ഇതോടൊപ്പമുള്ള ചിത്രം കേരള ചരിത്രത്തിലെ ഒരുകാലത്തും മറന്നുകൂടാത്ത ഒന്നാണ്. വിമോചന സമരത്തിലെ കുപ്രസിദ്ധമായ
"തെക്കു തെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭർത്താവില്ലാനേരത്ത്
ഫ്ലോറി എന്നൊരു ഗർഭിണിയെ
ചുട്ടുകരിച്ചൊരു സർക്കാരേ..." എന്ന മുദ്രാവാക്യത്തിന് അടിസ്ഥാനമായ സംഭവത്തിന്റെ ചിത്രമാണ് ഇത്. മരിച്ച ഫ്ലോറിയുടെ ശരീരത്തിന് സമീപം അലമുറയിടുന്ന ഭർത്താവും ബന്ധുക്കളും. കരളലിയിക്കുന്ന ഈ ചിത്രമായിരുന്നു വിമോചന സമരാഭാസത്തിന്റെ ഐക്കൺ പോസ്റ്റർ. ഇതുപോലൊരു ചിത്രത്തിനുവേണ്ടി ദാഹിക്കുകയാണ് ഇന്ന് വിഴിഞ്ഞത്തെ ചില പാതിരിമാരും അവിടത്തെ ലത്തീൻ സഭയും. ആരെ കൊലയ്ക്കു കൊടുത്തിട്ടായാലും സ്വന്തം താത്പര്യങ്ങളും ചില യജമാനന്മാരുടെ താത്പര്യങ്ങളും സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്ന് കേരളചരിത്രം തന്നെ സാക്ഷി.
1959 ജൂലൈ മൂന്നിന് തിരുവനന്തപുരത്ത് ചെറിയതുറയിലെ വെടിവെപ്പിൽ അഞ്ചു കുട്ടികളുടെ മാതാവും ഗർഭിണിയുമായ ഫ്ളോറിയടക്കം മൂന്നുപേർ മരിച്ചു.
ഈ സംഭവത്തെക്കുറിച്ച് 2007 നവംബർ 16-ലെ മനോരമയിൽ ഫ്ളോറിക്കു നേരെ കാഞ്ചിവലിച്ച നാരായണൻ നായർ എന്ന പോലീസുകാരൻ അഞ്ചു പതിറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം നൽകിയിട്ടുണ്ട്. (അത് പ്രസിദ്ധീകരിക്കാൻ മനോരമയ്ക്ക് 2007 എത്തേണ്ടിവന്നു.)
"നെയ്യാറ്റിൻകര സ്റ്റേഷനിലേക്ക് ഒരു സെക്ഷൻ പൊലീസിനെ ഉടനേ അയയ്ക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട് വിളിച്ചു പറഞ്ഞു. പലയിടത്തും കുഴപ്പങ്ങളാണ്. തിരുവനന്തപുരത്തെ നന്ദാവനം എ ആർ ക്യാംപിൽ നിന്ന് ഞങ്ങൾ 19 പേർ പുറപ്പെട്ടു. നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നു പൊലീസുകാർ പലയിടത്തായി പിരിഞ്ഞു. വണ്ടിയിൽ ഞങ്ങൾ ഏഴുപേർ. റൈഫിളുമായി എ ആറിൽ നിന്നു നാലു പേർ, ലോക്കലിൽ നിന്ന് ഒരു പോലീസുകാരൻ, എ ആറുകാരിൽ സീനിയർ ഞാനായിരുന്നു. വിഴിഞ്ഞം പള്ളം സ്കൂളിന് നൂറുവാര ഇപ്പുറം വണ്ടി ഇട്ടു. പള്ളിയും അടുത്താണ്. ജോർജെന്നോ മറ്റോ ആയിരുന്നു. എസ് ഐയുടെ പേര്. അദ്ദേഹം നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നുവന്ന ആളായതിനാൽ പള്ളീലച്ചനെ കണ്ടിട്ടു വരാമെന്നുപറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി. പക്ഷേ വണ്ടി വന്നപ്പോൾ തന്നെ എങ്ങുനിന്നോ പത്തിരുന്നൂറ് ആളുകൾ ഓടിക്കൊണ്ടു വന്നു. പിന്നെ കാണുന്ന കാഴ്ച എസ് ഐ ആൾക്കൂട്ടത്തിൽ മുങ്ങിപ്പോകുന്നതാണ്. ജനം ആർത്തു കൂടുകയാണ്. ഞങ്ങൾ അക്രമത്തിനു വന്നവരല്ലായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ ഒറ്റ നേതാക്കളില്ല. പള്ളിയിൽ കൂട്ടമണി മുഴങ്ങി. ദൂരെനിന്ന് ഓടിവരുന്ന ആളുകളുടെ എണ്ണം കൂടി. സംഗതി പന്തിയല്ലെന്നു മനസ്സിലായി. എസ് ഐയുടെ നേർക്ക് അവർ വലയെറിഞ്ഞു. വണ്ടിക്കകത്തിരിക്കുന്ന എ ആറിലെ മറ്റ് മൂന്നു പോലീസുകാരുടെയും കൈയിലിരുന്ന റൈഫിൾ കിടുകിടെ വിറയ്ക്കുകയാണ്. ആയിടെ കയറിയ പയ്യന്മാരാണ്. നേരെ ചൊവ്വേ തോക്ക് നെഞ്ചോട് ചേർത്തു വയ്ക്കാൻ
പോലും പഠിച്ചിട്ടില്ല. പിന്നെ ആകെയുള്ളത് ഞാനാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടിയിൽ നിന്നു വെളിയിലേക്കിറങ്ങി. നിലത്തു കാലുകുത്തിയതും നാലു ഭാഗത്തുനിന്നും വെടിയുണ്ടപോലെ കല്ലുകൾ എവിടെയൊക്കെയോ വന്ന് കൊള്ളുന്നുണ്ടായിരുന്നു. അന്ന് ഹെൽമെറ്റ് ഇല്ല. തൊപ്പിയും അരനിക്കറും. വലയിൽ കെട്ടിയിരുന്ന ഉരുളൻ കല്ലുകളാണ് പാഞ്ഞു വരുന്നത്. ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവച്ചു. ജനം നൂറടി അകലെ വരെയെത്തി. പിച്ചിച്ചീന്താനുള്ള വരവാണ്. പിന്നെ ചിന്തിക്കാനൊന്നുമില്ലായിരുന്നു. പിന്നെ മൂന്നുചുറ്റ് ജനക്കൂട്ടത്തിനുനേരെ വെടിവച്ചു. രണ്ടുപേർ വീഴുന്നത് ഓർമയുണ്ട്. ആണാണോ പെണ്ണാണോ എന്നൊന്നും തിട്ടമില്ലായിരുന്നു. രണ്ടാമത്തെ വെടി വന്നപ്പോൾത്തന്നെ ആളുകൾ ഭയന്നു. മൂന്നാമത്തെ വെടി കഴിഞ്ഞപ്പോൾ നാലു ഭാഗത്തേക്കും ചിതറിയോടി.
അതോടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെട്ട് എസ് ഐ ഓടി വണ്ടിയിൽ തിരിച്ചെത്തി... വീണ്ടും ജനം പിന്നിൽ ഒരുമിക്കുന്നു. വീണ്ടും കല്ലേറ്. പിന്നൊന്നും ചിന്തിക്കാതെ ഡ്രൈവർ വണ്ടി മുന്നോട്ടു വിട്ടു. കുറേദൂരം ചെന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. റോഡിനു കുറുകെ കടലിൽ പോകുന്ന ചാളത്തടി നിരത്തി വച്ചിരിക്കുന്നു. ജീവിതം അവിടെ ഓടിത്തീർന്നെന്നു തോന്നി. ഡ്രൈവർ വണ്ടി മുന്നോട്ട് എടുക്കുന്നത് കണ്ടു. വണ്ടി മറിയുംപോലെ ഒന്നു കുലുങ്ങി. ഈരണ്ടു തടി ചേർത്തുവച്ച നാല് ചാളത്തടിയുടെയും മുകളിലൂടെ വണ്ടി മുന്നോട്ടു പോയി. ചാലത്തടികൾ അടുപ്പിച്ചിട്ടതുകൊണ്ടാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. മാറ്റി ഇട്ടിരുന്നെങ്കിൽ കുടുങ്ങിപ്പോയേനേ. നെയ്യാറ്റിൻകര സ്റ്റേഷനു മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ് ശ്വാസംവീണത്. അപ്പോഴാണ് സ്വന്തം ദേഹത്തേക്ക് നോക്കിയത്. മുട്ടിനും നെഞ്ചിലും കാലിലുമൊക്കെ വലിയ മുറിവുകൾ. എങ്ങനെ വീഴാതെ നിന്നു എന്നത് ഇന്നും അത്ഭുതമായി തോന്നുന്നു. മുപ്പതു ദിവസമാണ് ആശുപത്രിയിൽ കിടന്നത്. ആശുപത്രിയിൽ കിടന്നപ്പോഴാണ് കൊല്ലപ്പെട്ടത് ഒരു ഗർഭിണിയായിരുന്നു എന്നു മനസ്സിലായത്. സങ്കടം തോന്നി. പിന്നെ ചെയ്തത് തൊഴിലാണല്ലോ എന്നു സ്വയം സമാധാനിച്ചു. പക്ഷേ ഫ്ളോറി വീട്ടിനു മുന്നിൽ നിന്നപ്പോഴായിരുന്നു വെടി കൊണ്ടത് എന്ന പ്രചാരണം ശരിയാണെന്നത് വിശ്വാസം പോര. നേരെ തന്നെയായിരുന്നു വെടിവെച്ചത്. കുട്ടമണി കേട്ട് ഓടി വന്നതാകാം."
ഈ സംഭവത്തെ പൊടിപ്പും തൊങ്ങലും വച്ചു പ്രചരിപ്പിക്കാൻ പത്രങ്ങൾക്കായി. ഈ ചിത്രം കേരളത്തിലും പുറത്തും നന്നായി പ്രചരിപ്പിച്ചു. ദീപികയും മനോരമയും മത്സരിച്ചാണ് പ്രചരണം നടത്തിയത്.
വിമോചന സമരത്തിലെ ഏറ്റവും പ്രചാരമുള്ള മുദ്രാവാക്യമായി അതിനെ മാറ്റിയെടുത്ത സത്യാനന്തര നിർമ്മിതിക്ക് വളരെ പിന്നീട്, സമരത്തിനൊക്കെ ശേഷം വിമോചന സമരനേതാവായിരുന്ന ഫാദർ വടക്കൻ പറഞ്ഞതിൽ അതിന്റെ സത്യമുണ്ടായിരുന്നു.
"വെട്ടുകാടും മറ്റും നടന്ന വെടിവയ്പുകളുടെ പശ്ചാത്തലം ഞാൻ ശരിക്ക് പഠിച്ചിട്ടില്ല, എന്നാൽ ഒരുകാര്യം സത്യമാണ്. കമ്മ്യൂണിസ്റ്റുകാരും വിമോചനസമരക്കാരും അങ്ങോട്ടുമിങ്ങോട്ടും പല ഏറ്റുമുട്ടലുകൾ നടത്തിയെങ്കിലും പോലീസ് പൊതുവിൽ നിഷ്പക്ഷതയും നിത്യജാഗ്രതയുമാണ് മിക്കസ്ഥലത്തും കാണിച്ചിരുന്നത്. എല്ലാ പ്രകോപനങ്ങളെയും അവർ ക്ഷമയോടെ സമീപിച്ചു."
2022ൽ ഒരു വിമോചന സമരാവർത്തനം സ്വപ്നം കാണുന്നവരെ നയിക്കുന്നത് എന്ത് വികാരമാണെന്നറിയില്ല. പക്ഷേ, വലിയൊരു തയ്യാറെടുപ്പും ഗൂഡാലോചനയും നടത്തുന്ന ഒരു കുറുക്കൻ കൂട്ടം അതിനുപിന്നിലുണ്ടെന്ന് ന്യായമായും ഊഹിക്കാം.
ഇത്തരം ചിത്രങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സർക്കാരിന്റെയും പോലീസിന്റെയും ജാഗ്രതയും സംയമനവും ഒരു ദൗർബല്യമായിക്കണ്ട് മുന്നോട്ടുപോകുന്നവർക്ക് കുറച്ച് ചരിത്രബോധമുണ്ടായാൽ അവർക്ക് നല്ലത്; നാടിനും.