പമ്പാനദിയില്‍ ആദ്യം വഞ്ചിയോടട്ടെ, പിന്നീടാകാം വിമാനമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത പറഞ്ഞു. വികസനത്തിന് എതിരല്ല, എന്നാല്‍ മനുഷ്യ ജീവിതം അസാധ്യമാക്കുന്ന വികസനം അംഗീകരിക്കാനാവില്ല. ജന്മദിന ആശംസ നേരാന്‍ മാരാമണ്‍ അരമനയിലെത്തിയ കവി സുഗതകുമാരിയോടാണ് വലിയ മെത്രാപോലീത്ത മനസ്സുതുറന്നത്. തൊണ്ണൂറ്റിയേഴാം വയസ്സിലേക്ക് കടന്ന മാര്‍ ക്രിസോസ്റ്റത്തിന് ദീര്‍ഘായുസ്സ് നേരാന്‍ ശനിയാഴ്ച പകല്‍ 12.30നാണ് സുഗതകുമാരി എത്തിയത്. പമ്പാനദി കണ്ടിട്ട് സഹിക്കുന്നില്ലെന്നും ഇത് അഴുക്കുചാലായി മാറിയെന്നും പറഞ്ഞാണ് അവര്‍ സംഭാഷണത്തിന് തുടക്കമിട്ടത്. ബാല്യത്തില്‍ പമ്പയില്‍ കുളിച്ചിരുന്ന ഓര്‍മകള്‍ ക്രിസോസ്റ്റം പങ്കുവച്ചു. മീനും വെള്ളവുമൊഴിച്ച് മറ്റെല്ലാം പമ്പയിലുണ്ടെന്ന് തിരുമേനി സരസമായി പറഞ്ഞു. തുടര്‍ന്ന് ആയിരക്കണക്കിനേക്കര്‍ പാടശേഖരവും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകുന്ന വിമാനത്താവളത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എ കെ ആന്റണിയെ കണ്ടപ്പോള്‍ മനുഷ്യനെ നശിപ്പിച്ച്് വികസനം പാടില്ലെന്ന തന്റെ അഭിപ്രായം പറഞ്ഞു. മറ്റെവിടേക്കെങ്കിലും ഇത് മാറ്റരുതോ എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. നിരവധി അനുവാദങ്ങള്‍ കിട്ടിയതായും മറ്റൊരു സ്ഥലത്ത് ഇനിയും അനുവാദം കിട്ടാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ആന്റണി മറുപടി പറഞ്ഞത്. ആറന്മുളയില്‍ വയലുകള്‍ നികത്തില്ലെന്നത് പച്ചക്കള്ളമാണെന്നും ഇതിനകംതന്നെ തോടുകളടക്കമുള്ള തണ്ണീര്‍ത്തടങ്ങളാണ് നികത്തിയതെന്നും സുഗതകുമാരി വ്യക്തമാക്കി.