭക്ഷണം തന്നില്ല. ദാഹിച്ചു, കുടിക്കാൻ തന്നില്ല. നഗ്നനായിരുന്നു, വസ്ത്രം തന്നില്ല. രോഗിയായിരുന്നു, ശുശ്രൂഷിച്ചില്ല.' വിശക്കുന്നവന് ആഹാരം കൊടുക്കുന്നത്, ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നത്, നഗ്നന് വസ്ത്രം കൊടുക്കുന്നത്, രോഗിക്ക് മരുന്നുകൊടുക്കുന്നത് എനിക്ക് തരുന്നതിനു തുല്യമാണെന്ന് യേശു അനുയായികളോടു പറഞ്ഞു. ഇന്ത്യയിലെ കോടാനുകോടി മനുഷ്യർ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും യാചിക്കുന്നു. മഹാമാരിയോട് പൊരുതിയ ആശാവർക്കർമാർ ജീവന്റെ സുരക്ഷയ്‌ക്കും ജീവിക്കാനുള്ള പണത്തിനുംവേണ്ടി തെരുവിലിറങ്ങി. ലക്ഷക്കണക്കിനു കർഷകർ മാസങ്ങളോളം മിനിമംവില ഉറപ്പാക്കാൻ തലസ്ഥാന നഗരിയിൽ കിടന്നു. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആരാണ് അത്താണി. അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവരോ. ഭീകരവാദികളെന്ന് വിളിക്കുന്നവരോ. മാവോയിസ്റ്റുകളെന്ന് വിളിക്കുന്നവരോ. ‘തുക്ഡെ തുക്ഡെ ഗ്യാങ്' എന്നുവിളിക്കുന്നവരോ? മനുഷ്യരുടെ പാപമോചനത്തിനായി ‘ഇതാ എന്റെ രക്തം'എന്നാണ് കുരിശിൽ പിടഞ്ഞപ്പോൾ യേശു പറഞ്ഞത്. ഗുജറാത്തിലെ കൂട്ടക്കുരുതിയിലൂടെ ഭരണത്തിന്റെ പറുദീസയിലേക്ക് നടന്നവർ അരമനയിലേക്ക് വരുമ്പോൾ മടിയിൽ 30 വെള്ളിക്കാശിന്റെ തിളക്കമോ, അക്കൽദാമയുടെ ആധാരമോ? അരമനകളിലുള്ളത്‌ വിശ്വാസത്തിന്റെ ആചാര്യന്മാരാണ്, നാമനിർദേശപത്രിക സ്വീകരിക്കുന്ന റിട്ടേണിങ്‌ ഓഫീസർമാരല്ല. ഒരു സന്ദർശനത്തിന്റെ ഒറ്റമൂലികൊണ്ട് ഉണങ്ങിപ്പോകുന്ന മുറിവാണോ ഇന്ത്യയുടെ ആത്മാവിൽ വർഗീയശക്തികൾ ഏൽപ്പിച്ചിട്ടുള്ളത്. എങ്കിൽ എത്രയോ നല്ലത്. മതനിരപേക്ഷതയെന്നത് ഒരു സ്റ്റേജ് പെർഫോമൻസല്ല. അയൽക്കാരന്റെ മതത്തെ വെറുക്കാൻ പഠിപ്പിക്കുന്നവർ, അവരുടെ ഭക്ഷണത്തെ വിലക്കുന്നവർ, അവരുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നവർ ഒരുകൈ ഉടവാളിൽ ഉറപ്പിച്ചുപിടിച്ചാണ് മറുകൈ നീട്ടുന്നത്. പ്രണയത്തിൽ ലൗ ജിഹാദ് കണ്ടവർ, കൊറോണ വൈറസിൽ മതം കണ്ടവർ വരുന്നു അരമനകൾ തേടി. അടിസ്ഥാനപരമായ വീക്ഷണത്തിൽ ഇപ്പോഴും മാറ്റംവരുത്താത്തവരുടെ സന്ദർശനപ്പെരുമ ശവപ്പെട്ടിയിൽ സമർപ്പിക്കുന്ന ആദരാഞ്ജലിപ്പൂക്കളല്ലാതെ മറ്റെന്താണ്. ദൈവത്തിന് മനുഷ്യന്റെ കുപ്പായം ഒരുപക്ഷെ ഇണങ്ങിയേക്കാം. എന്നാൽ, മനുഷ്യന് ഒരിക്കലും ദൈവത്തിന്റെ കുപ്പായം ഇണങ്ങില്ല. രാജാവും പ്രവാചകനും എന്നും രണ്ടാണ്. മരുഭൂമിയിൽനിന്ന് സത്യം വിളിച്ചുപറയുന്നവനാണ് പ്രവാചകൻ. സിംഹാസനത്തിൽ അമർന്നിരിക്കുന്നവനാണ് രാജാവ്. ഇതിന്റെ കൃത്യമായ വേർതിരിവ് വേദപുസ്തകത്തിൽ യേശുക്രിസ്തു പറയുന്നു, ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും'. സീസറും ദൈവവും ഒന്നല്ല. വോട്ടു ചെയ്യുന്നത് ഏറ്റവും നല്ല ദൈവത്തെ കണ്ടെത്താനല്ല, ഏറ്റവും മികച്ച ഭരണത്തിനുവേണ്ടിയാണ്. ആത്മീയതയിലൂന്നി മതനിരപേക്ഷ ഹിന്ദുവിനെ സൃഷ്ടിക്കുകയായിരുന്നു മഹാത്മാഗാന്ധി. രാഷ്ട്രീയത്തിലെ അത്യസാധാരണമായ പരീക്ഷണമായിരുന്നു അത്. അധികാരത്തിലൂന്നി വർഗീയ ഹിന്ദുവിനെ സൃഷ്ടിക്കുകയായിരുന്നു ഹിന്ദുത്വശക്തികൾ. ഇറ്റലിയിലെ ഫാസിസ്റ്റ് സർവകലാശാലകളിൽ ഇതിന് മാതൃകകളുണ്ടായിരുന്നു. അവരുടെ വേഷവിതാനം പകർത്തി, അവരുടെ മനഃശാസ്ത്രം പകർത്തി, അവരുടെ ബോധനരീതി പകർത്തി ‘ആർഷഭാരതം'എന്നപേരിൽ അവതരിപ്പിച്ചു. ഈ ‘ആർഷഭാരതത്തിന്റെ' ധർമഭടൻ മഹാത്മാവിനോട് ചേർന്നുനിന്ന് ആ നെഞ്ചിലേക്ക് നിറയൊഴിച്ചു. ക്രിസ്ത്യാനി ആക്രമിക്കപ്പെടുമ്പോൾ, മുസ്ലിം ആക്രമിക്കപ്പെടുമ്പോൾ, ദളിതർ ആക്രമിക്കപ്പെടുമ്പോൾ, സിഖുകാർ ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യയാണ് ആക്രമിക്കപ്പെടുന്നത്. കാലങ്ങളായി ഇവിടെ ജനിച്ചുവളർന്നവരുടെ തലമുറയാണ് ആക്രമിക്കപ്പെടുന്നത്. ഇവിടത്തെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള, ഇവിടത്തെ റേഷൻ കാർഡിൽ പേരുള്ള പൗരന്മാരാണ് ആക്രമിക്കപ്പെടുന്നത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഒരു രാഷ്ട്രമാണ് പരാജയപ്പെടുന്നത്. രാഷ്ട്രം നയിക്കുന്നവരാണ് സമൂഹത്തെ ഛിന്നഭിന്നമാക്കുന്നത്. ഈ രാജ്യത്തിന്റെ അസ്ഥിവാരത്തിൽ മഹാത്മാവിന്റെ സ്പന്ദിക്കുന്ന ചിതാഭസ്മമുണ്ട്. വെടിയേറ്റ് മരിച്ചപ്പോൾ ആ ദുർബല ശരീരത്തിൽനിന്നും അവസാനമായി വീണ വാക്കുകൾ ‘ഹേ... റാം' എന്നായിരുന്നു. അയോധ്യയിലെ പള്ളിയുടെ അവസാന താഴികക്കുടവും പതിക്കുമ്പോൾ കർസേവകർ ആർത്തുവിളിച്ചതും രാമന്റെ പേരിലാണ് ‘ജയ് ശ്രീറാം'. ഏത് രാമനാണ് ശരി. ഏത് രാമരാജ്യമാണ് വരേണ്ടത്. ഗാന്ധിയുടെ ചോരയ്‌ക്ക് ആരുടെ ചോരയുമായാണ് സാമ്യം? കുരിശിൽ പിടഞ്ഞ ക്രിസ്തുവിന്റെ ചോര, കുരുതിക്കളങ്ങളിലെ കുറുനരികളുടെ നാവിലൂറുന്ന ചോര... അരമനകളിലേക്ക്‌ സംഘപരിവാർ സംഘങ്ങൾ എത്തുമ്പോൾ എല്ലാവരും ഇതെല്ലാം ഓർത്തിരുന്നെങ്കിൽ ... Read more: https://www.deshabhimani.com/articles/sanghparivar-agenda-bjp-church-visit/1086869

2023, ഏപ്രിൽ 16, ഞായറാഴ്‌ച

ബിജെപിയുടെ ക്രൈസ്‌തവ വിദ്വേഷം പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രധാനമന്ത്രിയായി ഒമ്പതു വർഷത്തിനു ശേഷം ആദ്യമാണ് ഇത്തരമൊരു സന്ദർശനം. അതേ ദിവസം ബിജെപി നേതാക്കൾ ക്രൈസ്തവസഭാ മേധാവികളെയും ക്രൈസ്തവരുടെ വീടുകളും സന്ദർശിച്ച് ഈസ്റ്റർ ആശംസ കൈമാറി.

ക്രൈസ്തവരോടുള്ള ബിജെപി നിലപാടിൽ പെട്ടെന്ന് മാറ്റം വന്നത് പലരെയും ആശ്ചര്യപ്പെടുത്തി. മാറ്റത്തിനുള്ള പ്രേരണ മോദി തന്നെ സൂചിപ്പിച്ചിരുന്നു. മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ബിജെപി ആസ്ഥാനത്തു നടന്ന യോഗത്തിൽ സംസാരിക്കവെ, ക്രിസ്ത്യൻ ആധിപത്യമുള്ള മേഘാലയയിലും നാഗാ ലാൻഡിലും വിജയിച്ചത് ക്രിസ്ത്യൻ സമൂഹത്തിന് ബിജെപിയെ സ്വീകാര്യമായതിന്റെ സൂചനയാണെന്നും വ്യക്തമാക്കി. ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്നും മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മേഘാലയയിലെയും നാഗാലാൻഡിലെയും ക്രിസ്ത്യൻ പിന്തുണയെ കുറിച്ചുള്ള അവകാശവാദം തന്നെ പൊള്ളയാണ്. മേഘാലയയിലെ 60 സീറ്റിൽ രണ്ടിടത്തു മാത്രം ജയിച്ച ബിജെപി നാഗാലാൻഡിലാകട്ടെ ഭരണസഖ്യത്തിലെ വെറും ജൂനിയർ പങ്കാളി മാത്രവുമാണ്.

ജനസംഖ്യയുടെ 45 ശതമാനം വരുന്ന മുസ്ലിങ്ങളെയും ക്രൈസ്തവരെയും വിശ്വാസത്തിൽ എടുക്കാതെ കേരളത്തിൽ നിലയുറപ്പിക്കാൻ ആകില്ലെന്ന്‌ ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്‌. മുസ്ലിം ജന വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്ന്‌ മനസ്സിലാക്കിയ ബിജെപി ജനസംഖ്യയുടെ 18 ശതമാനം വരുന്ന ക്രൈസ്തവർക്ക് ഇടയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയാണ്‌. അതിന്‌ അവർ ദ്വിമുഖ സമീപനമാണ്‌ സ്വീകരിച്ചത്‌. ഒന്നാമതായി ക്രിസ്‌ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച്‌ കേരളത്തിലെ സിറോ മലബാർ സഭ എന്നറിയപ്പെടുന്ന കത്തോലിക്കാ സഭയിൽ മുസ്ലിംവിരുദ്ധ വികാരം വളർത്താൻ ശ്രമിച്ചു. സമീപകാലത്ത്‌ ചില സഭാ നേതാക്കൾ ‘ലൗവ്‌ ജിഹാദി’നെതിരെ സംസാരിച്ചു. ഒപ്പം ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ചില സംഘടനകളുമായി സഹകരിച്ച്‌ ഒരു ക്രൈസ്‌തവ സംഘടന മുസ്ലിംവിരുദ്ധ പ്രചാരണം സൃഷ്ടിച്ചു. ക്രിസ്‌ത്യൻ–- മുസ്ലിം വേർതിരിവുണ്ടാക്കി നേട്ടമുണ്ടാക്കാമെന്നാണ്‌ ബിജെപിയും ആർഎസ്‌എസും പ്രതീക്ഷിക്കുന്നത്‌. ബിജെപി–-ആർഎസ്‌എസ്‌ രാഷ്ട്രീയവുമായി പൊരുത്തപ്പെടാത്ത ആരെയും ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും മോദി സർക്കാർ പരീക്ഷിച്ചതും നടപ്പാക്കുന്നതുമായ രീതിയാണ്‌ മറുവശം. ചർച്ച്‌ ഓഫ്‌ ഇന്ത്യയുടെ മോഡറേറ്റർ ബിഷപ് ധർമരാജ്‌, കെ പി യോഹന്നാൻ തുടങ്ങിയ വിവിധ സഭാനേതാക്കൾക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടത്തിയ അന്വേഷണം കേരളം കണ്ടതാണ്‌.

കത്തോലിക്കാ സഭയുടെ പരമോന്നനേതാവും എറണാകുളം–- അങ്കമാലി അതിരൂപത ആർച്ച്‌ ബിഷപ്പുമായ കർദിനാൾ ജോർജ്‌ ആലഞ്ചേരിക്ക് എതിരെയാണ്‌ ഇപ്പോൾ ഇഡിയുടെ അന്വേഷണം. അതിരൂപതയുടെ സ്വത്തുക്കൾ വിറ്റതിൽ ക്രമക്കേട്‌ ആരോപിച്ചാണ്‌ കള്ളപ്പണം വെളുപ്പിക്കലിന്‌ കേസ് എടുത്തിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) കർശനമായി നടപ്പാക്കുമെന്നതിന്റെ പേരിലും സമ്മർദം വർധിപ്പിച്ചിട്ടുണ്ട്‌. ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ പള്ളികൾക്ക്‌ ലഭിക്കുന്ന വിദേശ ധനസഹായം വെട്ടിക്കുറയ്‌ക്കാനും നിയന്ത്രിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഭീഷണികൾക്കു പുറമെ ഇത്തരം മാർഗങ്ങളിലൂടെ വിവിധ സഭകളിലെ നേതാക്കളെ മയപ്പെടുത്തിയ ശേഷമാണ്‌ ഇപ്പോൾ പുതിയ രീതി പ്രയോഗിക്കുന്നത്‌.

മോദിയുടെ കത്തീഡ്രൽ സന്ദർശനവും ബിജെപി നേതാക്കൾ കേരളത്തിലെ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരെ സന്ദർശിച്ച്‌ ചർച്ച നടത്തുന്നതും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. എന്നാൽ, ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ ബിജെപി ഭരണത്തിൻ കീഴിൽ സംഭവിക്കുന്ന കാര്യങ്ങൾ തികച്ചും വ്യത്യസ്‌തമാണ്‌. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ക്രിസ്‌ത്യൻ ആരാധനാലയങ്ങൾക്കും ക്രിസ്‌ത്യൻ സമൂഹത്തിനും എതിരായ ആക്രമണങ്ങൾ ക്രമാനുഗതമായി വർധിച്ചു. മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും ഹിന്ദു സമൂഹത്തിൽ നിന്നും അന്യരായി കാണുന്ന ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രത്തിൽ നിന്നാണ്‌ ക്രിസ്‌ത്യാനികൾക്കെതിരെ ശത്രുതയും ആക്രമണവും ഉൽഭവിക്കുന്നത്‌. ആർഎസ്‌എസിന്റെ രണ്ടാമത്തെ സർ സംഘചാലക്‌ എം എസ്‌ ഗോൾവാൾക്കർ പറഞ്ഞത്‌ മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ്‌ രാജ്യത്തിന്റെ മൂന്ന്‌ ആഭ്യന്തര ശത്രുക്കളെന്നാണ്‌.

ഇന്ത്യയിലെ ക്രിസ്‌ത്യൻ ജനസംഖ്യ ഒരു ചെറിയ ന്യൂനപക്ഷമാണ്‌. ദശാബ്ദങ്ങളായി അത്‌ കുറയുകയാണ്‌. 1971ൽ 2.53 ശതമാനമായിരുന്നത്‌ 1991ൽ 2.43ഉം 2001ൽ 2.34ഉം 2011ൽ 2.3 ശതമാനവുമായി. ഈ ചെറിയ ന്യൂനപക്ഷം രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോൾ ഉപരോധ സമാന സാഹചര്യമാണ്‌ നേരിടുന്നത്‌. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം (-യുസിഎഫ്) നടത്തിയ സർവേയിൽ 2022ൽ ക്രൈസ്‌തവർക്കെതിരായ ആക്രമണം വർധിച്ചു. 21 സംസ്ഥാനത്തായി 598 ആക്രമണം നടന്നു. 2018ൽ 292ഉം 2019ൽ 328ഉം. 2020ൽ കോവിഡ്‌ കാലത്തു പോലും 279 ആക്രമണം നടന്നു. 2021ൽ 505 കടന്നാക്രമണങ്ങൾ ഉണ്ടായി. 2022ലെ അവസാന മാസങ്ങളിൽ ഛത്തീസ്‌ഗഢിൽ ക്രിസ്‌ത്യൻ ആദിവാസികൾക്ക് എതിരെ വ്യാപകമായ ആക്രമണം നടന്നു. ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള ‘ജൻജാതി സുരക്ഷാമഞ്ച്‌’ എന്ന സംഘടന ദക്ഷിണ ഛത്തീസ്‌ഗഢിലെ മൂന്ന്‌ ജില്ലയിൽ ആക്രമണം സൃഷ്ടിക്കാൻ തുടർച്ചയായി ക്രിസ്‌ത്യൻവിരുദ്ധ പ്രചാരണം അഴിച്ചു വിട്ടു. ആക്രമണവും സാമൂഹിക ബഹിഷ്‌കരണവുംമൂലം ആയിരക്കണക്കിന്‌ ക്രൈസ്‌തവർ അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായി. ക്രിസ്‌ത്യൻ ആദിവാസികൾക്ക് എതിരായ ആക്രമണങ്ങളെ കുറിച്ച്‌ പ്രദേശം സന്ദർശിച്ച സിപിഐ എം പ്രതിനിധിസംഘം സമഗ്രമായ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌. ക്രിസ്‌ത്യൻ ആദിവാസികളെ പട്ടികവർഗ സംവരണത്തിൽ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള ആദിവാസി സംഘടന നടത്തുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഛത്തീസ്‌ഗഢിലെ ആക്രമണങ്ങളെ കാണേണ്ടത്‌. ക്രിസ്‌തുമതം സ്വീകരിച്ച ആദിവാസികൾക്ക്‌ സംവരണത്തിന്‌ അർഹതയില്ലെന്നാണ്‌ ഇവരുടെ വാദം. ഇത്‌ അംഗീകരിച്ചാൽ വടക്കു കിഴക്കൻ പ്രദേശത്തെ ക്രിസ്‌ത്യാനികളായ ഗോത്രവർഗ വിഭാഗങ്ങൾക്ക്‌ എസ്‌ടി പദവി നഷ്ടപ്പെടും.

നിർബന്ധിത മതപരിവർത്തനം ആരോപിക്കലാണ്‌ ക്രിസ്‌ത്യാനികൾക്ക് എതിരെയുള്ള ആക്രമണത്തിന്റെ മറ്റൊരു രൂപം. കർണാടകത്തിൽ 2022 സെപ്‌തംബറിൽ ‘മത സ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ നിയമം’ എന്നപേരിൽ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവന്നു. മതം മാറിയ വ്യക്തിയുടെ കുടുംബത്തിന്‌ പുറത്തുള്ളവരുടെ പരാതിയിൽ പുരോഹിതരെ നിർബന്ധിത മതപരിവർത്തനമെന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്‌ത്‌ ജയിലിൽ അടയ്‌ക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്‌. ഈ കരിനിയമത്തിന് എതിരെ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കേന്ദ്രത്തിലെ ബിജെപി ഭരണാധികാരികളുടെ തുടർച്ചയായ സമ്മർദം മൂലം കേരളത്തിൽ തലശേരി അതിരൂപത ആർച്ച്‌ ബിഷപ് ജോസഫ്‌ പാംപ്ലാനിയെ പോലുള്ള ചില സഭാനേതാക്കൾ വഴങ്ങുകയും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുകയും ചെയ്‌തു. തനിക്കെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ നൽകിയ ഹർജി അടുത്തിടെ തള്ളിയതോടെ കർദിനാൾ ജോർജ്‌ ആലഞ്ചേരി പോലും നിലപാട്‌ മാറ്റി. ഈസ്റ്റർ ദിനത്തിൽ നൽകിയ അഭിമുഖത്തിൽ മോദി നല്ല നേതാവാണെന്നും ബിജെപി ഭരണത്തിൽ ക്രൈസ്‌തവർ സുരക്ഷിതരാണെന്നുമാണ്‌ പറഞ്ഞത്‌. ചില സഭാ നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ സഭയുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള അഭിപ്രായമായി കാണാനാകില്ല. കത്തോലിക്കാ സഭയിലെ ചില വിഭാഗങ്ങൾ പാംപ്ലാനിയുടെ വീക്ഷണങ്ങളെ എതിർത്തിട്ടുണ്ട്‌. കേരള സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മതനിരപേക്ഷ ഘടനയുടെ ഭാഗമാണ്‌ ക്രിസ്‌ത്യാനികൾ. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ക്രൈസ്‌തവ വിരുദ്ധ മനോഭാവത്തെക്കുറിച്ചും രാജ്യത്താകെയുള്ള ക്രൈസ്‌തവരുടെ ജീവിതാനുഭവങ്ങളെ കുറിച്ചും അവർക്ക്‌ നല്ല ബോധ്യമുണ്ട്‌. ബിജെപിയുടെയും ഹിന്ദുത്വ ശക്തികളുടെയും ഈ കുതന്ത്രങ്ങളെ ചെറുക്കാൻ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആവശ്യമായതെല്ലാം ചെയ്യുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു.


Read more: https://www.deshabhimani.com/articles/pd-editorial-modis-church-visit/1086290